Kerala
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രത. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ ജാഗ്രതയുണ്ട്.
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. മഴക്കൊപ്പം ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ട്. അഞ്ച് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രത. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ ജാഗ്രതയുണ്ട്.
മലബാര്‍ മേഖലയിലാണ് ഇന്ന് മഴ കനത്തു പെയ്യാന്‍ കൂടുതല്‍ സാധ്യതയുള്ളത്. വടക്കന്‍ കേരളത്തിനും മാന്നാര്‍ ഉള്‍ക്കടലിനും മുകളിലായി നിലനില്‍ക്കുന്ന രണ്ട് ചക്രവാതച്ചുഴികളാണ് മഴക്ക് കാരണം. 30 മുതല്‍ 40 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗം.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ രാത്രി 11.30 വരെ ഒന്നര മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരങ്ങളില്‍ നാളെ (ജൂലൈ 20, തിങ്കള്‍) പകല്‍ 5.30 മുതല്‍ വൈകിട്ട് 05.30 വരെ 1.2 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകളുണ്ടായേക്കും. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
Content Highlights:
The India Meteorological Department has forecast heavy rainfall at isolated places across Kerala today. A yellow alert has been issued for five districts including Malappuram, Kozhikode, Wayanad, Kannur, and Kasaragod. Authorities have advised residents to remain vigilant due to wind and lightning.SEO (English)



