Kerala
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പോലീസിന്റെ അതിക്രമം; സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം
പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു.
തിരുവനന്തപുരം | ഡല്‍ഹിയില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ചുമായി രംഗത്തെത്തിയത്. തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എറണാകുളം എം ജി റോഡില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ റോഡ് ഉപരോധിച്ചു. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ആലപ്പുഴ കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഞ്ചിനാട് എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞു. കൊല്ലം ജില്ലയിലെ കുണ്ടറയിലും കേരളപുരത്തും കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പാലക്കാട് ചിറ്റൂരിലും പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു.
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള നേതാക്കളെ ഡല്‍ഹി പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. വലിച്ചിഴച്ചാണ് രാഹുല്‍ഗാന്ധിയെ പോലീസ് കൊണ്ടുപോയത്. പോലീസിന്റെ ബലപ്രയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുഖത്ത് പരുക്കേറ്റു.
Content Highlights: Widespread protests erupted across Kerala by Youth Congress and KSU over Delhi Police action against Rahul Gandhi. Demonstrators blocked roads in Ernakulam, stopped the Vanchinad Express in Kayamkulam, and burnt effigies of Modi and Amit Shah. Gandhi was injured during his arrest in Delhi.





