From the print
വഖ്ഫ് ബോര്‍ഡ്: സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധമുയരുന്നു
സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാടിനെതിരെ കേരള മുസ്ലിം ജമാഅത്ത്, ഇ കെ വിഭാഗം, നാഷനല്‍ ലീഗ്, ഇന്ത്യന്‍ നാഷനല്‍ ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നു.
കോഴിക്കോട് | വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സംഘ്പരിവാര്‍ നിലപാടിനെ പിന്തുണച്ചതില്‍ രോഷം. വഖ്ഫ് ബോര്‍ഡിന് താത്കാലിക നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള വിധിക്കാധാരമായ ഹരജി ഹൈക്കോടതിയില്‍ നല്‍കിയ ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് ആക്ഷേപം.
സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാടിനെതിരെ കേരള മുസ്ലിം ജമാഅത്ത്, ഇ കെ വിഭാഗം, നാഷനല്‍ ലീഗ്, ഇന്ത്യന്‍ നാഷനല്‍ ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ സംഘടനകള്‍ രംഗത്തുവന്നേക്കും. സംഘ്പരിവാര്‍ ഹരജിക്കനുകൂലമായി സര്‍ക്കാര്‍ മറുപടി നല്‍കിയെന്ന റിപോര്‍ട്ടുകള്‍ സമുദായത്തില്‍ ആശങ്ക സൃഷ്ടിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് വ്യക്തമാക്കി.
വഖ്ഫ് ബോര്‍ഡിനെതിരായ പരാതിക്ക് പിന്നില്‍ സര്‍ക്കാറാണെന്ന ആരോപണമാണ് ഇ കെ വിഭാഗം നേതാവും വഖ്ഫ് ബോര്‍ഡ് അംഗവുമായ ഉമര്‍ ഫൈസി മുക്കം ഉയര്‍ത്തിയത്. കേന്ദ്ര നിയമം നടപ്പാക്കണമെന്ന ഹരജിയെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം കൊടുത്തുവെന്നും ഹരജിക്കാരനും സര്‍ക്കാറും ഒത്തുകളിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. നിലവിലുള്ള വഖ്ഫ് ബോര്‍ഡ് പിരിച്ചുവിടാനുള്ള നീക്കം സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുവെന്ന വിമര്‍ശം നിലനില്‍ക്കെയാണ് അതിനെ സാധൂകരിക്കുന്ന നിലപാട് കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് ആക്ഷേപം.
നിലവില്‍ ചെയര്‍മാനടക്കം വഖ്ഫ് ബോര്‍ഡില്‍ എട്ട് അംഗങ്ങളാണുള്ളത്. എം എല്‍ എ മാരുടെ പ്രതിനിധിയായി ഉണ്ടായിരുന്ന കുഞ്ഞമ്മദ് കുട്ടിയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ആ വിഭാഗത്തില്‍ ഒരു ഒഴിവ് വന്നിട്ടുണ്ട്. പുതിയ കമ്മിറ്റി രൂപവത്കരിക്കുമ്പോള്‍ രണ്ട് ഒഴിവുകള്‍ മുന്‍ സര്‍ക്കാര്‍ നികത്തിയിരുന്നില്ല. സുപ്രീം കോടതിയില്‍ വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ മുസ്ലിം അല്ലാത്ത അംഗങ്ങളെ നിയമിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വഖ്ഫ് ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വാദിച്ചത്. എന്നാല്‍ സുപ്രീം കോടതി മുസ്ലിമല്ലാത്ത അംഗങ്ങളെ നിയമിക്കുന്നത് തടഞ്ഞിട്ടില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിന്റെ വാദം. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിലവിലെ സംസ്ഥാന വഖ്ഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്.
ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജിയിലും ഇതേ കാര്യമാണ് ആവശ്യപ്പെടുന്നത്. ഇതേ തുടര്‍ന്നാണ്, ബോര്‍ഡ് താത്കാലികമായി വഖ്ഫ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ്‌സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കണമെന്നും പുതിയ നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്നും ക്യാപിറ്റല്‍ ചെലവുകള്‍ നടത്തരുതെന്നും ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ബോര്‍ഡിന്റെ സാധാരണ ഭരണപ്രവര്‍ത്തനങ്ങള്‍ തുടരാമെന്നാണ് കോടതി വ്യക്തമാക്കിയത്. രണ്ട് അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ പ്രതിനിധി നിയമപ്രകാരമുള്ള ജോയിന്റ് സെക്രട്ടറിയല്ലെന്നുമായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം. കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള കമ്മിറ്റി രൂപവത്കരണത്തെ പിന്തുണച്ചിട്ടില്ല. ഇതേ നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാറും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
അതേസമയം വഖ്ഫ് ബോര്‍ഡ് പിരിച്ചുവിടണമെന്നോ നിലവിലെ അംഗങ്ങളുടെ നിയമനം അസാധുവാണെന്നോ ഹൈക്കോടതി അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. വഖ്ഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ കുറിച്ച് കോടതി അന്തിമ അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാല്‍ നിലവിലെ ബോര്‍ഡ് പ്രഥമദൃഷ്ട്യാ സെക്ഷന്‍ 14നോട് പൊരുത്തപ്പെടുന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതേസമയം വഖ്ഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ മുസ്ലിം ലീഗിന്റെ ഹരജി നിലനില്‍ക്കേ, ലീഗുള്‍പ്പെടുന്ന യു ഡി എഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്.
Content Highlights: The Kerala State Waqf Board is facing intense criticism and protests following its recent reorganization controversy. Critics have accused the government of compromising secular values by failing to align with the statutory mandates during the reconstitution process. The Kerala High Court has intervened by temporarily restraining the current board from taking any major policy decisions.



