Connect with us

Career Notification

ലിങ്ക്ഡ് ഇന്നിൽ ലിങ്കാകട്ടെ ജോലി

വളരെ ചലനാത്മകമായ തൊഴിൽ രംഗത്ത് അർഹതപ്പെട്ട ജോലികൾ ലഭിക്കണമെങ്കിൽ തന്ത്രപരമായ നീക്കങ്ങൾ നടത്തണം.

Published

|

Last Updated

ലിങ്ക്ഡ് ഇൻ, ലോകത്തെ ഏറ്റവും അധികം തൊഴിലന്വേഷകരും വിദ്യാർഥികളും ഉപയോഗപ്പെടുത്തുന്ന പ്രൊഫഷനൽ നെറ്റ്‌വർക്കിംഗ് പോർട്ടലാണ്. വ്യത്യസ്ത മേഖലകളിലുള്ള 120 കോടിയോളം സബ്‌സ്‌ക്രൈബർമാർ ഈ പോർട്ടലിനുണ്ട്. വിവിധ മേഖലകളിലെ പ്രൊഫഷനൽ നെറ്റ്‌വർക്കിംഗ് കൂടാതെ തൊഴിലന്വേഷകർക്ക് തങ്ങളുടെ പ്രൊഫൈൽ സമർപ്പിക്കാനും തൊഴിൽ ദായകർക്ക് തങ്ങൾക്കാവശ്യമായ യോഗ്യത ഉള്ളവരെ കണ്ടെത്താനും ഈ പോർട്ടലിൽ സൗകര്യമുണ്ട്. കൂടാതെ വിവിധ വിഷയങ്ങളിൽ ആയിരക്കണക്കിന് ഡിജിറ്റൽ കോഴ്‌സുകളും ലിങ്ക്ഡ് ഇൻ പോർട്ടലിലുണ്ട്.

വലിയ യോഗ്യത ഉള്ളവർക്ക് മാത്രം ഉപയോഗിക്കാനുള്ളതല്ല ലിങ്ക്ഡ് ഇൻ, ഇൻഡീഡ്, നൗക്‌രി. കോം തുടങ്ങിയ ജോബ് പോർട്ടലുകൾ. നാട്ടിലും പുറത്തുമുള്ള അസംഖ്യം തൊഴിലവസരങ്ങൾ കണ്ടെത്താനും യോജിച്ച ജോലികൾ പെട്ടെന്ന് കരസ്ഥമാക്കാനും ഇത്തരം സൈറ്റുകൾ സഹായിക്കുന്നു. തങ്ങൾക്കുള്ള യോഗ്യതകൾ ആവശ്യക്കാരിലേക്കെത്തിക്കാൻ ഈ സൈറ്റുകൾ വഴി സാധിക്കും. കൃത്യമായും ഫലപ്രദമായും ഇത്തരം സൗകര്യങ്ങളെ ഉപയോഗിക്കാൻ തൊഴിലന്വേഷകർ ശ്രമിച്ചാൽ കരിയർ രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കാൻ അവർക്ക് കഴിയും.

സി വിയും ലിങ്ക്ഡ് ഇൻ പ്രൊഫൈലും തമ്മിലുള്ള വ്യത്യാസം

സി വി ഓരോ തൊഴിലിനും വേണ്ടി തയ്യാറാക്കി വെച്ചിരിക്കുന്ന രേഖയാണ്. അത് ഓരോ തൊഴിലവസരം വരുമ്പോഴും അയച്ചു കൊടുക്കണം. എന്നാൽ ലിങ്ക്ഡ് ഇൻ മുഴുവൻ സമയവും ഓൺലൈനിൽ ലഭ്യമായ പൂർണമായ പ്രൊഫൈലാണ്. ഏത് സമയത്തും തൊഴിൽദായകർക്ക് തങ്ങൾക്കാവശ്യമായ യോഗ്യതകൾ ഉള്ള ജീവനക്കാരെ തിരഞ്ഞെടുക്കാൻ ലിങ്ക്ഡ് ഇൻ വഴി സാധിക്കും. ഒരാളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അയാളുടെ താത്പര്യങ്ങൾക്ക് വേണ്ടി ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കും.

വളരെ പ്രൊഫഷനലായ ഒരു ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ഒരാളുടെ ലിങ്ക്ഡ് ഇൻ ദൃശ്യതയും അതിന്റെ ഫലപ്രാപ്തിയും വർധിപ്പിക്കും. ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രൊഫൈൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വ്യക്തതയുള്ള ഒരു പ്രൊഫൈൽ ഫോട്ടോ വേണം ഉപയോഗിക്കാൻ. അത് പ്രൊഫൈലിന്റെ നിലവാരം വർധിപ്പിക്കും. നല്ല വസ്ത്രം ധരിച്ച, പുഞ്ചിരിയോടെ ഉള്ള ഫോട്ടോ ഉപയോഗിക്കുക.
പ്രവൃത്തി പരിചയം വിവരിച്ചെഴുതണം. ജോലിയുടെ പേര് മാത്രം മതിയാകില്ല. സ്ഥാപനത്തിലെ തന്റെ റോളും ജോലിയിൽ നേടിയ നേട്ടങ്ങളും വിസ്തരിച്ചു തന്നെ എഴുതണം. ആവശ്യമായ ഡാറ്റകളും നൽകാം.
ബന്ധപ്പെടാനുള്ള വിലാസം വ്യക്തമായി രേഖപ്പെടുത്തണം. ഇ മെയിൽ ഐ ഡി, വെബ്‌സൈറ്റ് ഉണ്ടെങ്കിൽ അതിന്റെ അഡ്രസ്സ് എന്നിവയും രേഖപ്പെടുത്തണം

പ്രവൃത്തിപരിചയം സൂചിപ്പിക്കുമ്പോൾ തസ്തികയുടെ പേര് മാത്രം എഴുതാതെ ഒരൽപ്പം വിശദമായി ആ തസ്തികയുടെ റോൾ കൂടി എഴുതണം.

എബൗട്ട് സെക്‌ഷനിൽ വിവരങ്ങൾ നൽകുന്നത് വെബ് സേർച്ചിംഗ് നടത്തുമ്പോൾ ശ്രദ്ധയിൽപ്പെടാൻ ആവശ്യമായ കീവേർഡുകൾ കൂടി ഉൾപ്പെടുത്തി ആകണം.

തൊഴിൽ ദാതാക്കൾക്ക് കണ്ട് മനസ്സിലാക്കാൻ പാകത്തിൽ താൻ നേടിയെടുത്ത, ജോലി സാധ്യത വർധിപ്പിക്കുന്ന സ്‌കില്ലുകൾ പ്രൊഫൈലിൽ രേഖപ്പെടുത്തണം. പ്രത്യേക സ്‌കില്ലുകൾ ആവശ്യമായ തൊഴിലുകൾക്ക് അനുയോജ്യരായ തൊഴിലാളികളെ കണ്ടെത്താൻ സ്ഥാപനങ്ങളെ ഇത് സഹായിക്കും
ഗൂഗിൾ, കോഴ്‌സെറാ, യുഡമി തുടങ്ങിയ സ്രോതസ്സുകളിൽ നിന്ന് ലഭിച്ച അക്കാദമിക്, സ്‌കിൽ സർട്ടിഫിക്കേഷനുകൾ, ലൈസൻസുകൾ എന്നിവ ഉൾക്കൊള്ളിക്കണം. ഇവ ജോലിയിൽ പുരോഗതിക്കായി ശ്രമിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടും.

വിവിധ മേഖലകളിലെ വളണ്ടിയർ ആയി സേവനം ചെയ്തതിന്റെ രേഖകൾ പ്രൊഫൈലിൽ ചേർക്കണം. നേതൃഗുണം സഹാനുഭൂതി തുടങ്ങിയ ഗുണങ്ങളുള്ള വ്യക്തിയാണ് എന്നതിന്റെ സൂചനയായി തൊഴിൽ ദാതാക്കൾ ഇത് പരിഗണിക്കും.

പ്രസിദ്ധീകരിച്ച സ്വന്തം ലേഖനങ്ങൾ, ബ്ലോഗുകൾ, ഗവേഷണ പ്രവർത്തനങ്ങൾ മുതലായവ ഫീച്ചേർഡ് സെക്‌ഷനിൽ ചേർക്കണം. ഇത് ലിങ്ക്ഡ് ഇൻ പ്രൊഫൈൽ സന്ദർശകരുടെ എണ്ണം വർധിക്കാൻ സഹായകരമാകും.
മുമ്പ് പ്രവർത്തിച്ച കമ്പനികളുടെ മാനേജർമാർ, സഹപ്രവർത്തകർ, കക്ഷികൾ തുടങ്ങിയവരിൽ നിന്നുള്ള ശിപാർശകൾ പ്രൊഫൈലിൽ ഉൾക്കൊള്ളിക്കുന്നത് നല്ലതാണ്.

വിവിധ വിഷയങ്ങളെ കുറിച്ച് അഭിപ്രായങ്ങൾ ഷെയർ ചെയ്യുക, ചോദ്യങ്ങൾ ചോദിക്കുക തുടങ്ങിയ കാര്യങ്ങൾ പ്രൊഫൈലിനെ ചലനാത്മകമാക്കും.

ആളുകൾക്ക് താത്പര്യമുള്ള വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുക, വിവിധ തരത്തിലുള്ള ടിപ്പുകൾ, ലേഖനങ്ങൾ എന്നിവ ഉൾപ്പെടുത്തുക എന്നിവ പ്രയോജനകരമാകും. കാലിക വിഷയങ്ങളെ കുറിച്ച് ആഴത്തിലുള്ള അറിവ് പ്രകടമാക്കുന്ന തരത്തിൽ വലിയ ലേഖനങ്ങൾ എഴുതുന്നത് പ്രൊഫൈലിന്റെ ആധികാരികത വർധിപ്പിക്കും. ഹാഷ്ടാഗുകൾ തന്ത്രപരമായി ഉപയോഗിക്കാൻ ശ്രമിക്കണം . പ്രൊഫൈൽ സന്ദർശകരുടെ എണ്ണം വർധിപ്പിക്കാൻ ഈ നീക്കങ്ങൾ കാരണമാകും.

പ്രൊഫൈലിന്റെ യു ആർ എൽ കസ്റ്റമൈസ് ചെയ്ത് പ്രൊഫൈലിന്റെ ദൃശ്യത കൂട്ടാം. യു ആർ ലിൽ സ്വന്തം വിവരങ്ങൾ പരമാവധി ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക.

പ്രൊഫൈൽ ഇടക്കിടെ അവലോകനം ചെയ്യുകയും അപ്‌ഡേറ്റ് ചെയ്യുകയും വേണം. പുതുതായി നേടിയ സ്‌കില്ലുകളും സർട്ടിഫിക്കേഷനുകളും പുതിയ തൊഴിൽ പരിചയവുമെല്ലാം പ്രൊഫൈലിൽ പ്രതിഫലിക്കണം. അത് പ്രൊഫൈലിനെ പുതുമയുള്ളതും മത്സരാത്മകവുമാക്കും.

പ്രൊഫൈലിൽ വീഡിയോകൾ, പി ഡി എഫ്, പ്രസന്റേഷനുകൾ തുടങ്ങി മൾട്ടീമീഡിയ ഉള്ളടക്കങ്ങൾ ഉൾക്കൊള്ളിക്കുന്നത് പ്രൊഫൈലിലേക്ക് സന്ദർശകരെ ആകർഷിക്കാൻ സഹായിക്കും.

വളരെ ചലനാത്മകമായ തൊഴിൽ രംഗത്ത് അർഹതപ്പെട്ട ജോലികൾ ലഭിക്കണമെങ്കിൽ തന്ത്രപരമായ നീക്കങ്ങൾ നടത്തണം. പരമ്പരാഗതമായ രീതികൾ പലപ്പോഴും തൊഴിലന്വേഷകരെ മത്സരത്തിന്റെ പുറത്തുനിർത്താൻ കാരണമായേക്കും. വളരെ പ്രൊഫഷനലായ ലിങ്ക്ഡ് ഇൻ അടക്കമുള്ള കരിയർ നെറ്റ്‌വർക്കിംഗ് പ്രൊഫൈലുകൾ തൊഴിലന്വേഷകരും തൊഴിൽദായകരും തമ്മിലുള്ള അകലം കുറക്കുമെന്നത് മനസ്സിലാക്കണം.

Content Highlights:
LinkedIn offers over 1.2 billion users a platform for career networking and job placement. A well-optimized profile with clear photos, detailed experience, skill certifications, and active engagement significantly increases job opportunities compared to a traditional CV.

---- facebook comment plugin here -----

Latest