Articles
ക്ഷേത്രക്കൊള്ള; ആളിക്കത്തുന്നത് എന്തിനായിരിക്കും?
നരേന്ദ്ര മോദിയുടെ വിശ്വസ്തനായ നൃപേന്ദ്രമിശ്ര ചാനലുകള്‍ തോറും കയറി രാമക്ഷേത്രത്തിലെ കൊള്ളയെ കുറിച്ച് വിവരിക്കുകയാണ്. ആര്‍ എസ് എസിന്റെയും വി എച്ച് പിയുടെയും പ്രമുഖ നേതാക്കള്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന വിവരങ്ങളാണ് നൃപേന്ദ്രമിശ്ര ചാനലുകളിലൂടെ പരസ്യപ്പെടുത്തുന്നത്. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മോദിയുടെ നീക്കമാണ് നൃപേന്ദ്രമിശ്രയുടെ വെളിപ്പെടുത്തലിലൂടെ പ്രകടമാകുന്നത്.
വര്‍ഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണം ഇപ്പോള്‍ ആളിക്കത്തുന്നത് എന്തുകൊണ്ടായിരിക്കും? ഉത്തരം ലളിതമാണ്. യു പി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യമാണ്. യോഗി ആദിത്യനാഥ് ഒരിക്കല്‍ കൂടി സംസ്ഥാന മുഖ്യമന്ത്രിയാകുന്നത് തടയണം. ബി ജെ പിയിലെ അണിയറപ്പോര് പുറത്തെത്തുകയാണ്.
യോഗി ആദിത്യനാഥ് തങ്ങള്‍ക്കു മുകളില്‍ വളരുമോ എന്ന ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും ഉള്ളതായി വാര്‍ത്തയുണ്ടായിരുന്നു. 2017ല്‍ ആദ്യമായി യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് മോദിയുടെയും അമിത് ഷായുടെയും വിയോജിപ്പ് മറികടന്നായിരുന്നു. മോദിയും അമിത് ഷായും നിര്‍ദേശിച്ചത് ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്ന കേശവ് പ്രസാദ് മൗര്യയുടെ പേരായിരുന്നു. എന്നാല്‍ ഗൊരഖ്പൂര്‍ മഠത്തിലെ മഹന്തും മുന്‍ എം പിയുമായിരുന്ന യോഗി ആദിത്യനാഥ് ആര്‍ എസ് എസിന്റെ ആശിര്‍വാദത്തോടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതോടെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ യോഗി ഹിന്ദുത്വത്തിന്റെ പ്രധാന മുഖമായി മാറുകയും ചെയ്തു. മോദിക്ക് ശേഷം അമിത് ഷാ എന്ന പേരിനോടൊപ്പം യോഗി ആദിത്യനാഥിന്റെ പേരും കടന്നുവന്നു.
ആര്‍ എസ് എസ് ശതാബ്ദി ആഘോഷത്തിന്റെ നിറവിലാണ്. രാജ്യം ഭരിക്കുന്നത് ആര്‍ എസ് എസിന്റെ രാഷ്ട്രീയ മുഖമായ ബി ജെ പിയാണ്. ബി ജെ പിയെ അധികാരത്തിലെത്തിച്ചതില്‍ രാമജന്മഭൂമി പ്രസ്ഥാനത്തിനുണ്ടായിരുന്ന പങ്ക് വലുതാണ്. രാമക്ഷേത്രത്തിന് ഭക്തര്‍ നല്‍കിയ കോടികളുടെ വഴിപാടുകള്‍ തട്ടിയെടുത്തു എന്ന വെളിപ്പെടുത്തല്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് സംഘ്പരിവാര്‍ സംഘടനകളെയാണ്. ഈ സംഭവം സംഘ്പരിവാര്‍ സംഘടനകളുടെ വിശ്വാസ്യതയെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്നതാണ്. മുഗളന്മാരെയും ടിപ്പുസുല്‍ത്താനെയും ക്ഷേത്രക്കൊള്ളക്കാരായി ചിത്രീകരിച്ച് ഹൈന്ദവ വികാരം ഇളക്കി വിട്ട് അധികാരത്തിലെത്തിയവര്‍ക്ക് സ്വന്തം അണികള്‍ക്കു മുമ്പില്‍ മുണ്ടഴിഞ്ഞുവീണ നിലയില്‍ നില്‍ക്കേണ്ടിവന്നത് കാവ്യ നീതിയായിരിക്കാം.
അയോധ്യയിലെ രാമക്ഷേത്രത്തിലെ കൊള്ള ഹിന്ദു സമൂഹത്തിന്റെയും രാമഭക്തരുടെയും വികാരങ്ങളെയും വിശ്വാസങ്ങളെയും വല്ലാതെ വ്രണപ്പെടുത്തി എന്നാണ് ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബളെ പറയുന്നത്. ഈ കൊള്ള നടത്തിയവര്‍ സ്വന്തക്കാരാണ് എന്ന കാര്യം ആര്‍ എസ് എസ് നേതാവ് തുറന്നു പറഞ്ഞില്ല. വിശ്വാസികളുടെ വികാരം ചൂഷണം ചെയ്ത് രാജ്യത്തെ മതേതരത്വത്തിന് കോടാലി വെക്കാന്‍ നേതൃത്വം നല്‍കിയവര്‍ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തി എന്ന് വിലപിക്കുകയാണ്. ബാബരി മസ്ജിദ് തകര്‍ക്കാനും ക്ഷേത്രം പണിയാനും ഓടി നടന്നവര്‍ തന്നെയാണ് ഭക്തരുടെ പണം കൊള്ളയടിച്ചതെന്ന് വ്യക്തമായിട്ടും ആര്‍ എസ് എസ് നേതാവ് കട്ടവര്‍ക്കു നേരെ വിരല്‍ ചൂണ്ടാതെ ഇരവാദം ഉന്നയിക്കുകയാണ്. “ദൗര്‍ഭാഗ്യകരമായ സംഭവത്തെ ഉപയോഗപ്പെടുത്തി ഹിന്ദുമതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ഹിന്ദുവിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ ശക്തികളുടെ ഗൂഢാലോചനകളെ പരാജയപ്പെടുത്തണ’മെന്ന പ്രസ്താവന ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ഹൊസബളെ തുടരുമ്പോള്‍ ആര്‍ എസ് എസ് നേതാവ് യഥാര്‍ഥ പ്രതികളെ മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്.
ക്ഷേത്രക്കൊള്ളയുടെ ധാര്‍മികവും അല്ലാത്തതുമായ ഉത്തരവാദിത്വത്തില്‍ നിന്ന് ആര്‍ എസ് എസിന് കൈ കഴുകാനാകില്ല. രാമ മന്ദിര്‍ തീര്‍ഥ ക്ഷേത്ര ട്രസ്റ്റിലെ മുഴുവന്‍ അംഗങ്ങളും ആര്‍ എസ് എസ്, വിശ്വഹിന്ദു പരിഷത്ത് (വി എച്ച് പി) പശ്ചാത്തലമുള്ളവരാണ്. (ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ട്രസ്റ്റില്‍ അംഗത്വം നല്‍കിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്). വഴിപാടുകള്‍ കൈകാര്യം ചെയ്യുന്നത് രാമ മന്ദിര്‍ തീര്‍ഥ ക്ഷേത്ര ട്രസ്റ്റാണ്. ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത് റായി വി എച്ച് പിയുടെ പ്രമുഖനാണ്. ആര്‍ എസ് എസിന്റെ പ്രചാരകനായിരുന്ന റായി പിന്നീട് വിശ്വഹിന്ദു പരിഷത്തിന്റെ ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് 2018ല്‍ വി എച്ച് പിയുടെ അന്താരാഷ്ട്ര വൈസ് പ്രസിഡന്റായും നിയമിതനായി. പ്രവീണ്‍ തൊഗാഡിയ നേതൃസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ വിശ്വഹിന്ദു പരിഷത്തിന്റെ മുഖമായി റായി അറിയപ്പെട്ടു. രാമക്ഷേത്ര ധനാപഹരണ ആരോപണത്തെ തുടര്‍ന്ന് ചമ്പത് റായി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. കൂടെ അഡ്മിനിസ്‌ട്രേറ്റര്‍ ഗോപാല്‍ റാവുവും ട്രസ്റ്റി അനില്‍ മിശ്രയും രാജിസമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ അവധ് മേഖലയിലെ ആര്‍ എസ് എസിന്റെ പ്രവിശ്യാ സഹകാരിയാണ് മിശ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ജനുവരിയില്‍ നടത്തിയ രാമക്ഷേത്ര സമര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് അനില്‍ മിശ്രയായിരുന്നു.
രാമക്ഷേത്ര നിര്‍മാണ ഘട്ടം മുതല്‍ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട ആരോപണം അതിലൊന്നാണ്. ഒരു കോടി രൂപക്ക് വാങ്ങിയ ഭൂമി ട്രസ്റ്റ് ഭാരവാഹികള്‍ ഏതാനും മിനുട്ടുകള്‍ക്കകം എട്ടരക്കോടി രൂപക്ക് മറിച്ചു വില്‍പ്പന നടത്തിയത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ക്ഷേത്രനിര്‍മാണത്തിലും അഴിമതി നടന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കാണിക്ക പണം എണ്ണുന്ന മുറിയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ ഡ്രൈവര്‍ ടിന്നു യാദവാണ്. ടിന്നു യാദവ് ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലാണ്. രാമക്ഷേത്ര നിര്‍മാണ തുടക്കത്തില്‍ ക്ഷേത്ര ട്രസ്റ്റിന്റെ മുഖ്യ അക്കൗണ്ടന്റായ മഹിപാല്‍ സിംഗ് ക്ഷേത്ര നിര്‍മാണ സമയത്ത് നടന്ന സാമ്പത്തിക അഴിമതിയെക്കുറിച്ച് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടുന്നതിന് പകരം അവരെ ചൂണ്ടിക്കാട്ടിയ മഹിപാല്‍ സിംഗിനെ അക്കൗണ്ടന്റ്സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. രാമക്ഷേത്ര ദര്‍ശനത്തിന്റെ ചുമതലയുള്ള ഗോപാല്‍ റാവുവിനെയും സിംഗ് വിവരം ധരിപ്പിച്ചിരുന്നു. ഗോപാല്‍ റാവു ആര്‍ എസ് എസ് പ്രചാരകനും വി എച്ച് പി സെക്രട്ടറിയുമാണ്. അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.
ഇപ്പോള്‍ ആരോപണം ഉയര്‍ന്നു വന്നപ്പോഴും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യം ശ്രമിച്ചത് ആരോപണത്തെ പ്രതിരോധിക്കാനാണ്. തുടക്കത്തില്‍ എഫ് ഐ ആര്‍ പോലും തയ്യാറാക്കാതെ 12 ദിവസം പോലീസ് ഉഴപ്പി. എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും രാമ ക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാനുമായ നൃപേന്ദ്രമിശ്ര ആരോപണത്തിന് സ്ഥിരീകരണം നല്‍കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) ചുമതലപ്പെടുത്തി. നരേന്ദ്ര മോദിയുടെ വിശ്വസ്തനായ നൃപേന്ദ്രമിശ്രയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ബി ജെ പിയിലെ ഉള്‍പ്പോരാണെന്ന് സംശയിക്കുന്നു. നൃപേന്ദ്രമിശ്ര ചാനലുകള്‍ തോറും കയറി രാമക്ഷേത്രത്തിലെ കൊള്ളയെ കുറിച്ച് വിവരിക്കുകയാണ്.
ആര്‍ എസ് എസിന്റെയും വി എച്ച് പിയുടെയും പ്രമുഖ നേതാക്കള്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന വിവരങ്ങളാണ് നൃപേന്ദ്രമിശ്ര ചാനലുകളിലൂടെ പരസ്യപ്പെടുത്തുന്നത്. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മോദിയുടെ നീക്കമാണ് നൃപേന്ദ്രമിശ്രയുടെ വെളിപ്പെടുത്തലിലൂടെ പ്രകടമാകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും തമ്മിലുള്ള ഭിന്നത 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ശക്തമാണ്. ബി ജെ പിക്ക് 400 സീറ്റെന്ന മോഹവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം പോലും നേടാനായില്ല. 13 കേന്ദ്ര മന്ത്രിമാരും നൃപേന്ദ്രമിശ്രയുടെ മകന്‍ സകേത്‌മിശ്ര ഉള്‍പ്പെടെ പല ബി ജെ പി നേതാക്കളും ഉത്തര്‍പ്രദേശില്‍ തോറ്റു. 303 ലോക്‌സഭാ സീറ്റുകളില്‍ നിന്ന് ബി ജെ പി 240 സീറ്റിലേക്ക് നിലംപൊത്തി. ഏറ്റവും കൂടുതല്‍ സീറ്റ് നഷ്ടപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 60 സീറ്റ് നേടിയിരുന്ന ബി ജെ പി 33 സീറ്റിലൊതുങ്ങി.
വലിയ ആഘോഷത്തോടെ നരേന്ദ്ര മോദിയുടെ കാര്‍മികത്വത്തില്‍ രാമക്ഷേത്രം സമര്‍പ്പിച്ചത് 2024 ജനുവരിയിലാണ്. മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രം ഉള്‍പ്പെടുന്ന, അയോധ്യ ഡിവിഷനില്‍ നിന്ന് മാത്രം അഞ്ച് സീറ്റുകള്‍ ബി ജെ പിക്ക് നഷ്ടപ്പെട്ടു. ഫൈസാബാദ്, ബരാബങ്കി, അമേഠി, അംബേദ്കര്‍ നഗര്‍, സുല്‍ത്താന്‍പൂര എന്നിവയായിരുന്നു പ്രസ്തുത സീറ്റുകള്‍. നരേന്ദ്ര മോദിക്ക് കേവല ഭൂരിപക്ഷം നേടാനാകാതെ പോയത് ഉത്തര്‍പ്രദേശിലെ പരാജയം കാരണമായിരുന്നു. സംസ്ഥാനത്തെ സീറ്റ് ചോര്‍ച്ചക്ക് കാരണം മുഖ്യമന്ത്രി ആദിത്യനാഥാണെന്ന് പരസ്യ വിമര്‍ശനമുയര്‍ന്നു. വിമര്‍ശനം ഉന്നയിച്ചത് മറ്റാരുമല്ല, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗമായ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ്. മോദിയും അമിത് ഷായും 2019ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് കേശവ് പ്രസാദ് മൗര്യയുടെ പേരായിരുന്നു. മൗര്യയുടെ ആരോപണം മോദിയും അമിത് ഷായും അറിയാതെയാകില്ല. ആര്‍ എസ് എസിന്റെ പിന്തുണ ഉള്ളതുകൊണ്ട് ആദിത്യനാഥിനെതിരെ തുടര്‍ നീക്കങ്ങള്‍ ഉണ്ടായില്ല എന്നുമാത്രം. മോദിയും ഷായും രാമക്ഷേത്ര കൊള്ളയെ കാത്തിരുന്നു കിട്ടിയ അവസരമായി കാണുന്നുണ്ടാകാം. കേസന്വേഷണം ആദിത്യനാഥ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് കേന്ദ്ര സംഘം ഏറ്റെടുത്തേക്കാം. അതുവഴി യോഗി ആദിത്യനാഥിനെ മാറ്റിനിര്‍ത്താനാകുമോ? കാത്തിരുന്നു കാണാം.



