Kerala
കേരളത്തിന്റെ 'അംബാസഡര്‍മാരായി' എം പിമാര്‍ പ്രവര്‍ത്തിക്കണം: മുഖ്യമന്ത്രി
എം പിമാരുടെ യോഗം ചേര്‍ന്നു.
തിരുവനന്തപുരം | ഡല്‍ഹിയില്‍ കേരളത്തിന്റെ ‘യഥാര്‍ഥ അംബാസഡര്‍മാരായി’ എല്ലാ എം പിമാരും ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പാര്‍ലിമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചര്‍ച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളില്‍ ചേര്‍ന്ന എം പിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ എം പിമാരുടെ ഔദ്യോഗിക യോഗം വിളിച്ചുചേര്‍ക്കുന്നത്. പാര്‍ലിമെന്റ് സമ്മേളനത്തിന് മുമ്പ് സംസ്ഥാനത്തിന്റെ മുന്‍ഗണനാവിഷയങ്ങള്‍ തയ്യാറാക്കി എം പിമാരുടെ മുന്നില്‍ അവതരിപ്പിക്കുക എന്ന പതിവ് രീതിയുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്.
പാര്‍ലിമെന്റിനകത്തും പുറത്തും കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഒരുമിച്ചും ഒറ്റക്കും സംസാരിച്ച്, അതത് നിയോജക മണ്ഡലങ്ങളിലെ ആവശ്യങ്ങള്‍ക്കൊപ്പം കേരളത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ കൂടി ഉയര്‍ത്തിപ്പിടിച്ച് കാര്യങ്ങള്‍ നേടിയെടുക്കാന്‍ എം പിമാര്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അഭ്യര്‍ഥിച്ചു. സംസ്ഥാനത്തിന്റെ വലിയ സ്വപ്‌നങ്ങള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. രണ്ട് രാജ്യാന്തര തുറമുഖങ്ങളും ഒരു കണ്ടെയ്‌നര്‍ ടെര്‍മിനലും 17 മിനി തുറമുഖങ്ങളും 600 കിലോമീറ്റര്‍ കടല്‍ത്തീരവുമുള്ള കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നതാണ് ഒന്നാമത്തെ കാര്യം. നാല് രാജ്യാന്തര വിമാനത്താവളങ്ങളെ പരസ്പരം ഇന്റഗ്രേറ്റ് ചെയ്ത് 27 ഓളം ഏവിയേഷന്‍ പ്രോജക്ടുകള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അതിലേക്ക് സ്വകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ നിലവില്‍ വലിയ കടബാധ്യത നേരിടുകയാണ്. ഖജനാവ് നിറഞ്ഞാല്‍ മാത്രമേ വികസന പ്രവര്‍ത്തനങ്ങളും സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ. പൊതുസമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഇത്തരം ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ സംസ്ഥാനത്ത് നല്ല രീതിയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണമായ സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരന്‍, സണ്ണി ജോസഫ്, എന്‍ ഷംസുദ്ദീന്‍, പി സി വിഷ്ണുനാഥ്, എം ലിജു, ബിന്ദു കൃഷ്ണ, കെ എ തുളസി, ഒ ജെ ജനീഷ്, റോജി എം ജോണ്‍, കെ എം ഷാജി, വി ഇ അബ്ദുല്‍ ഗഫൂര്‍, സി പി ജോണ്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, എം പിമാരായ കെ സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം കെ രാഘവന്‍, എം പി അബ്ദുസമദ് സമദാനി, ഇ ടി മുഹമ്മദ് ബഷീര്‍, വി കെ ശ്രീകണ്ഠന്‍, കെ രാധാകൃഷ്ണന്‍, ബെന്നി ബെഹനാന്‍, കെ ഫ്രാന്‍സിസ് ജോര്‍ജ്, കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, പി പി സുനീര്‍, വി ശിവദാസന്‍, പി വി അബ്ദുല്‍ വഹാബ്, ഹാരിസ് ബീരാന്‍, സി സദാനന്ദന്‍ മാസ്റ്റര്‍, പി സന്തോഷ് കുമാര്‍, എ എ റഹീം, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Content Highlights:
Chief Minister Pinarayi Vijayan urged Kerala MPs to act as the state’s ambassadors in Parliament. Speaking at a meeting ahead of the legislative session, he emphasized the need for a united stand to secure Kerala’s developmental rights. The CM highlighted crucial state demands that require immediate central clearance and financial backing.


