FIFA World Cup 2026 Group C
96 വർഷത്തെ ചരിത്രത്തിൽ ഇല്ലാത്തത്; ലോകകപ്പ് ജേതാക്കൾക്ക് സ്പെഷ്യൽ ഗിഫ്റ്റ് ഒരുക്കി ഫിഫ; ഫുട്ബോൾ പ്രേമികൾക്കും സമ്മാനം!
ഫുട്ബോൾ ലോകകപ്പ് വിജയിക്കുന്ന ടീമുകൾക്ക് ഈ വർഷം മുതൽ സ്വർണ്ണ മെഡലുകൾക്ക് പുറമെ പ്രത്യേക ചാമ്പ്യൻഷിപ്പ് റിങ്ങുകളും സമ്മാനിക്കുമെന്ന് ഫിഫ
വാഷിംഗ്ടൺ | ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വിജയികൾക്ക് പ്രത്യേക സമ്മാനവുമായി ഫിഫ (FIFA World Cup 2026). ഫുട്ബോൾ ലോകകപ്പ് വിജയിക്കുന്ന ടീമുകൾക്ക് ഈ വർഷം മുതൽ സ്വർണ്ണ മെഡലുകൾക്ക് പുറമെ പ്രത്യേക ചാമ്പ്യൻഷിപ്പ് റിങ്ങുകളും (Championship Rings) സമ്മാനിക്കുമെന്ന് ഫിഫ അറിയിച്ചു. ഉത്തര അമേരിക്കൻ കായിക മേഖലയിൽ പതിവായുള്ള ചാമ്പ്യൻഷിപ്പ് റിംഗ് സമ്മാനിക്കുന്ന രീതി ലോകകപ്പിലേക്കും പകർത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ഫുട്ബോൾ സംഘടന.
യു എസ് എയിൽ നടക്കുന്ന ഫൈനലിൽ കിരീടം നേടുന്ന ടീമിന് 30 കസ്റ്റമൈസ്ഡ് റിങ്ങുകളാണ് ലഭിക്കുക. വിജയിക്കുന്ന ടീമിനെ പ്രതിനിധീകരിക്കുന്ന രീതിയിലുള്ള ഡിസൈനിലാകും ഈ റിങ്ങുകൾ നിർമ്മിക്കുക. ഫൈനൽ മത്സരത്തിന് ശേഷം ടീം ക്യാപ്റ്റനും പരിശീലകനും താൽക്കാലിക റിങ്ങുകൾ നൽകും.

ആകെ 2026 റിങ്ങുകൾ മാത്രമാണ് നിർമ്മിക്കുന്നത് (Limited Edition FIFA Rings). ഇതിൽ വിജയികൾക്ക് ലഭിക്കാത്ത ബാക്കി റിങ്ങുകൾ പൊതുജനങ്ങൾക്ക് വാങ്ങാൻ ലഭ്യമാകും. ഇതിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഫിഫ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 1893ൽ മോൺട്രിയൽ ഹോക്കി ക്ലബ്ബിന് (Montreal Hockey Club) ലഭിച്ച റിംഗിൽ നിന്നാണ് ഇത്തരം സമ്മാനങ്ങളുടെ തുടക്കം എന്ന് കരുതപ്പെടുന്നു.


