Connect with us

Articles

നേരിന് കാവലിരിക്കുന്ന ന്യായാധിപൻ

ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും മനുഷ്യരോട് ഐക്യപ്പെടാതെ ഒരു യുദ്ധവിരുദ്ധ നിലപാടും പൂര്‍ത്തിയാകില്ല. ആ നിലക്ക് നോക്കുമ്പോള്‍ ജസ്റ്റിസ് എസ് മുരളീധറിന്റെ നീതിന്യായ ധീരതയെ പിന്നെയും പിന്നെയും ആഘോഷിക്കേണ്ട ഘട്ടമാണിത്.

Published

|

Last Updated

ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ നടത്തിയ വംശഹത്യാ ആക്രമണങ്ങളുടെ നേര്‍ചിത്രം തെളിവുകള്‍ സഹിതം വരച്ചുകാട്ടുന്ന ജസ്റ്റിസ് എസ് മുരളീധറിന്റെ നേതൃത്വത്തിലുള്ള യു എന്‍ വസ്തുതാന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് മുമ്പൊരിക്കലുമില്ലാത്ത ഉള്‍ക്കാഴ്ചയോടെ ഫലസ്തീനിലേക്ക് നോക്കാന്‍ ലോകത്തെ പ്രാപ്തമാക്കുന്നുണ്ട്. പശ്ചിമേഷ്യ ഒരിക്കല്‍ കൂടി സംഘര്‍ഷത്തിലേക്ക് എടുത്തെറിയപ്പെടുകയും സമാധാനത്തിന്റെ എല്ലാ വെളിച്ചങ്ങളും അണച്ച് കണ്ണുകെട്ടി പരസ്പരം പോരടിക്കാന്‍ യു എസും ഇറാനും ഇറങ്ങിപ്പുറപ്പെടുകയും ചെയ്യുമ്പോള്‍ സംസാരിക്കേണ്ടത് ഗസ്സയെക്കുറിച്ചും ഫലസ്തീനെ കുറിച്ചും തന്നെയാണെന്ന ബോധ്യവും ആ റിപോര്‍ട്ട് ഊട്ടിയുറപ്പിക്കുന്നു. വന്‍ ശക്തികള്‍ മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് ആളും അര്‍ഥവും കിലോക്കണക്കിന് ഭാരം വരുന്ന യു എന്‍ പ്രമേയക്കടലാസുകളും ഇറക്കി സ്ഥാപിച്ചെടുത്ത ഇസ്‌റാഈല്‍ അതിന്റെ അധിനിവേശ കുതന്ത്രങ്ങള്‍ ഇക്കാലമത്രയും നടപ്പാക്കിയതിന്റെ ഇരയാണല്ലോ ഗസ്സയും വെസ്റ്റ് ബാങ്കും ഫലസ്തീനാകെയും. അതേ ഇസ്‌റാഈല്‍ തന്നെയാണ് ഇറാനെ മുന്‍നിര്‍ത്തിയുള്ള ആക്രമണ വ്യാപനത്തിന്റെയും കേന്ദ്രത്തില്‍ നില്‍ക്കുന്നത്. ട്രംപ് അവസാനിപ്പിച്ചാലും ബെഞ്ചമിന്‍ നെതന്യാഹു യുദ്ധവിരാമം അനുവദിക്കില്ല. ലബനാനിലേക്കും സിറിയയിലേക്കും മിസൈലുകളയച്ചും ഗസ്സയില്‍ കൂടുതല്‍ കുരുതി നടത്തിയും നയതന്ത്ര ചര്‍ച്ചകള്‍ക്ക് തുരങ്കം വെച്ചും ഇസ്‌റാഈല്‍ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കും. യുദ്ധാന്തരീക്ഷം അവസാനിച്ചാല്‍ അന്ന് ജയിലില്‍ പോകും നെതന്യാഹുവും അദ്ദേഹത്തിന്റെ സയണിസ്റ്റ് കൂട്ടാളികളും. നീതിയുക്തമായ ഫലസ്തീന്‍ സാധ്യമാക്കുകയെന്നതാണ് സയണിസ്റ്റുകള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ പ്രഹരം. ഇറാന്‍- യു എസ് സംഘര്‍ഷം സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതത്തിന്റെ പേരില്‍ ബേജാറാകുന്ന ലോകം വംശീയ വൈരത്തിന്റെ യഥാര്‍ഥ ഇരകളായ ഫലസ്തീനെ സൗകര്യപൂര്‍വം മറക്കുന്നു.

അതുകൊണ്ട് ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും മനുഷ്യരോട് ഐക്യപ്പെടാതെ ഒരു യുദ്ധവിരുദ്ധ നിലപാടും പൂര്‍ത്തിയാകില്ല. ആ നിലക്ക് നോക്കുമ്പോള്‍ ജസ്റ്റിസ് എസ് മുരളീധറിന്റെ നീതിന്യായ ധീരതയെ പിന്നെയും പിന്നെയും ആഘോഷിക്കേണ്ട ഘട്ടമാണിത്. ഗസ്സയില്‍ 2023 ഒക്‌ടോബര്‍ ഏഴിന് ശേഷം നടന്നത് അതിക്രൂരമായ വംശഹത്യാ ആക്രമണമാണെന്നും മനുഷ്യരാശി ആര്‍ജിച്ച സര്‍വ മാനവിക മൂല്യങ്ങളെയും റദ്ദാക്കുന്ന ക്രൗര്യമാണെന്നും വ്യക്തമാക്കുന്ന യു എന്‍ റിപോര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച മനുഷ്യന്‍ എന്ന അര്‍ഥത്തില്‍ മാത്രമല്ല, ജസ്റ്റിസ് മുരളീധര്‍ വായിക്കപ്പെടേണ്ടത്. മറിച്ച് അനീതിക്കെതിരെ ശബ്ദിക്കാന്‍ അസാമാന്യ ധീരതയുള്ളയാളെന്ന നിലയിലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് വാഴ്ത്തപ്പെടുന്ന ഇന്ത്യയിലെ ഭരണകൂടം അപമാനിച്ചിറക്കിയ ന്യായാധിപനാണ് ജസ്റ്റിസ് മുരളീധര്‍. നവ ഫാസിസത്തിന്റെ പ്രവര്‍ത്തന രീതി പഠിക്കുന്നവര്‍ സഗൗരവം വായിക്കേണ്ട അധ്യായമാണ് അദ്ദേഹം. 2020 ഫെബ്രുവരിയില്‍, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്ക് നേരെ ആസൂത്രിത ആക്രമണം അരങ്ങേറിയ ഘട്ടം. അന്ന് ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായിരുന്ന മുരളീധര്‍. നഗരം കൊലവിളിയില്‍ മുങ്ങിപ്പോയപ്പോള്‍ തന്റെ വസതിയില്‍ അര്‍ധരാത്രി ഇതുസംബന്ധിച്ച ഹരജിയില്‍ അദ്ദേഹം വാദം കേട്ടു. പിറ്റേന്ന് ഉച്ചകഴിഞ്ഞ്, നിര്‍ണായക ഉത്തരവിറക്കി. ബി ജെ പി നേതാവ് കപില്‍ മിശ്രക്കെതിരെ വിദ്വേഷ പ്രചാരണത്തിന് ക്രിമിനല്‍ കേസെടുക്കണം. ഇക്കാര്യത്തില്‍ കുറ്റകരമായ കൃത്യവിലോപം കാണിച്ച ഡല്‍ഹി പോലീസിനെതിരെ രൂക്ഷ ശാസനയുടെ ചുറ്റിക ചുഴറ്റി ജസ്റ്റിസ് മുരളീധര്‍.

മിശ്രയെ തൊട്ടപ്പോള്‍ ബി ജെ പി സര്‍ക്കാറിന് പൊള്ളി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ചെക്ക്‌സ് ആന്‍ഡ് ബാലന്‍സുമൊന്നും പിന്നെ പ്രശ്‌നമായില്ല. അര്‍ധരാത്രി തന്നെ സ്ഥലം മാറ്റ ഉത്തരവിറങ്ങി. മുരളീധറിനെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് തട്ടി. അന്നാണ് ഡല്‍ഹി ഹൈക്കോടതി ബാര്‍ അസ്സോസിയേഷന്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രതിഷേധത്തിനിറങ്ങിയത്. അഭിഭാഷകര്‍ പണിമുടക്കി. അതൊന്നും ഫാസിസ്റ്റ് സര്‍ക്കാറിന്റെ മുഷ്‌കിന് ശമനമുണ്ടാക്കിയില്ല. വലിയ ബഞ്ചുകളിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തുന്നതിനുള്ള അംഗീകാരം തടഞ്ഞു; സുപ്രീം കോടതിയിലേക്ക് അയച്ചതേയില്ല. 2022 സെപ്തംബറില്‍, സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് മുരളീധറിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ശിപാര്‍ശ ചെയ്തു. സര്‍ക്കാര്‍ ആറ് മാസത്തേക്ക് തീരുമാനം തടഞ്ഞു. 2023 ഏപ്രിലില്‍ കൊളീജിയം ഈ നിര്‍ദേശം തിരിച്ചുവിളിച്ചു. ഒറീസ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് മുരളീധറിന് ലഭിച്ച ആദരം ഹൃദയഹാരിയായിരുന്നു. ആ യാത്രയയക്കല്‍ ചടങ്ങ് കോടതിയുടെ ഏതോ മൂലയിലെ മുറിയില്‍ ഒതുങ്ങിയില്ല. ആ ആദരം തെരുവിലേക്ക് നീണ്ടു.

ഒരിക്കല്‍ ന്യൂഡല്‍ഹിയില്‍ എക്‌സിക്യൂട്ടീവ് അധികാരികളുടെ പ്രതികാരദാഹത്തിന് ഹേതുവായ അതേ നീതിബോധം ഐക്യരാഷ്ട്ര സഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായിരിക്കെ ജസ്റ്റിസ് മുരളീധര്‍ വിട്ടുവീഴ്ചയില്ലാതെ പ്രയോഗിച്ചപ്പോള്‍ ഫലസ്തീനിലെ സത്യം ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടു, ചരിത്രത്തിലൊരിക്കലും സാധ്യമാകാത്ത തെളിച്ചത്തോടെ. ഈ റിപോര്‍ട്ടിനെ അസത്യങ്ങളുടെ കലവറയെന്ന് വിശേഷിപ്പിച്ച് നെതന്യാഹു ഭരണകൂടം തള്ളിക്കളയുമ്പോള്‍ എത്രമാത്രം ശക്തമാണ് ആ സത്യാന്വേഷണമെന്ന് മനുഷ്യസ്‌നേഹികള്‍ തിരിച്ചറിയുന്നു. അമേരിക്കയുടെ പിന്തുണയില്ലെങ്കില്‍ വേണ്ട, ഞങ്ങള്‍ക്ക് ഇന്ത്യയുണ്ടെന്ന് പ്രഖ്യാപിക്കാന്‍ മാത്രം ഇഴയടുപ്പമുണ്ട് നരേന്ദ്ര മോദിയുമായി നെതന്യാഹുവിന്. മോദിയാകട്ടെ, ഇസ്‌റാഈലുമായുള്ള ബന്ധം ആഴത്തില്‍ വേരൂന്നിയതാണെന്നും ഇപ്പോഴേക്കും അതിനപ്പുറത്തേക്കും നീളുന്നതാണതെന്നും തുറന്ന് പറഞ്ഞ് ആ ഗാഢബന്ധം സ്ഥിരീകരിക്കുന്നു. ഇന്ത്യ ചരിത്രത്തിലുടനീളം കൈമോശം വരാതെ കാത്ത ഫലസ്തീന്‍ ഐക്യദാര്‍ഢ്യമാണ് മോദി തകര്‍ത്തുകളഞ്ഞത്.

2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷം, ഇസ്‌റാഈലിന്റെ ഏറ്റവും വിശ്വസനീയ ആയുധ ഇടപാടു രാജ്യമായി ഇന്ത്യ മാറി. ഇസ്‌റാഈലിന്റെ കയറ്റുമതിയുടെ 37 ശതമാനവും ഇന്ത്യയിലേക്കൊഴുകി. അദാനി ഗ്രൂപ്പായിരുന്നു ഈ ബന്ധത്തിലെ ഏറ്റവും ശക്തമായ കണ്ണി. ഇസ്‌റാഈലിന്റെ സുപ്രധാന യുദ്ധോപകരണങ്ങളിലൊന്നായ ഹെര്‍മിസ് 900 ഡ്രോണുകള്‍ നിര്‍മിക്കാന്‍ 2016ല്‍ അദാനി ഗ്രൂപ്പും ഇസ്‌റാഈലിന്റെ എല്‍ബിറ്റ് ഗ്രൂപ്പും ചേര്‍ന്ന് ഹൈദരാബാദില്‍ സംയുക്ത സംരംഭം ആരംഭിച്ചു. ടോണ്‍ബോ ഇമേജിംഗ്, ഭാരത് ഫോര്‍ജ്, ടെക് മഹീന്ദ്ര എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഇന്ത്യന്‍ സ്ഥാപനങ്ങളും ഇത്തരം സംയുക്ത സംരംഭങ്ങള്‍ സ്ഥാപിച്ചു. 2023 ജനുവരിയില്‍, ഇസ്‌റാഈല്‍ ഗ്രൂപ്പായ ഗാഡോട്ടിനൊപ്പം അദാനി ഇസ്‌റാഈലിലെ ഹൈഫ തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. പ്രധാനമന്ത്രിപദത്തിലിരിക്കെ ഇസ്‌റാഈല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ നേതാവായി മോദി മാറി. ആ സന്ദര്‍ശനം തീവ്രവലതുപക്ഷ പ്രത്യയശാസ്ത്രം കൈകാര്യം ചെയ്യുന്ന രണ്ട് നേതാക്കള്‍ തമ്മിലുള്ള ഇഴപിരിയാത്ത ബാന്ധവത്തിന്റെ എല്ലാ സവിശേഷതകളും പേറുന്നതായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം സ്വര്‍ഗത്തില്‍ എഴുതപ്പെട്ടതാണെന്നായിരുന്നു മോദിയുടെ കൈപിടിച്ച് കടല്‍ത്തീരത്ത് നടക്കവേ നെതന്യാഹു പറഞ്ഞത്. ലോകത്തെ ഏറ്റവും നിഗൂഢമായ സുരക്ഷാ സഖ്യമായി ആ ബന്ധം വളര്‍ന്നിരിക്കുന്നു. ഏറ്റവും ഒടുവില്‍, ഫെബ്രുവരിയില്‍ ഇസ്‌റാഈലും അമേരിക്കയും സംയുക്തമായി ഇറാനെ ആക്രമിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, മോദി വീണ്ടും ഇസ്‌റാഈല്‍ സന്ദര്‍ശിച്ചു. തന്റെ സ്വന്തം രാജ്യത്തെ ഉന്നത നേതാക്കള്‍ ഗാഢമായി പുണരുന്നവരുടെ കൈകള്‍ക്ക് ഗസ്സയിലെ കുഞ്ഞുങ്ങളുടെ ചുടുചോരയുടെ മണമാണെന്ന് വിളിച്ചുപറയുകയാണ് ജസ്റ്റിസ് മുരളീധറും സംഘവും തയ്യാറാക്കിയ റിപോര്‍ട്ട്. ജസ്റ്റിസ് മുരളീധര്‍ അന്ന് ഡല്‍ഹിയിലെ മോദിയുടെ കൂട്ടാളികളെയാണ് ജുഡീഷ്യല്‍ പരിശോധനയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതെങ്കില്‍ ഇന്ന് മോദിയുടെ ആഗോള സുഹൃത്തിനെ അന്താരാഷ്ട്ര നീതിന്യായ സംവിധാനത്തിന് മുമ്പിലേക്കാനയിക്കുകയാണ്. വംശഹത്യാ കുറ്റവാളിയായി നെതന്യാഹു ലോകത്തിന് മുമ്പില്‍ നില്‍ക്കുന്നു.

യു എന്‍ വസ്തുതാന്വേഷണ സംഘം സമര്‍പ്പിച്ച 94 പേജ് വരുന്ന പ്രാഥമിക റിപോര്‍ട്ടിലുടനീളം ശിശുഹത്യയുടെ നേര്‍സാക്ഷ്യങ്ങളാണ്. രണ്ട് വര്‍ഷത്തിനിടെ കുറഞ്ഞത് 20,179 കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നും, ഇത് മൊത്തം ഫലസ്തീന്‍ മരണസംഖ്യയുടെ ഏകദേശം 30 ശതമാനത്തോളം വരുമെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇസ്‌റാഈലിന്റെ സൈനിക നടപടികളും ആസൂത്രിത നീക്കങ്ങളും വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയുടെ പരിധിയില്‍ വരുന്നതാണെന്ന് കമ്മീഷന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഗര്‍ഭിണികളെ തിരഞ്ഞുപിടിച്ച് കൊന്നു. മുതിര്‍ന്നവര്‍ക്ക് ഒപ്പം നടക്കുന്ന കുഞ്ഞിനെ മാത്രം കൊല്ലാന്‍ ശേഷിയുള്ള ഡ്രോണുകള്‍ പ്രയോഗിച്ചു. കുഞ്ഞുങ്ങളെ പട്ടിണിക്കിട്ട് കൊല്ലാനായി ക്രൂരമായ ഉപരോധം അടിച്ചേല്‍പ്പിച്ചു. വരും തലമുറ അവശേഷിക്കരുത് എന്നത് തന്നെയായിരുന്നു ലക്ഷ്യം. ആശുപത്രികള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു. ശിശുസംരക്ഷണ കേന്ദ്രങ്ങളും പ്രസവ പരിചരണ സംവിധാനങ്ങളും പ്രത്യേകം ലക്ഷ്യമിട്ടുവെന്ന് ജസ്റ്റിസ് മുരളീധര്‍ എടുത്തു പറയുന്നുണ്ട്. വെസ്റ്റ് ബാങ്കിലെ ലൈംഗിക അതിക്രമങ്ങളും കുട്ടികളെ അനിയന്ത്രിതമായി തടങ്കലില്‍ വെച്ചതും സംബന്ധിച്ച കണ്ടെത്തലുകളും റിപോര്‍ട്ടിലുണ്ട്.
റിപോര്‍ട്ടിന്റെ ആധികാരികത ജസ്റ്റിസ് മുരളീധര്‍ ഇങ്ങനെ വിശദീകരിക്കുന്നു: “ഫലസ്തീനിലെ എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ മാത്രമല്ല, ഇസ്‌റാഈലിനകത്തെ സംഭവങ്ങളും പരിശോധിക്കാനാണ് കമ്മീഷന്‍ നിയോഗിക്കപ്പെട്ടത്. നിശ്ചിത വിഷയങ്ങള്‍ക്ക് പുറമേ “കോണ്‍ഫറന്‍സ് റൂം പേപ്പറുകള്‍’ എന്ന് വിളിക്കുന്ന വിശദമായ റിപോര്‍ട്ടുകളും തയ്യാറാക്കുന്നു. ഫലസ്തീനികള്‍ക്കെതിരെ ഐ ഡി എഫ് സൈനികരടക്കം നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വിശദമായ റിപോര്‍ട്ടും ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതൊരു തുടര്‍ പ്രക്രിയയാണ്. ഈ തെളിവുകള്‍ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ)യെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ സി സി)യെയും സഹായിക്കും’.
“ഞാന്‍ സഞ്ചരിക്കുന്നത് അപകടകരമായ വഴിയിലൂടെയാണ്. നമുക്ക് ഒരു ജീവിതമല്ലേയുള്ളൂ. അനീതിക്കെതിരായ നിലപാടില്‍ നാം പിന്നോട്ട് പോയാല്‍ ആ ശൂന്യത ആര് നികത്തും?’- വീറ്റോ രാജ്യങ്ങള്‍ ഭരിക്കുന്ന യു എന്‍. വിപണിക്ക് വേണ്ടി സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വന്‍ ശക്തികള്‍. ഈ നിരാശകള്‍ക്കിടയില്‍ ജസ്റ്റിസ് മുരളീധറിനെപ്പോലുള്ള നീതിമാന്‍മാരുെട വാക്കുകള്‍ വെളിച്ചം വിതറുന്നു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest