UAE
പ്രതിസന്ധിക്കിടയിലും യാത്രാത്തിരക്ക് കുറയാതെ ദുബൈ വിമാനത്താവളം
ബദൽ വ്യോമപാതകൾ ഉപയോഗിച്ച് സർവീസുകൾ
ദുബൈ | മിഡിൽ ഈസ്റ്റിൽ സൈനിക പിരിമുറുക്കങ്ങളും വ്യോമപാതകളിൽ മാറ്റങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (ഡി എക്‌സ് ബി) സാധാരണ നിലയിൽ പൂർണ ശേഷിയോടെ പ്രവർത്തിക്കുന്നതായി ദുബൈ എയർപോർട്ട്‌സ് സി ഇ ഒ പോൾ ഗ്രിഫിത്ത്‌സ് അറിയിച്ചു. യു കെയിൽ നടക്കുന്ന ഫാർൺബറോ അന്താരാഷ്ട്ര എയർഷോക്കിടെ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സർവീസുകളിൽ 80 മുതൽ 90 ശതമാനം വരെ നിലവിൽ സാധാരണ രീതിയിൽ തന്നെ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. വടക്കൻ മേഖലകളിലെ വ്യോമപാതകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല. സഊദി അറേബ്യ വഴിയും തെക്കൻ മേഖലകൾ വഴിയുമുള്ള ബദൽ വ്യോമപാതകളിലൂടെയാണ് നിലവിൽ വിമാനങ്ങൾ സർവീസ് നടത്തുന്നത്. ഇറാന്റെയും ഇറാഖിന്റെയും വ്യോമപാതകൾ പൂർണമായി തുറക്കുന്നതുവരെ ഈ ബദൽ പാതകൾ തുടരും.
പ്രാദേശിക പ്രതിസന്ധി ആരംഭിച്ചത് മുതൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളവും അൽ മക്തൂം വിമാനത്താവളവും വഴി 60 ലക്ഷത്തിലധികം (ആറ് മില്യൺ) യാത്രക്കാരാണ് യാത്ര ചെയ്തത്. ഈ കാലയളവിൽ 32,000-ത്തിലധികം വിമാന സർവീസുകളും 2,13,000 ടൺ ചരക്ക് നീക്കവും നടന്നു. അടിയന്തര സാഹചര്യങ്ങളിലും സർവീസുകൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ദുബൈയുടെ വ്യോമയാന മേഖലയ്ക്ക് സാധിക്കുന്നുണ്ടെന്ന് ഇത് തെളിയിക്കുന്നു.
നിലവിൽ അമ്പതോളം വിദേശ വിമാനക്കമ്പനികൾ ദുബൈയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്. ബ്രിട്ടീഷ് എയർവേസ്, എയർ ഫ്രാൻസ് തുടങ്ങിയ പ്രമുഖ യൂറോപ്യൻ വിമാനക്കമ്പനികളുടെ സർവീസുകൾ വൈകുന്നതിന് കാരണം അതത് രാജ്യങ്ങളുടെ നയങ്ങളും ഇൻഷ്വറൻസ് സംബന്ധമായ കാര്യങ്ങളുമാണ്. സാഹചര്യം മെച്ചപ്പെടുന്നതോടെ സർവീസുകൾ പൂർണമായി പുനഃസ്ഥാപിക്കപ്പെടുമെന്നും പോൾ ഗ്രിഫിത്ത്‌സ് കൂട്ടിച്ചേർത്തു.
Content Highlights:
Dubai International Airport is operating normally at full capacity despite regional tension and airspace changes, says CEO Paul Griffiths. Alternative routes via Saudi Arabia are being utilized to ensure seamless travel. Over 6 million passengers and 32,000 flights were processed smoothly.




