Kerala
അപകടം അതീവദു:ഖകരം, ഇരകളേയും കുടുംബാംഗങ്ങളേയും ചേര്‍ത്തു പിടിക്കുന്നു; കള്ളാടി ദുരന്തത്തില്‍ പ്രതികരിച്ച് നിര്‍മാണ കമ്പനി
ബാധകമായ എല്ലാ എഞ്ചിനീയറിംഗ് സുരക്ഷാ, പരിസ്ഥിതി അനുമതികളും മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്
കോഴിക്കോട് | ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണത്തിനിടെയുണ്ടായ അപകടം അതീവദു:ഖകരമെന്ന് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്. ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കുമെന്ന് ബോംബെ, നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കു നല്‍കിയ നിയമപ്രകാരമുള്ള കത്തില്‍ കമ്പനി അറിയിച്ചു. പ്രദേശത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡിന് വേണ്ടി കമ്പനി സെക്രട്ടറി അഭിഷേക് ശ്രീവാസ്തവ നല്‍കിയ കത്തില്‍ വ്യക്തമാക്കി.
ജില്ലാ ഭരണകൂടം, അടിയന്തര ദുരന്തനിവാരണ ഏജന്‍സികള്‍, മറ്റ് ബന്ധപ്പെട്ട അധികാരികള്‍ എന്നിവരുമായി ഞങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കുന്നു. പദ്ധതി പ്രദേശത്തുണ്ടായിരുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനും അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചു വരുന്നു. ബാധകമായ എല്ലാ എഞ്ചിനീയറിംഗ് സുരക്ഷാ, പരിസ്ഥിതി അനുമതികളും മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പാരിസ്ഥിതികമായി അതീവ സെന്‍സിറ്റീവ് ആയ ഒരു പ്രദേശമായതിനാല്‍, സുപ്രീം കോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ മേല്‍നോട്ടം ഉള്‍പ്പെടെയുള്ള ഒന്നിലധികം നിയന്ത്രണ സംവിധാനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഈ പ്രോജക്റ്റ് വിധേയമാണ്. ഇവിടെ നിന്നും ഖനനം ചെയ്യുന്ന എല്ലാ വസ്തുക്കളും അംഗീകൃത മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം കടുത്ത നിയമപാലന നടപടിക്രമങ്ങള്‍ ഉള്ളതിനാല്‍ ഈ പ്രൊജക്റ്റില്‍ സാങ്കേതിക പിഴവുകള്‍ക്കുള്ള സാധ്യത വളരെ കുറവാണ്.ദുരന്തത്തില്‍ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അത് ഔദ്യോഗികമായി പങ്കുവെക്കും. ദുരന്തബാധിത കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിലും ഈ വിഷമഘട്ടത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നതിലുമാണ് ഞങ്ങളുടെ ശ്രദ്ധയെന്നും കമ്പനി വ്യക്തമാക്കി.
Content Highlights: Dilip Buildcon Limited has expressed deep condolences over the tragic accident at the Anakkamponyil-Kalladi-Meppadi tunnel construction site. The company assured the Bombay and National Stock Exchanges of its full cooperation with local authorities and disaster management teams. They emphasized that the project strictly follows engineering and environmental safety standards.



