International
ജയിലുകളിലെ സുരക്ഷക്കായി മുതലകള്‍; പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി ഇസ്‌റാഈല്‍
തെക്കന്‍ ഇസ്‌റാഈലിലെ കെറ്റ്‌സിയോട്ട് ജയിലിന് ചുറ്റുമായിരിക്കും മുതലകളെ ആദ്യഘട്ടത്തില്‍ വിന്യസിക്കുക. ഹമാസ് പോരാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന രാജ്യത്തെ പ്രധാന ജയിലുകളില്‍ ഒന്നാണിത്.
ജറുസലേം | തടവുചാട്ടം തടയുന്നതിനും ജയിലുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മുതലകളെ കാവലിനായി ഉപയോഗിക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി ഇസ്‌റാഈല്‍. ഇതിനായി മുതലകള്‍ക്ക് പുതിയൊരു വര്‍ഗീകരണം നല്‍കിക്കൊണ്ട് പരിസ്ഥിതി സംരക്ഷണ വകുപ്പ് മന്ത്രി ഇഡിറ്റ് സില്‍മാന്‍ ഉത്തരവിറക്കി. മുതലകളെ വന്യമൃഗങ്ങളുടെ പട്ടികയില്‍നിന്ന് മാറ്റി, ‘സുരക്ഷാ ആവശ്യങ്ങള്‍ക്കായി വളര്‍ത്താവുന്ന ജീവികള്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.
പരീക്ഷണാര്‍ഥം തെക്കന്‍ ഇസ്‌റാഈലിലെ കെറ്റ്‌സിയോട്ട് ജയിലിന് ചുറ്റുമായിരിക്കും മുതലകളെ ആദ്യഘട്ടത്തില്‍ വിന്യസിക്കുക. ഹമാസ് പോരാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന രാജ്യത്തെ പ്രധാന ജയിലുകളില്‍ ഒന്നാണിത്. ഇസ്‌റാഈല്‍ ജയില്‍ സര്‍വീസ് പോലുള്ള സുരക്ഷാ ഏജന്‍സികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും മുതലകളെ പരിപാലിക്കുക.
ഫലസ്തീന്‍ തടവുകാര്‍ക്കായുള്ള ജയിലിന് ചുറ്റും മുതലകളെ ഉപയോഗിക്കണമെന്ന് രാജ്യത്തെ തീവ്ര വലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഡിസംബറില്‍ നിര്‍ദേശിച്ചിരുന്നു.
നൈല്‍ മുതലകള്‍ക്ക് സുരക്ഷാ സംവിധാനമെന്ന നിലയില്‍ പുതിയ വര്‍ഗീകരണം
പുതിയ വര്‍ഗ്ഗീകരണ പ്രകാരം മുതലകളെ ‘വന്യമൃഗങ്ങള്‍’ എന്ന വിഭാഗത്തില്‍ നിന്ന് മാറ്റി ‘പരിപാലിക്കപ്പെടുന്ന വന്യമൃഗങ്ങള്‍’ (cultivated wild animals) എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ അനുമതിക്കും പരിസ്ഥിതി അധികൃതര്‍ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്കും വിധേയമായി, അംഗീകൃത സുരക്ഷാ ഏജന്‍സികള്‍ക്ക് സുരക്ഷാ ആവശ്യങ്ങള്‍ക്കായി മുതലകളെ വളര്‍ത്താന്‍ ഇത് അവസരമൊരുക്കും. ബെന്‍-ഗ്വിറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ഇസ്‌റാഈല്‍ പ്രിസണ്‍ സര്‍വീസ്’ അത്തരമൊരു ഏജന്‍സിയാണ്.
‘രക്ഷപ്പെടാന്‍ ശ്രമിക്കാമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? ഒന്നുകൂടി ആലോചിക്കുക.’- ബെന്‍-ഗ്വിര്‍ ഈയടുത്ത ദിവസം ഫേസ്ബുക്കില്‍ കുറിച്ചു. ചങ്ങലയില്‍ കെട്ടിയ ഒരു മുതല തനിക്കൊപ്പം നില്‍ക്കുന്ന വിധത്തിലുള്ള, എ ഐ (അക) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ചിത്രവും അദ്ദേഹം പങ്കുവച്ചു.
മുതല ഉപയോഗത്തെക്കുറിച്ചുള്ള വിമര്‍ശനം
കഴിഞ്ഞ വര്‍ഷം ബെന്‍-ഗ്വിര്‍ ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചപ്പോള്‍ ഇസ്‌റാഈല്‍ ‘പ്രകൃതിയും പാര്‍ക്കുകളും അതോറിറ്റി’ എതിര്‍ത്തതായി ഇസ്‌റാഈലിന്റെ ചാനല്‍ 13 റിപോര്‍ട്ട് ചെയ്തു. ഗവേഷണ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മാത്രമേ വന്യമൃഗങ്ങളെ സൂക്ഷിക്കാന്‍ പാടുള്ളൂവെന്ന് അതോറിറ്റി പറഞ്ഞു.
വളര്‍ത്തു മുതലകള്‍ കാട്ടിലേക്ക് രക്ഷപ്പെടുന്നതും മനുഷ്യജീവിതത്തിന് അപകടമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട മുന്‍ പ്രശ്‌നങ്ങളും അതോറിറ്റി ഉദ്ധരിച്ചു. ഇസ്‌റാഈല്‍ ജയില്‍ സര്‍വീസിലെ നിരവധി ഉദ്യോഗസ്ഥരുടെ പരിഹാസത്തിന് ഈ ആശയം ഇരയായെന്നും ചാനല്‍ 13 സൂചിപ്പിച്ചു.
Content Highlights:
Israel is planning a novel security measure for its prisons. The country aims to deploy crocodiles to bolster jail defenses and deter escapes. Further details regarding implementation are expected soon.




