Kerala
മുഖ്യമന്ത്രിയെ ബോധപൂര്‍വം കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നു; അലോഷ്യസിനെതിരെ ആരോപണവുമായി കെ എസ് യു ജനറല്‍ സെക്രട്ടറി
പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പാര്‍ട്ടി ഫോറങ്ങളിലാണ് പറയേണ്ടത്.
കൊച്ചി | മുഖ്യമന്ത്രി അവഗണിച്ചുവെന്ന പരാതിയില്‍ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെതിരെ ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി. അലോഷ്യസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ളതാണ് മുബാസിന്റെ പ്രതികരണം.
ചിലയാളുകള്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ബോധപൂര്‍വം കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്നാണ് കെ എസ് യുവിലെ വി ഡി സതീശന്‍ വിഭാഗം നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുബ്ബാസ് ആരോപിച്ചത്. സര്‍ക്കാര്‍ പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയാണ് പട്ടിക നല്‍കിയത്. ആ പട്ടികയേ പാര്‍ട്ടിക്ക് പരിഗണിക്കാന്‍ കഴിയുകയുള്ളൂവെന്ന് കെ എസ് യു ജനറല്‍ സെക്രട്ടറി പറഞ്ഞു. പ്ലീഡറായി നിയമിക്കപ്പെട്ട ശരത്ത് 2019 മുതല്‍ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്സിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും സജീവ പ്രവര്‍ത്തകനാണ്. ഇതില്‍ സംസ്ഥാന അധ്യക്ഷന് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പാര്‍ട്ടി ഫോറങ്ങളിലാണ് പറയേണ്ടതെന്നും മുബാസ് പറഞ്ഞു.
വിഷയത്തില്‍ കെ പി സി സിക്കോ മുഖ്യമന്ത്രിക്കോ ഔദ്യോഗികമായി പരാതി നല്‍കുന്നതിന് പകരം മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് ചെയ്തത്. അങ്ങനെ ചെയ്തതിനു ശേഷമാണോ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടേണ്ടത്. പ്രശ്നം പരിഹരിക്കുകയല്ല, സര്‍ക്കാരിനെയും മുഖ്യമന്ത്രിയും കരിവാരിത്തേക്കുകയാണ് ലക്ഷ്യമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. മോഹഭംഗങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന വൈരാഗ്യമാണിത്. ഇതിനു പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. ആരെയും സംഘി ചാപ്പ കുത്തി മാറ്റി നിര്‍ത്തുന്നതല്ല കെ എസ് യുവിന്റെ രാഷ്ട്രീയമെന്നും മുബാസ് തുറന്നടിച്ചു.
Content Highlights:
The KSU General Secretary has raised serious allegations against Alosious, claiming there is a deliberate conspiracy to tarnish the Chief Minister’s reputation. The statement highlights growing internal friction and political debates within the state’s student wings. Further political responses regarding these public accusations are currently awaited.


