UAE
ഇ20 ഹൈവേ അഞ്ച് വരിപ്പാതയാക്കി വികസിപ്പിക്കുന്നു; നാല് പുതിയ പാലങ്ങളും നിര്‍മിക്കും
സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ള പദ്ധതിയിലൂടെ നിലവിലെ മൂന്ന് വരിപ്പാത അഞ്ച് വരിപ്പാതയായി വീതികൂട്ടും.
അബൂദബി | ഖലീഫ സിറ്റിയിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുമായി ഇ20 ഹൈവേ വികസിപ്പിക്കുന്നതിനുള്ള വന്‍ പദ്ധതിയുമായി അബൂദബി മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഡിപാര്‍ട്ട്മെന്റ് (ഡി എം ടി). സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ള പദ്ധതിയിലൂടെ നിലവിലെ മൂന്ന് വരിപ്പാത അഞ്ച് വരിപ്പാതയായി വീതികൂട്ടും. ഇത് റോഡിന്റെ വാഹന ശേഷി വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പ്രധാന ഹൈവേ വികസനത്തിന് പുറമെ ഗതാഗതം സുഗമമാക്കുന്നതിനും കുരുക്കുകള്‍ ഒഴിവാക്കുന്നതിനുമായി 10.5 കിലോമീറ്റര്‍ നീളത്തില്‍ അനുബന്ധ റാമ്പുകളും ലൂപ്പുകളും നാല് പുതിയ പാലങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. സമീപ പ്രദേശങ്ങളിലെ റോഡ് ശൃംഖല ശക്തമാക്കുന്നതിനായി ഖലീഫ സിറ്റി, സായിദ് അന്താരാഷ്ട്ര വിമാനത്താവള മേഖല എന്നിവടങ്ങളിലായി 1.5 കിലോമീറ്റര്‍ ആഭ്യന്തര റോഡുകള്‍ വികസിപ്പിക്കുകയും എട്ട് ട്രാഫിക് ലൈറ്റ് ജങ്ഷനുകള്‍ സംയോജിപ്പിക്കുകയും ചെയ്യും.
റോഡ് ഇന്‍ഫ്രാസ്ട്രക്ചറിന് പുറമെ നഗര പരിസ്ഥിതി കൂടുതല്‍ സുസ്ഥിരവും ആകര്‍ഷകവുമാക്കാന്‍ വലിയ തോതിലുള്ള ലാന്‍ഡ്സ്‌കേപ്പിംഗ് ജോലികളും ഹരിത പ്രദേശങ്ങളുടെ വികസനവും പദ്ധതിയിലുണ്ട്. ഇതിന്റെ ഭാഗമായി 62 കിലോമീറ്റര്‍ നീളത്തില്‍ മണ്‍സൂണ്‍ ഡ്രെയിനേജ് ശൃംഖലയും 37 കിലോമീറ്റര്‍ നീളത്തില്‍ ജലസേചന ശൃംഖലയും നിര്‍മിക്കും. കൂടാതെ പാതകളില്‍ 485 പുതിയ തെരുവുവിളക്കുകളും സ്ഥാപിക്കും. എമിറേറ്റിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യക്ക് അനുസൃതമായി യാത്രാസൗകര്യങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെയും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.
Content Highlights:
The E20 Highway is set for a major upgrade as plans are finalized to widen it into a five-lane road. The project also includes the construction of four brand new bridges to ensure seamless traffic flow. This infrastructure development aims to reduce travel time and boost regional connectivity.



