Connect with us

Articles

തോൽക്കാൻ പാടില്ലാത്ത സമരം

21 ദിവസം ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ഏറ്റവും ന്യായമായ ഒരു ആവശ്യത്തെ മുന്‍നിര്‍ത്തി നിരാഹാര സത്യഗ്രഹം നടത്തിയിട്ടും, ആ സത്യഗ്രഹിയുടെ ജീവന്‍ രക്ഷിക്കണമെന്നും അതിനായി സര്‍ക്കാര്‍ ഇടപെടണമെന്നും രാജ്യത്തെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളിലെ പ്രമുഖര്‍ ആവശ്യപ്പെട്ടിട്ടും നിസ്സംഗത പുലര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

Published

|

Last Updated

അഖിലേന്ത്യാ പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചക്കുമെതിരായി രാജ്യത്താകെ ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഡല്‍ഹി ജന്തര്‍മന്തറില്‍ സി ജെ പിയുടെ ആഭിമുഖ്യത്തില്‍ സമരങ്ങളാരംഭിച്ചത്. മെഡിക്കല്‍- സർവകലാശാലാ പ്രവേശന പരീക്ഷാക്രമക്കേടും സി ബി എസ് ഇ 12ാം ക്ലാസ്സ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും കേന്ദ്ര സര്‍ക്കാറിന്റെയും നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെയും ഗുരുതരമായ കൊള്ളരുതായ്മയുടെ ഫലമായിട്ടാണ് സംഭവിച്ചത്. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയില്ലായ്മ എന്‍ട്രന്‍സ് കോച്ചിംഗ് മാഫിയകളെയും അവരെ സഹായിക്കുന്ന ബി ജെ പി നേതാക്കളുടെയും താത്പര്യത്തിന് വഴങ്ങിയ കേന്ദ്ര സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ഫലമാണ്. അതിനുത്തരവാദിയായ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ജന്തര്‍മന്തറിലെ വിദ്യാർഥി- യുവജന പ്രതിഷേധം ഉയര്‍ന്നുവന്നതും തുടരുന്നതും.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജന്തര്‍മന്തറില്‍ പോലീസിനെ ഇറക്കിയും സമരക്കാര്‍ക്കുനേരെ ബലംപ്രയോഗിച്ചും നീതിക്കുവേണ്ടിയുള്ള സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാർഥി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുളളതുപോലെ ആര്‍ എസ് എസുകാരും ബി ജെ പി പ്രവര്‍ത്തകരും പോലീസിനൊപ്പം സമരവേദികളിലേക്ക് നുഴഞ്ഞുകയറി കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള ഗൂഢാലോചനാപരമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. സത്യഗ്രഹം പോലെ അതീവ സമാധാനപരമായ ഒരു സമരത്തെയും വിദ്യാർഥികളുടെ സമാധാനപരമായ പ്രതിഷേധ കൂട്ടായ്മകളെയും പോലീസിനെ ഇറക്കി ബലംപ്രയോഗിച്ച് നേരിടുന്നത് ഒരു കാരണവശാലും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണ്.
ഭരണകൂട മർദകസംവിധാനങ്ങളുടെ ബലത്തില്‍ ന്യായമായൊരു സമരത്തെ തകര്‍ത്തുകളയാമെന്ന് വ്യാമോഹിക്കുന്നവര്‍ ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാത്തവരാണ്. നീതിക്കുവേണ്ടിയുള്ള സമരങ്ങളെ ഒരു ശക്തിക്കും തടയാനോ തകർക്കാനോ കഴിയില്ലെന്ന് ഹിറ്റ്്ലേറിയന്‍ ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പുകളായ ആര്‍ എസ് എസുകാര്‍ക്കും അവര്‍ നയിക്കുന്ന മോദി സര്‍ക്കാറിനും മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല. പക്ഷേ നീതി നിഷേധിക്കപ്പെട്ട കുട്ടികള്‍, തങ്ങളുടെ മാര്‍ക്ക് നഷ്ടപ്പെട്ടതെങ്ങനെയെന്നറിയാതെ ആത്മഹത്യ ചെയ്യേണ്ടിവന്ന കുട്ടികള്‍, അവരുടെ മാതാപിതാക്കള്‍, അവരോടൊപ്പം നില്‍ക്കുന്ന നീതിബോധമുള്ള സാമൂഹിക പ്രവര്‍ത്തകർ, രാഷ്ട്രീയ കക്ഷികൾ ഇവരെല്ലാം അടിച്ചമര്‍ത്തലുകളെ അതിജീവിച്ച് നീതിക്കുവേണ്ടിയുള്ള ഈ സമരം തുടരുകതന്നെ ചെയ്യും.

മനുഷ്യാവകാശ പ്രവര്‍ത്തകനും വിദ്യാഭ്യാസവിചക്ഷണനുമായ സോനം വാംഗ്ചുക്കിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. നീറ്റ് പരീക്ഷയിലെ ഗുരുതരമായ ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയായ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് അദ്ദേഹം കഴിഞ്ഞ 23 ദിവസമായി കോക്രോച്ച് ജനതാപാർട്ടി നടത്തുന്ന സമരവേദിയില്‍ നിരാഹാരത്തിലായിരുന്നു. ബലംപ്രയോഗിച്ച് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വിദ്യാർഥികളുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് വാംഗ്ചുക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
വിദ്യാർഥി നേതാക്കള്‍ ആരോപിക്കുന്നത് പോലീസിനൊപ്പം ആര്‍ എസ് എസുകാരും ജന്തര്‍മന്തറിലെ സമരവേദിയിലേക്ക് ഇരച്ചുകയറിയെന്നാണ്. അത് പ്രതീക്ഷിക്കാവുന്നതുമാണ്. ഹിറ്റ്്ലറുടെ സ്ട്രോം സ്ട്രൂപേഴ്സിനെ പോലെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍ എസ് എസ്. സ്ട്രോം സ്ട്രൂപേഴ്സ് തൊഴിലാളികളുടെ പൊതുയോഗ സ്ഥലങ്ങളിലും സമരവേദികളിലും ഇരച്ചുകയറി യോഗങ്ങള്‍ കലക്കുകയും സമരങ്ങളെ തല്ലിച്ചതക്കുകയും ചെയ്ത ഫാസിസ്റ്റ് സംഘടനയായിരുന്നു. അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള സമരങ്ങളെ ഫാസിസ്റ്റ് ഭീകരത അഴിച്ചുവിട്ട് നേരിടുകയെന്ന ഹിറ്റ്്ലേറിയന്‍ തന്ത്രംതന്നെയാണ് ഇവിടെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

വാംഗ്ചുക്കിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് “വൈദ്യശാസ്ത്ര വിദഗ്ധരുടെ ഉപദേശപ്രകാരം’ ഹൈക്കോടതി ഉത്തരവനുസരിച്ചാണ് പോലീസിന്റെ ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. 21 ദിവസം ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ഏറ്റവും ന്യായമായ ഒരു ആവശ്യത്തെ മുന്‍നിര്‍ത്തി നിരാഹാര സത്യഗ്രഹം നടത്തിയിട്ടും, ആ സത്യഗ്രഹിയുടെ ജീവന്‍ രക്ഷിക്കണമെന്നും അതിനായി സര്‍ക്കാര്‍ ഇടപെടണമെന്നും രാജ്യത്തെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളിലെ പ്രമുഖര്‍ ആവശ്യപ്പെട്ടിട്ടും നിസ്സംഗത പുലര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. കുറ്റകരമായ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ പാര്‍ലിമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് വാംഗ്ചുക്കിനെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ജന്തര്‍മന്തറില്‍ നിന്ന് വരുന്ന ദൃശ്യങ്ങളും റിപോര്‍ട്ടുകളും പോലീസ് ഇരച്ചുകയറ്റത്തിന്റെയും ഏകപക്ഷീയമായ ബലപ്രയോഗത്തിന്റേതുമാണ്. വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളെ സമാധാനപരമായി പ്രതിരോധിക്കുന്ന വിദ്യാർഥികളെ പോലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാംഗ്ചുക്കിനെ നീക്കം ചെയ്യുമ്പോള്‍ പോലീസ് വെളുത്ത ഷീറ്റുകള്‍ ഉപയോഗിച്ച് അദ്ദേഹത്തെ മറച്ചിരുന്നു. സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. ഇതേ ജന്തര്‍മന്തറില്‍ വിദ്യാർഥി സംഘടനാ നേതാക്കളായ നേഹ, ആമെന്‍, മനീഷ് തുടങ്ങിയവരും അനിശ്ചിതകാല നിരാഹാര സമരം തുടരുന്നുണ്ട്.

ജന്തര്‍മന്തറില്‍ നിന്നുള്ള പ്രാഥമിക റിപോര്‍ട്ടുകളില്‍ രാവിലെ പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന വിദ്യാർഥികള്‍ നിരാഹാരം നടത്തുന്ന വിദ്യാർഥി നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നത് മനുഷ്യച്ചങ്ങല സൃഷ്ടിച്ച് തടയുകയായിരുന്നുവെന്നാണ്. ഐസ പ്രതിഷേധക്കാരുടെ ശക്തമായ പ്രതിരോധത്തിനുമുമ്പില്‍ പോലീസിന് പിന്തിരിയേണ്ടിവന്നുവെന്നും റിപോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ സി ജെ പി നേതാവ് അഭിജിത്ത് ദീപ്കെ താമസിച്ചിരുന്ന എന്‍ സി പി വക്താവ് അനീഷ് ഗവാന്‍ഡെയുടെ വീട് ഉള്‍പ്പെടെ പോലീസ് വളഞ്ഞിരുന്നു. ദീപ്കെയെ തടങ്കലില്‍ വെക്കുകയും മർദിക്കുകയും ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹി പോലീസ് തന്നോട് വളരെ തരംതാണ രീതിയിലാണ് പെരുമാറിയതെന്ന് അദ്ദേഹം ജന്തര്‍മന്തറില്‍ പ്രതിഷേധക്കാരെ അഭിസംബോധനചെയ്തുകൊണ്ട് പറഞ്ഞു. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ദീപ്കെ ജന്തര്‍മന്തറില്‍ സോനംവാംഗ്ചുക്ക് സത്യാഗ്രഹം അനുഷ്ടിച്ച അതേവേദിയില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ്. വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കിയതിനെത്തുടര്‍ന്നുള്ള സാഹചര്യത്തെ ആത്മവിശ്വാസത്തോടെ നേരിടാനും നാളെ പാര്‍ലിമെന്റ് മാര്‍ച്ച് നല്ല ജനപങ്കാളിത്തത്തോടെ വിജയിപ്പിക്കാനുമാണ് ദീപ്കെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നീറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചിരിക്കുകയാണ് പ്രക്ഷോഭകർ. അതുവരെ സമരം തുടരും. വാംഗ്ചുക്കിനെഅറസ്റ്റുചെയ്യുന്നത് മറച്ചുവെച്ച് വീഡിയോ ദൃശ്യങ്ങളില്‍ പതിയാതിരിക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിച്ചു. മാത്രമല്ല അറസ്റ്റ് സമയത്ത് ഇന്റര്‍നെറ്റ് അടക്കം വിഛേദിച്ചിരുന്നു. ഇതെല്ലാം കാണിക്കുന്നത് ജനകീയസമരങ്ങളെയും അതുന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളെയും ഒരു കാരണവശാലും അംഗീകരിക്കാനോ അനുഭാവപൂര്‍വം പരിഹരിക്കാനോ ഉള്ള മനോഭാവമോ സമീപനമോ കേന്ദ്ര സര്‍ക്കാറിനില്ലെന്നതാണ്. കഴിഞ്ഞ ദിവസം ഒരു വീഡിയോ സന്ദേശത്തില്‍ വാംഗ്ചുക് പറഞ്ഞത് പുറത്തേക്ക് ക്ഷീണിതനാണെങ്കിലും ഉള്ളില്‍ കരുത്തുണ്ടെന്നാണ്. നിങ്ങള്‍ എല്ലാവര്‍ക്കും കരുത്തുണ്ടെന്ന് എനിക്ക് ഉറപ്പാണെന്നും നമുക്ക് പാര്‍ലിമെന്റിലേക്കുള്ള മാർച്ച് വരെ ഊർജം വേണമെന്നും പറഞ്ഞു.

ജൂണ്‍ 28നാണ് അദ്ദേഹം നിരാഹാര സമരം തുടങ്ങിയത്. 17ാം ദിവസമാകുമ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരതരാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. ശരീരഭാരം ഒമ്പത് കിലോ കുറഞ്ഞു. നാഡിമിടിപ്പും കുറഞ്ഞു. ഓരോ നിമിഷവും ജീവന്റെ സ്പന്ദനം പതുക്കെ താഴോട്ട് പോയ്ക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇച്ഛാശക്തിയോടെ തന്റെ പോരാട്ടം തുടരുമെന്ന നിലപാടാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന ആവശ്യം എന്തുകൊണ്ടാണ് പ്രക്ഷോഭകരും അവരെ പിന്തുണക്കുന്ന പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളുമെല്ലാം ഒരേപോലെ ഉന്നയിക്കുന്നതെന്ന കാര്യം സാമൂഹിക മാധ്യമങ്ങളില്‍ സത്യഗ്രഹ സമരത്ത ആക്ഷേപിക്കുകയും സോനം വാംഗ്ചുക്കിനെ രാജ്യവിരുദ്ധനായി മുദ്രകുത്തുകയുമൊക്കെ ചെയ്യുന്നവർക്ക് ഇനിയും മനസ്സിലായിട്ടില്ല. കാരണം അവര്‍ രാജ്യത്തെയോ ജനങ്ങളെയോ ഭാവിതലമുറകളെയോ കാണാത്ത മതാന്ധവാദികളും മതരാഷ്ട്രവാദികളുമാണ്. നമ്മുടെ ചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത തരത്തിലാണ് ധര്‍മേന്ദ്രപ്രധാന്‍ നേതൃത്വം കൊടുക്കുന്ന വിദ്യാഭ്യാസവകുപ്പിൽ നിന്നും അതിന്റെ പരീക്ഷാ ഏജന്‍സികളില്‍ നിന്നും വിദ്യാർഥികള്‍ അനീതികള്‍ക്ക് ഇരയായത്.

22 ലക്ഷത്തിലേറെ കുട്ടികള്‍ എഴുതിയ മെഡിക്കല്‍ പ്രവേശനപരീക്ഷയിലും 17 ലക്ഷം കുട്ടികള്‍ എഴുതിയ സി ബി എസ് ഇ 12ാം ക്ലാസ്സ് പരീക്ഷയിലും 11 ലക്ഷം കുട്ടികളെഴുതിയ സർവകലാശാലാ പ്രവേശന പരീക്ഷയിലും വന്‍ക്രമക്കേടുകളാണ് നടന്നത്. എന്‍ട്രന്‍സ് കോച്ചിംഗ് മാഫിയകള്‍ക്ക് യഥേഷ്ടം ചോദ്യപേപ്പര്‍ ചോര്‍ത്തിയെടുക്കാനും പരീക്ഷ നടത്തിപ്പിലെ എല്ലാ സുതാര്യതയെയും അട്ടിമറിക്കാനും കഴിഞ്ഞത് ധര്‍മേന്ദ്രപ്രധാന്‍ നേതൃത്വം കൊടുക്കുന്ന വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പുകേടും കൊള്ളരുതായ്മയുമാണ്.

നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നെങ്കിലും ഈ ക്രമക്കേടിന്റെയും കൊള്ളരുതായ്മയുടെയും ഇരകളായിത്തീര്‍ന്ന വിദ്യാർഥികളില്‍ എത്രയോ പേര്‍ ആത്മഹത്യ ചെയ്തു. അവരുടെ ജീവന് ആരാണ് ഉത്തരം പറയേണ്ടത്? അവരുടെ മാതാപിതാക്കള്‍ക്ക് മക്കളെ നഷ്ടപ്പെടുത്തിയ കൊള്ളരുതായ്മക്ക് കേന്ദ്ര സര്‍ക്കാറും വിദ്യാഭ്യാസവകുപ്പും മറുപടി പറഞ്ഞേപറ്റൂ. പരീക്ഷ നന്നായി എഴുതിയിട്ടും സ്വന്തം മാര്‍ക്ക് എങ്ങനെ പോയി എന്നറിയാതെ സി ബി എസ് ഇ 12ാം ക്ലാസ്സിലെ എത്ര കുട്ടികളാണ് ദിവസങ്ങളോളം തീതിന്നേണ്ടിവന്നത്. നീറ്റ് പരീക്ഷ റദ്ദ് ചെയ്ത് പുനഃപരീക്ഷ നടത്തിയിട്ടും രണ്ട് ലക്ഷം വിദ്യാർഥികള്‍ പുറത്തായതായാണ് റിപോര്‍ട്ടുകള്‍ വരുന്നത്. വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പുകേട് മൂലമുണ്ടായ ചോദ്യചോര്‍ച്ചയെ തുടര്‍ന്ന് രണ്ട് ലക്ഷത്തിലേറെ വിദ്യാർഥികള്‍ നീറ്റെന്ന സ്വപ്നം ഉപേക്ഷിച്ചുവെന്നാണ് റിപോര്‍ട്ട്. ആദ്യപരീക്ഷയെഴുതിയ 2.05 ലക്ഷം കുട്ടികള്‍ പുനഃപരീക്ഷ എഴുതിയില്ലെന്ന ഞെട്ടിക്കുന്ന കണക്ക് ആഴ്ചകള്‍ക്കുശേഷം എൻ ടി എ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെയാണ് കേന്ദ്രം തകര്‍ത്തുകളഞ്ഞിരിക്കുന്നത്. കുട്ടികളുടെ ഭാവിവെച്ചുള്ള കളിയാണ് കോച്ചിംഗ് മാഫിയകള്‍ക്കും അവരെ സഹായിക്കുന്ന ബി ജെ പി നേതാക്കള്‍ക്കും വേണ്ടി ധര്‍മേന്ദ്രപ്രധാന്‍ നേതൃത്വം കൊടുക്കുന്ന കേന്ദ്ര വിദ്യാഭ്യാസവകുപ്പും പരീക്ഷാ ഏജന്‍സികളും നടത്തിയത്. അതുകൊണ്ടുതന്നെ പരീക്ഷാ ക്രമക്കേടുകളുടെയും ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെയും ഉത്തരവാദിത്വമേറ്റെടുത്ത് ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കുകയെന്നതും ഉന്നത വിദ്യാഭ്യാസരംഗത്തെ സംവിധാനപരമായ കൊള്ളരുതായ്മകള്‍ക്കും പിടിപ്പുകേടുകള്‍ക്കുമെതിരെ നടപടിയെടുക്കുകയെന്നതും ഏറ്റവും ന്യായമായ ആവശ്യമാണ്.

Latest