Editors Pick
ഇന്ത്യക്കാർക്ക് UAE Visa on Arrival സൗകര്യം: എല്ലാവർക്കും ലഭിക്കുമോ? യോഗ്യതകൾ എന്തൊക്കെ? അറിയേണ്ടതെല്ലാം
യോഗ്യരായ ഇന്ത്യൻ യാത്രക്കാർക്ക് രണ്ട് തരം വിസ ഓൺ അറൈവൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കാവുന്നതാണ്
ദുബൈ | ഇന്ത്യൻ പാസ്‌പോർട്ട് (Indian Passport) ഉള്ളവർക്ക് യു എ ഇ നൽകുന്ന വിസ ഓൺ അറൈവൽ (Visa on Arrival) ആനുകൂല്യം സംബന്ധിച്ച് വ്യക്തത വരുത്തി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA Dubai). വിദേശരാജ്യങ്ങളിൽ താമസിക്കുന്ന നിശ്ചിത രാജ്യങ്ങളുടെ സാധുവായ റെസിഡൻസ് പെർമിറ്റ് (Residence Permit) ഉള്ള ഇന്ത്യൻ പൗരന്മാർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക എന്ന് അധികൃതർ അറിയിച്ചു.
UAE Visa on Arrival ആർക്കൊക്കെ ലഭിക്കും?
സാധാരണ ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവരും ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട് ഉള്ളവരുമായ വ്യക്തികൾക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. ഇതിനുപുറമെ അംഗീകൃത രാജ്യങ്ങളിലൊന്നിന്റെ സാധുവായ റെസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം. യോഗ്യരായ യാത്രക്കാരുടെ കൂടെയുള്ള കുടുംബാംഗങ്ങൾക്കും ഈ നിബന്ധനകൾ പാലിക്കുന്നുണ്ടെങ്കിൽ വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാണ്.
അംഗീകൃത റെസിഡൻസ് പെർമിറ്റുകൾ
താഴെ പറയുന്ന രാജ്യങ്ങളിലെ സാധുവായ റെസിഡൻസ് പെർമിറ്റ് ഉള്ള ഇന്ത്യൻ പൗരന്മാർക്കാണ് യു എ ഇ വിസ ഓൺ അറൈവൽ അനുവദിക്കുന്നത്:
- യുണൈറ്റഡ് സ്റ്റേറ്റ്സ് (United States)
- യുണൈറ്റഡ് കിംഗ്ഡം (United Kingdom)
- യൂറോപ്യൻ യൂണിയൻ (European Union) അംഗരാജ്യങ്ങൾ
- കാനഡ (Canada)
- ഓസ്ട്രേലിയ (Australia)
- ന്യൂസിലാൻഡ് (New Zealand)
- ജപ്പാൻ (Japan)
- സൗത്ത് കൊറിയ (South Korea)
- സിംഗപ്പൂർ (Singapore)

ലഭ്യമായ വിസ ഓപ്ഷനുകൾ
യോഗ്യരായ ഇന്ത്യൻ യാത്രക്കാർക്ക് രണ്ട് തരം വിസ ഓൺ അറൈവൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കാവുന്നതാണ്:
- 14 ദിവസത്തെ വിസ: രാജ്യത്ത് എത്തുന്ന തീയതി മുതൽ 14 ദിവസത്തേക്ക് കാലാവധിയുണ്ടാകും. ആവശ്യമെങ്കിൽ ഒരു തവണ കൂടി 14 ദിവസത്തേക്ക് നീട്ടിയെടുക്കാവുന്നതാണ്.
- 60 ദിവസത്തെ വിസ: 60 ദിവസത്തെ കാലാവധിയുള്ള വിസയാണിത്. എന്നാൽ ഈ വിസ കാലാവധി നീട്ടിയെടുക്കാൻ സാധിക്കില്ല.
ആവശ്യമായ രേഖകളും അപേക്ഷാ രീതിയും
അപേക്ഷ സമർപ്പിക്കുന്നതിനായി ഇനിപ്പറയുന്ന രേഖകൾ ആവശ്യമാണ്:
- വെള്ള ബാക്ക്ഗ്രൗണ്ടിലുള്ള സമീപകാലത്ത് എടുത്ത കളർ ഫോട്ടോ
- കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട്
- അംഗീകൃത രാജ്യങ്ങളിലൊന്നിന്റെ സാധുവായ റെസിഡൻസ് പെർമിറ്റ്
അപേക്ഷകൾ ദുബായ് ജി ഡി ആർ എഫ് എ യുടെ ഡിജിറ്റൽ ചാനലുകൾ വഴി സമർപ്പിക്കണം. സ്മാർട്ട് സർവീസസ് പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്ത് വിസ ഓൺ അറൈവൽ സേവനം തിരഞ്ഞെടുത്ത് വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്ത് നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ അംഗീകരിച്ച ശേഷം വിസ ഇമെയിൽ വഴി ലഭിക്കും. വെബ്‌സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ വഴി 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്. 48 മണിക്കൂറിനുള്ളിൽ അപേക്ഷകൾ പ്രോസസ്സ് ചെയ്യപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.

വിസ ഫീസും മറ്റ് വിവരങ്ങളും
- 14 ദിവസത്തെ വിസ ഓൺ അറൈവൽ ഫീസ്: 172.50 ദിർഹം
- 60 ദിവസത്തെ വിസ ഓൺ അറൈവൽ ഫീസ്: 422.50 ദിർഹം
സുഗമമായ പ്രവേശന നടപടികൾ ഉറപ്പാക്കുന്നതിനും രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുമാണ് യു എ ഇ ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. 2026 ന്റെ ആദ്യ പകുതിയിൽ മാത്രം 73,551 വിസകളാണ് ഈ സ്കീം വഴി അനുവദിച്ചിട്ടുള്ളത്.
Content Highlights
GDRFA Dubai clarified that Indian passport holders with valid residence permits from select countries like US, UK, and EU can get a UAE visa on arrival. Options include 14-day or 60-day visas processed digitally within 48 hours. Over 73,000 visas were issued under this scheme in H1 2026.





