National
രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കി; വലിച്ചിഴച്ച് പോലീസ്; രാഹുലിന്റെ മുഖത്ത് പരിക്ക്; ഡൽഹിയിൽ പ്രക്ഷോഭത്തിര
വിദ്യാർത്ഥി പ്രതിഷേധത്തിന് മേലുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിന് മുന്നിൽ കോൺഗ്രസ് അഞ്ച് പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ചു
ന്യൂഡൽഹി | രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ച (NEET Paper Leak) വിഷയത്തിലും വിദ്യാർഥികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ നാടകീയ രംഗങ്ങൾ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിനൊടുവിൽ നേതാക്കളെ ഡൽഹി പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഉച്ചയോടെ 10 രാജ്‌ജി മാർഗിലെ കോൺഗ്രസ് അധ്യക്ഷന്റെ വസതിയിൽ നിന്ന് ആരംഭിച്ച മാർച്ച് കേവലം ഒരു കിലോമീറ്റർ അകലെയുള്ള 7 ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയതോടെയാണ് സംഘർഷഭരിതമായത്. മണിക്കൂറുകളോളം റോഡിൽ ഇരുന്ന് പ്രതിഷേധിച്ച നേതാക്കളെ പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു. പത്തിലധികം പോലീസ് ഉദ്യോഗസ്ഥർ വളഞ്ഞാണ് രാഹുൽ ഗാന്ധിയെ സ്ഥലത്തുനിന്ന് മാറ്റിയത്. ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിയുടെ മൂക്കിനു താഴെ പരുക്കേറ്റു. മൂക്കിൽ നിന്ന് നിന്ന് രക്തം വാർന്നതായി ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന് ശേഷം പോലീസിന്റെ ബസിൽ കൊണ്ടുപോകുന്നതിനിടെ, ‘ഇതാണ് ഇപ്പോൾ ഇന്ത്യയിലെ ജനാധിപത്യ’മെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം തുടർന്ന രാഹുൽ ഗാന്ധിയുമായി പ്രധാനമന്ത്രിയുടെ ഓഫീസിലെ (പി എം ഒ) സഹമന്ത്രി ജിതേന്ദ്ര സിംഗ് മിനിറ്റുകളോളം സംസാരിച്ചു. എന്നാൽ, ചർച്ചകൾ നിഷ്ഫലമായതായി കോൺഗ്രസ് അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, നീറ്റ് വിഷയത്തിൽ പാർലമെന്റിൽ അടിയന്തര ചർച്ച എന്നിവയായിരുന്നു കോൺഗ്രസിന്റെ പ്രധാന ആവശ്യങ്ങൾ. തുടക്കത്തിൽ പാർലമെന്റിൽ ചർച്ച മാത്രം ആവശ്യപ്പെട്ട രാഹുൽ ഗാന്ധി പിന്നീട് വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൂടി വേണമെന്ന് പറഞ്ഞ് വാക്കുമാറിയെന്ന് ജിതേന്ദ്ര സിംഗ് ആരോപിച്ചു.
തിങ്കളാഴ്ച പാർലമെന്റിലേക്ക് മാർച്ച് നടത്തിയ കോക്രോച്ച് ജനത പാർട്ടി (സി ജെ പി) പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഈ അതിക്രമത്തിൽ പ്രതിഷേധിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ രാജി ആവശ്യപ്പെട്ടുമായിരുന്നു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സമരം.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻ സി പി (ശരദ്ചന്ദ്ര പവാർ) നേതാവ് സുപ്രിയ സുലെ തുടങ്ങിയവരും കോൺഗ്രസ് പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയെങ്കിലും, എ എ പി (ആം ആദ്മി പാർട്ടി) ഇതിനെതിരെ രംഗത്തുവന്നു. സി ജെ പി പ്രക്ഷോഭത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബി ജെ പി തയാറാക്കിയ തിരക്കഥയാണ് കോൺഗ്രസിന്റെ പ്രതിഷേധമെന്ന് എ എ പി ആരോപിച്ചു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരം നൽകുന്നില്ലെന്ന് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. പ്രതിപക്ഷം വിഷയം ഉന്നയിക്കാൻ ശ്രമിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ചോദ്യപേപ്പർ ചോർച്ച തടയുന്നത് ദേശീയ ഉത്തരവാദിത്തമാണെന്നും തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എൻ ഡി എ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, സി ജെ പി പ്രതിഷേധത്തിൽ 118 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും വലിയ തോതിലുള്ള അക്രമമാണ് നടന്നതെന്നും ഡൽഹി പോലീസ് അവകാശപ്പെട്ടു.


പരുക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ചു
ഡൽഹിയിലെ രാം മനോഹർ ലോഹ്യ (RML) ആശുപത്രിയിലും ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച പരിക്കേറ്റ വിദ്യാർത്ഥികളെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വധ്രയും സന്ദർശിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ‘ചലോ സൻസദ്’ മാർച്ചിലുണ്ടായ സംഘർഷത്തിൽ നിരവധിയാളുകൾക്കാണ് പരിക്കേറ്റത്.
കോൺഗ്രസിന്റെ പ്രധാന ആവശ്യങ്ങൾ
വിദ്യാർത്ഥി പ്രതിഷേധത്തിന് മേലുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിന് മുന്നിൽ കോൺഗ്രസ് അഞ്ച് പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെച്ചു. കേന്ദ്ര എച്ച് ആർ ഡി (HRD) മന്ത്രിയുടെ രാജി, വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി സഭയിൽ പ്രസ്താവന നടത്തുക, പാർലമെന്റിൽ വിഷയം ചർച്ച ചെയ്യുക, വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാവുക, തിങ്കളാഴ്ച നടന്ന അക്രമസംഭവങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുക എന്നിവയാണ് ആവശ്യങ്ങൾ. അടിച്ചമർത്തൽ നയം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

ജന്തർ മന്തറിലെ പ്രതിഷേധവും രാഷ്ട്രീയ പിന്തുണയും
ജന്തർ മന്തറിൽ തുടരുന്ന സി ജെ പി (CJP) പ്രതിഷേധത്തിന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പിന്തുണയുമായി എത്തി. എൻ സി പി (NCP) എസ് പി അധ്യക്ഷൻ ശരദ് പവാർ, നേതാവ് സുപ്രിയ സുലെ, എ എ പി (AAP) അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ എന്നിവർ പ്രതിഷേധ സ്ഥലം സന്ദർശിച്ച് സംസാരിച്ചു. ശിവസേന യു ബി ടി (UBT) അധ്യക്ഷൻ ഉദ്ധവ് താക്കറെ നാളെ ജന്തർ മന്തറിലെത്തുമെന്ന് ആദിത്യ താക്കറെ അറിയിച്ചു. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകുന്നതിനായി ശിവസേന യു ബി ടി പ്രത്യേക ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര ബന്ദ് പ്രഖ്യാപനം
വിദ്യാർത്ഥികൾക്ക് നേരെ നടന്ന ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് വഞ്ചിത് ബഹുജൻ അഘാഡി (VBA) ജൂലൈ 23 ന് മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്തു. എല്ലാ ജനവിഭാഗങ്ങളും ബന്ദിന് പിന്തുണ നൽകണമെന്ന് വി ബി എ അധ്യക്ഷൻ പ്രകാശ് അംബേദ്കർ അഭ്യർത്ഥിച്ചു. അതേസമയം, സർക്കാരിന്റെ ലാത്തിച്ചാർജ് നടപടിയെയും ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയ രീതിയെയും രൂക്ഷമായി വിമർശിച്ച എം എൻ എസ് (MNS) അധ്യക്ഷൻ രാജ് താക്കറെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും ആവശ്യപ്പെട്ടു.
അച്ചടക്ക നടപടിയുമായി സി ജെ പി
പ്രതിഷേധങ്ങൾക്കിടയിൽ സി ജെ പി പോലീസിന്റെ ഭാഗത്തുനിന്ന് ക്രൂരമായ അതിക്രമങ്ങൾ നേരിട്ടപ്പോൾ, പാർട്ടി വക്താവ് വിജയേത ദഹിയ കാണിച്ച പെരുമാറ്റം പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കി അദ്ദേഹത്തെ വക്താവ് സ്ഥാനത്തുനിന്നും മറ്റ് എല്ലാ ഔദ്യോഗിക ചുമതലകളിൽ നിന്നും പാർട്ടി നീക്കം ചെയ്തു. ഡൽഹിയിലെ ക്രമസമാധാന നില കണക്കിലെടുത്ത് മേഖലയിൽ പോലീസിനെയും ആർ എ എഫ് (RAF) സേനയെയും വ്യാപകമായി വിന്യസിച്ചിട്ടുണ്ട്.
Content Highlights
Leader of Opposition Rahul Gandhi and Priyanka Gandhi were detained by Delhi Police during a Congress protest over the NEET paper leak near PM Modi’s residence. The protest erupted following police action against student demonstrators, leading to high political drama in the capital.




