articles
ഓര്‍മ വേണം, ഭരണമൊന്നും സ്ഥായിയല്ല
നൂറുകണക്കിന് പ്രശ്‌നങ്ങളില്‍ ഒരു പ്രശ്‌നം മാത്രമാണ് നീറ്റും പേപ്പര്‍ ലീക്കുമൊക്കെ. അതുകൊണ്ട് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച പരിഹരിച്ചാല്‍ എല്ലാം തികഞ്ഞ ഭരണമാണ് ഇതെന്ന പ്രചാരണത്തിന് തക്കം പാര്‍ക്കുന്ന ആര്‍ എസ് എസിന്റെ വികൃത ബുദ്ധിയെ കൂടി നമ്മള്‍ മുന്‍കൂട്ടി കാണണം. എന്തായാലും ക്ഷുഭിത യൗവനവും ക്ഷുഭിത വിദ്യാര്‍ഥിത്വവും തേടുന്ന ഒരു പ്രതിപക്ഷ സ്വരം, നേതൃത്വം ഇപ്പോള്‍ തെരുവിലും കാണാം. നമ്മുടെ രാജ്യം വൈകാതെ വീണ്ടെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
ഡോ. എൻ എസ് അബ്ദുൽ ഹമീദ്
രാജ്യം സമീപകാലത്ത് കണ്ട ഏറ്റവും ഭീഭത്സമായ പോലീസ് നടപടിയാണ് കഴിഞ്ഞ ദിവസം ജന്തര്‍ മന്തറിലും പാര്‍ലിമെന്റ് സ്ട്രീറ്റിലും ഉണ്ടായത്. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ അങ്ങേയറ്റം അപലപനീയമായ ആക്രമണങ്ങളാണ് ഡല്‍ഹി പോലീസ് അഴിച്ചുവിട്ടത്. മുഖ്യധാരയില്‍ എന്നെണ്ണപ്പെടുന്ന ഹിന്ദി- ഇംഗ്ലീഷ് ചാനലുകള്‍ പലതും കണ്ണടക്കുകയോ ബി ജെ പി. ഐ ടി സെല്ലിന്റെ തിരക്കഥകള്‍ പ്രക്ഷേപണം ചെയ്യുകയോ ചെയ്തിട്ടും ലോകം മുഴുവന്‍ പോലീസ് ക്രൂരതകള്‍ക്ക് സാക്ഷിയായി.
തുടരെ തുടരെ ഉണ്ടാകുന്ന പരീക്ഷാ പേപ്പര്‍ ചോര്‍ച്ചകളില്‍ സമഗ്രമായ അന്വേഷണം നടക്കണം, വിദ്യാഭ്യാസ രംഗത്തെ കെടുകാര്യസ്ഥതകളില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം, വിദ്യാഭ്യാസ മേഖല സംരക്ഷിക്കപ്പെടണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കോക്രോച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ നിരാഹാര സമരം നടന്നുവരുന്നത്. അയോധ്യ അഴിമതി, ഇന്ധന വിലവര്‍ധന എന്നു തുടങ്ങി ഒരുകൂട്ടം പ്രശ്‌നങ്ങള്‍ക്കിടയില്‍ ഇങ്ങനെ ഒരു വിഷയം കൂടി ബി ജെ പിയെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയായി പരിണമിക്കുകയാണ്. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന്റെ അന്ന് തന്നെ സി ജെ പി “സന്‍സദ് ചലോ’ മാര്‍ച്ചും സംഘടിപ്പിച്ചത് കേന്ദ്ര സര്‍ക്കാറിന് വലിയ തലവേദനയായി.
അതിന്റെ അരിശമാണ് ഇന്നലെ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് തേര്‍വാഴ്ച.
ഈ അടുത്ത കാലത്തൊന്നും ജന്തര്‍ മന്തറില്‍ ഇത്ര വലിയ സമരം നടന്നിട്ടില്ല. ആയിരക്കണക്കിന് വിദ്യാര്‍ഥികളും യുവാക്കളും ആക്ടിവിസ്റ്റുകളും ഇന്ദ്രപ്രസ്ഥത്തിന്റെ ഹൃദയഭാഗത്തേക്ക് ഒഴുകിയെത്തി. ചലച്ചിത്ര പ്രവര്‍ത്തകര്‍, അധ്യാപകര്‍, എഴുത്തുകാര്‍ തുടങ്ങി ഐക്യദാര്‍ഢ്യവുമായി അനേകം പേര്‍ അണിനിരക്കുക കൂടി ചെയ്തതോടെ സി ജെ പി സമരത്തിന്റെ മൂര്‍ധന്യാവസ്ഥയാണ് ഇന്നലെ കണ്ടത്. സമരങ്ങളെ ഞെരുക്കാനും ഒതുക്കാനും ഭരണകൂടം തന്ത്രപ്രധാനമായി ഉപയോഗിക്കുന്ന ഏറ്റവും വലിയ സംഗതി സമരങ്ങള്‍ ജന്തര്‍ മന്തറില്‍ തന്നെ നടക്കുന്നു എന്നുറപ്പിക്കലാണ്. ജന്തര്‍ മന്തര്‍ റോഡിന്റെ കിടപ്പുവെച്ച് സമരങ്ങളെ സൗകര്യപൂര്‍വം പൊതിഞ്ഞുകെട്ടാന്‍ എളുപ്പമാണ് എന്നതാണ് കാര്യം. പോരാത്തതിന് സി ജെ പി സമരത്തെ കേന്ദ്ര സര്‍ക്കാര്‍ വിലകുറച്ചു കാണുകയും ചെയ്തിരുന്നു.
എന്നാല്‍ തിങ്കളാഴ്ച എല്ലാവരുടെയും കണക്കുകള്‍ തെറ്റി. സമരക്കാരുടെയും പോലീസിന്റെയും സര്‍ക്കാറിന്റെയും കണക്കുകള്‍ തെറ്റി. അതുവരെ പ്രത്യേകിച്ചൊരു സ്വാധീനവും ഉണ്ടാക്കാനിടയില്ലെന്ന് കരുതിയ ഒരു ശരാശരി ജന്തര്‍ മന്തര്‍ സമരം വളര്‍ന്നുവലുതായി. ആയിരങ്ങളുടെ ജനസഞ്ചയം ജന്തര്‍ മന്തറും കടന്ന് വലിയ മുന്നേറ്റമായി. അങ്ങോട്ടുള്ള വഴികളടച്ചും മെട്രോകള്‍ പൂട്ടിയിട്ടും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സമരത്തിന്റെ ആള്‍ബലം കനത്തു; ഒപ്പം ആവേശവും. ജെന്‍ സീ പ്രക്ഷോഭം പലയിടങ്ങളിലും ഭരണമാറ്റത്തിന് വരെ കാരണമായി എന്നതുകൊണ്ട് തന്നെ സമരത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ ഇതൊരു ചരിത്രപരമായ നിയോഗം എന്നനിലക്കാണ് സമരത്തിന്റെ ഭാഗമാകുന്നത്.
അവരുടെ ഏറ്റവും വലിയ ദേശീയോദ്ഗ്രഥന ദൗത്യമാണിതെന്നും അവര്‍ മനസ്സിലാക്കുന്നുണ്ട്. എന്നുമാത്രമല്ല, പോലീസിനെയും സന്നാഹങ്ങളെയും അവര്‍ തെല്ലും ഭയക്കുന്നുമില്ല. അവരുയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡുകളിലെ സന്ദേശം ഇക്കാര്യം ഉറപ്പിച്ചു പറയുന്നുമുണ്ട്.
പക്ഷേ സമരക്കാരുടെ ഏറ്റവും വലിയ വെല്ലുവിളി ഡല്‍ഹി പോലീസ് തന്നെയാണ്. ലോകത്തേറ്റവും ക്രിമിനല്‍ മനോഗതിയുള്ള, അക്രമവാസനയുള്ള പോലീസ് ഫോഴ്സുകളില്‍ ഒന്നാണ് ഡല്‍ഹി പോലീസ്. അവരുടെ മുമ്പില്‍ സമരം ചെയ്യുമ്പോള്‍, പ്രത്യേകിച്ച് ബി ജെ പി ഭരണകൂടത്തിനെതിരിലാകുമ്പോള്‍ ക്രൂരമായ മര്‍ദന മുറകള്‍ മാത്രമല്ല എണ്ണിയാലൊടുങ്ങാത്ത നുണക്കഥകളെ കൂടി സമരക്കാര്‍ക്ക് പ്രതിരോധിക്കേണ്ടി വരും. സി എ എ സമരകാലത്തും കര്‍ഷക സമരകാലത്തും ഇതുതന്നെയായിരുന്നു സ്ഥിതി. പോലീസും ബി ജെ പി. ഐ ടി സെല്ലും ഗോഡി മീഡിയയും ചേര്‍ന്ന് പരമാവധി സമരത്തെ അവമതിക്കാന്‍ ശ്രമം നടത്തും.
നേരത്തേ ജെ എന്‍ യുവില്‍ വ്യാജ വീഡിയോകള്‍ വരെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. അന്ന് കനയ്യ കുമാറും ഉമര്‍ ഖാലിദും അനിര്‍ഭനുമൊക്കെ അതിന്റെ പേരില്‍ കുറെ വേട്ടയാടപ്പെടുകയും ചെയ്തിരുന്നല്ലോ. സി ജെ പി സമരത്തിനെതിരെയും ഇതുതന്നെയാണ് സ്ഥിതി. സമരത്തിനിടക്ക് കല്ലെറിയുന്നത് മുതല്‍ വാഹനങ്ങള്‍ തകര്‍ക്കുന്നതടക്കം പോലീസ് തന്നെ പലതും ചെയ്യും. ശേഷം എല്ലാം സമരക്കാരുടെ തലയിലാകും. അല്ലെങ്കിലും കല്ലെറിയുന്നതൊക്കെ മഹാപാപമായി, രാജ്യദ്രോഹമായി അവതരിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും ആരൊക്കെയാണെന്ന് നോക്കണേ! ഒരു പരിധി കഴിഞ്ഞാല്‍ സമരക്കാര്‍ തിരിച്ചടിച്ചു തുടങ്ങും. അവര്‍ കല്ലെറിയുന്നുണ്ടാകും. ലാത്തി പിടിച്ചുവാങ്ങി തല്ലാനോങ്ങും. അതൊക്കെ മഹാപരാധമാണെന്ന് പറയുന്നുവെങ്കില്‍, അതൊക്കെ രാജ്യദ്രോഹമാണെന്ന് വെക്കുന്നുവെങ്കില്‍ ഇന്ത്യയില്‍ ബി ജെ പി അടക്കം എല്ലാവരും ഇതൊക്കെ തന്നെയല്ലേ സമരവേളകളില്‍ ചെയ്യുന്നത്. അപ്പോഴും നേപ്പാളിലും ബംഗ്ലാദേശിലും ശ്രീലങ്കയിലുമൊക്കെ ഉണ്ടായ ജെന്‍ സീ പ്രക്ഷോഭങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ സമാധാനപരമായ സമരമാണ് ഇവിടെ നടന്നുവരുന്നത് എന്നതാണ് വസ്തുത.
ആണിവെച്ച ലാത്തികള്‍ ഉപയോഗിച്ചും പേര് പ്രദര്‍ശിപ്പിക്കാത്ത യൂനിഫോമിലെത്തിയും പതിവുപോലെ ഡല്‍ഹി പോലീസ് കളം നിറഞ്ഞു. യൂനിഫോമിട്ട ഗുണ്ടകള്‍ക്കൊപ്പം യൂനിഫോമിടാത്ത ഗുണ്ടകളും അവിടെയുണ്ടായിരുന്നു. അവര്‍ വയോധികരായ, വിദ്യാര്‍ഥികളായ, യുവാക്കളായ സമരക്കാരെ തലങ്ങും വിലങ്ങും മര്‍ദിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു. സമരത്തിനെത്തിയ പെണ്‍കുട്ടികളെ പുരുഷപോലീസ് മര്‍ദിക്കുന്നതിന് പുറമെ അവരെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവരുന്നുണ്ട്. തലസ്ഥാനത്തെ പോലീസ് സംവിധാനം എത്രമേല്‍ അപകടകാരികളുടേതാണ് എന്ന് ആ ദൃശ്യങ്ങള്‍ പറഞ്ഞുവെക്കുന്നു.
പോലീസ് മര്‍ദനത്തോടെ സമരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. നിരാഹാര സമരത്തിലായിരുന്ന സോനം വാംഗ്ചുകിനെ അറസ്റ്റ് ചെയ്തു നീക്കിയ പോലീസ് നടപടിയാണ് സത്യം പറഞ്ഞാല്‍ ഈ സമരത്തെ ഇപ്പോഴുള്ള ആ ബാഹുല്യത്തിലേക്ക് എത്തിച്ചത് എന്നുപറയാം. വാംഗ്ചുകിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന ആഖ്യാനം ഒരുപക്ഷേ നീതികേടും സര്‍ക്കാറിന്റെ വ്യവഹാരം അതുപോലെ വിഴുങ്ങലുമാകും. അദ്ദേഹത്തെ ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് നടപടിക്രമങ്ങളുടെ സ്വഭാവം വെച്ച് പറയേണ്ടത്. ധര്‍മേന്ദ്ര പ്രധാന് വേണ്ടി സോനം വാംഗ്ചുകിനെ ജന്തര്‍ മന്തറിലെ സമര വേദിയില്‍ നിന്ന് അങ്ങനെ തട്ടിക്കൊണ്ടുപോകാന്‍ കൈക്കൊണ്ട തീരുമാനമാണ് മോദി സര്‍ക്കാറിന് ഈ വിഷയത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധം എന്നുപറയാം.
സന്‍സദ് ചലോ മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ വേട്ടയെ ചൂണ്ടി, ഇന്ത്യ കണ്ട ഏറ്റവും വലിയ വിദ്യാര്‍ഥി- യുവജന വിരോധിയായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശം ഉന്നയിച്ചിരുന്നു. പാര്‍ലിമെന്റിന്റെ രണ്ടാം ദിവസം രാവിലെ തന്നെ മറ്റു പ്രതിപക്ഷ കക്ഷി നേതാക്കളെയും കൂട്ടി രാഹുല്‍ ഗാന്ധി സ്പീക്കറെ ചെന്നുകാണുകയും പോലീസ് നടപടിയെ പറ്റി സഭയില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശേഷം പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച രാഹുല്‍, പാര്‍ട്ടി നേതാക്കളെയും കൂട്ടി പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനിറങ്ങി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, പ്രിയങ്കാ ഗാന്ധി, കര്‍ണാടക-കേരള മുഖ്യമന്ത്രിമാര്‍, എം പിമാര്‍, യൂത്ത് കോണ്‍ഗ്രസ്സ്- എന്‍ എസ് യു ഐ നേതാക്കള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ പ്രതീകാത്മകമായി കൈകള്‍ ബന്ധിച്ച് സമരം കടുപ്പിച്ചു. ഒടുവില്‍ രാഹുല്‍ ഗാന്ധിയെ വരെ ക്രൂരമായി വലിച്ചിഴച്ചാണ് പോലീസ് സമരത്തെ നേരിട്ടത്. “ഇന്ത്യയിലെ ജനാധിപത്യമാണ് ഇപ്പോള്‍ ഇവിടെയീ കാണുന്നത്’ എന്ന് പോലീസ് കൈയേറ്റത്തിനിടയില്‍ രാഹുല്‍ ഗാന്ധി വിളിച്ചു പറയുന്നുണ്ടായിരുന്നു.
കോണ്‍ഗ്രസ്സ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. എം പിമാരെ മര്‍ദിച്ച പോലീസിനോട് കയര്‍ത്ത കെ സി വേണുഗോപാലിനോട് “ലാത്തിചാര്‍ജിന് ഓര്‍ഡര്‍ കൊടുത്തത് ഞാനാണ്’ എന്ന് പറഞ്ഞ ഡി സി പിയോട് “അധികാരത്തില്‍ നിങ്ങളുടെ മുതലാളിമാര്‍ സ്ഥായിയായിരിക്കുമെന്ന് നിനക്കുന്നുണ്ടോ?’ എന്ന് കെ സി വേണുഗോപാല്‍ തിരിച്ചു ചോദിക്കുന്നുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതും ഇതുതന്നെയായിരുന്നു. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ പറയുന്ന മേലാളരുടെ ആജ്ഞകള്‍ അതുപോലെ അനുവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും പോലീസുകാരും അധികാരത്തില്‍ ആരും സ്ഥിരമായിരിക്കില്ലെന്ന കാര്യം ഓര്‍ത്തേക്കണം എന്നായിരുന്നു അത്.
രാത്രി വൈകി രാഹുല്‍ ഗാന്ധിയെയും അഖിലേഷ് യാദവ് അടക്കമുള്ള മറ്റു പ്രതിപക്ഷ നേതാക്കളെയും തടങ്കലില്‍ വെച്ച പോലീസ് സ്റ്റേഷനിലേക്ക് സോണിയാ ഗാന്ധി എത്തിയതോടെ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് ഒഴുകിയെത്തി. മൊത്തത്തില്‍ രാജ്യതലസ്ഥാനത്ത് അനിതരസാധാരണമായ ഒരു സമരാന്തരീക്ഷം ഉടലെടുത്തുകഴിഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ നേരിട്ട് തെരുവിലേക്കിറങ്ങുന്നത് പ്രതിരോധിക്കുന്ന, പോരാടുന്ന, സമരമുഖത്തുള്ള ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ഇങ്ങനെ ക്രൂരമായി നേരിട്ടത് അംഗീകരിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി മാത്രമല്ല ഡല്‍ഹി പോലീസിനെ കൈകാര്യം ചെയ്യുന്ന ആഭ്യന്തര മന്ത്രിയും രാജിവെക്കണമെന്ന് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടു കഴിഞ്ഞു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നാലെ രാജസ്ഥാനിലെ കോട്ടയില്‍ പടുകൂറ്റന്‍ വിദ്യാര്‍ഥി സമ്മേളനം വിളിച്ചു കൂട്ടി രാഹുല്‍ നടത്തിയ പ്രതിഷേധ സംഗമം വലിയ വിജയമായിരുന്നു. പോരാത്തതിന് ഈ മാസം പതിനേഴിന് ഡെറാഡൂണിലും സമാനമായ പരിപാടി ആവര്‍ത്തിച്ചു. ആ വിദ്യാർഥി സംഗമം തകര്‍ക്കാന്‍ ബി ജെ പി ആവുന്നതും ശ്രമിച്ചതായിരുന്നു. എന്നിട്ടും വിദ്യാര്‍ഥി രോഷം ആളിക്കത്തി.
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അനേകം പ്രശ്‌നങ്ങളുണ്ട്. ജനങ്ങളെ ബാധിക്കുന്ന അനേകം ജീവല്‍പ്രശ്നങ്ങളെ പറ്റി വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതി കേസുകള്‍ മറുഭാഗത്തുമുണ്ട്. കുത്തക മുതലാളിമാര്‍ക്ക് വേണ്ടി കാടും പുഴയും കൃഷിയിടങ്ങളും പതിച്ചു നല്‍കുന്നതിനെതിരെ ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും വലിയ സമരങ്ങള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളുമുണ്ട്. അത്തരം നൂറുകണക്കിന് പ്രശ്‌നങ്ങളില്‍ ഒരു പ്രശ്‌നം മാത്രമാണ് നീറ്റും പേപ്പര്‍ ലീക്കുമൊക്കെ. അതുകൊണ്ട് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച പരിഹരിച്ചാല്‍ എല്ലാം തികഞ്ഞ ഭരണമാണ് ഇതെന്ന പ്രചാരണത്തിന് തക്കം പാര്‍ക്കുന്ന ആര്‍ എസ് എസിന്റെ വികൃത ബുദ്ധിയെ കൂടി നമ്മള്‍ മുന്‍കൂട്ടി കാണണം. പ്രതിപക്ഷ കക്ഷികള്‍ അത് കാണുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. എന്തായാലും ക്ഷുഭിത യൗവനവും ക്ഷുഭിത വിദ്യാര്‍ഥിത്വവും തേടുന്ന ഒരു പ്രതിപക്ഷ സ്വരം, നേതൃത്വം നമുക്കിപ്പോള്‍ തെരുവിലും കാണാം. നമ്മുടെ രാജ്യം വൈകാതെ വീണ്ടെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
Content Highlights:
Delhi Police launched a severe crackdown on students protesting peacefully at Jantar Mantar over exam paper leaks and demanding the resignation of Dharmendra Pradhan. Opposition leaders including Rahul Gandhi joined the protest and were detained. The police action has sparked widespread outrage.


