UAE
കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ ഇനി അല്‍ ഹിന്ദ് ട്രാവല്‍സ് വഴി; സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കം
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ അബുദാബിയിലെ ഇന്ത്യന്‍ എംബസി, ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് വളപ്പുകളില്‍ നേരിട്ടുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് എംബസി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അബുദാബി | യു എ ഇയിലെ ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ ഇനി മുതല്‍ ‘അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്’ (Al Hind Tours & Travels LLC) വഴി ലഭ്യമാകും. ജൂലൈ 22 ബുധനാഴ്ച മുതല്‍ രാജ്യത്തുടനീളമായി പ്രവര്‍ത്തനം ആരംഭിക്കുന്ന 16 ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകള്‍ (ഐ സി എ സി) വഴിയാണ് സേവനങ്ങള്‍ നല്‍കുക. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ അബുദാബിയിലെ ഇന്ത്യന്‍ എംബസി, ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് വളപ്പുകളില്‍ നേരിട്ടുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് എംബസി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ consularsevainuae.com എന്ന വെബ്സൈറ്റ് വഴി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടതുണ്ട്. എല്ലാ ദിവസവും രാവിലെ 9:00, രാത്രി 9:00 എന്നീ സമയങ്ങളിലാണ് പുതിയ അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകള്‍ ലഭ്യമാക്കുക. എന്നാല്‍ തത്കാല്‍ പാസ്പോര്‍ട്ട്, നവജാത ശിശുക്കളുടെ അപേക്ഷകള്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇ സി), 60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ഇല്ലാതെ നേരിട്ടെത്തി സേവനം നേടാവുന്നതാണ്. എല്ലാ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തന സമയം രാവിലെ 8:00 മുതല്‍ വൈകുന്നേരം 6:00 വരെയായിരിക്കും.
കേന്ദ്ര സര്‍ക്കാറിന്റെ ഫീസിന് പുറമെ, സേവന നിരക്കായി 19 ദിര്‍ഹം (AED 19) ആണ് അല്‍ ഹിന്ദ് ഈടാക്കുക. ഇതില്‍ വാറ്റ്, ഫോം പൂരിപ്പിക്കല്‍, ഫോട്ടോ, ഡോക്യുമെന്റ് ടൈപ്പിംഗ്, പ്രിന്റ് ഔട്ട്, ഫോട്ടോ കോപ്പി, ഡൊമസ്റ്റിക് കൊറിയര്‍ തുടങ്ങിയ മുഴുവന്‍ അനുബന്ധ സേവനങ്ങളും ഉള്‍പ്പെടും. അബുദാബി എമിറേറ്റില്‍ അല്‍ ഖാലിദിയ, മുസഫ, അല്‍ റീം, അല്‍ ഐന്‍, മദീനത്ത് സായിദ്, ഗയാത്തി എന്നിവിടങ്ങളിലും ദുബായ്, വടക്കന്‍ എമിറേറ്റുകളില്‍ ബര്‍ ദുബായ്, ഡി ഐ പി, ഷാര്‍ജ അല്‍ മജാസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റസല്‍ഖൈമ, ഫുജൈറ, കല്‍ബ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലുമാണ് പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
Content Highlights: Indian Embassy and Consulate in UAE transition consular services like passports and visas to Al Hind Tours & Travels across 16 centers. Direct services at embassy premises will cease. Appointments are mandatory via consularsevainuae.com with special walk-in exceptions for elders and infants.





