Business
മൊബൈലിൽ റേഞ്ചും ഇന്റർനെറ്റും ഇല്ലെങ്കിലും ഇനി യു പി ഐ ഇടപാടുകൾ നടത്താം; UPI Offline Payment സംവിധാനം ഉടൻ
നിലവിലുള്ള ഓഫ്‌ലൈൻ പേയ്‌മെന്റ് രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ സാങ്കേതികവിദ്യ. നിലവിൽ *99# എന്ന യു എസ് എസ് ഡി കോഡ് വഴിയും യു പി ഐ 123പേ എന്ന വോയ്‌സ് കോൾ വഴിയും ഇന്റർനെറ്റ് ഇല്ലാതെ പണമടയ്ക്കാം. എന്നാൽ ഇതിന് മൊബൈൽ നെറ്റ്‌വർക്കോ ജി എസ് എം (GSM) സിഗ്നലോ ആവശ്യമാണ്. പുതിയ എൻ എഫ് സി ഫീച്ചറിന് യാതൊരു വിധ മൊബൈൽ സിഗ്നലോ നെറ്റ്‌വർക്കോ ആവശ്യമില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്.
ന്യൂഡൽഹി | ഇനിമുതൽ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ (Digital Payments) നടത്തുന്നതിന് ഇന്റർനെറ്റ് കണക്ഷൻ വേണമെന്ന നിർബന്ധമില്ല. വിമാനത്തിലായിരിക്കുമ്പോഴും ഭൂഗർഭ തുരംഗങ്ങളിലായിരിക്കുമ്പോഴും നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും എളുപ്പത്തിൽ പണമടയ്ക്കാൻ സാധിക്കുന്ന പുതിയ യു പി ഐ (UPI Offline Payment System) ഫീച്ചർ നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (National Payments Corporation of India) ഉടൻ അവതരിപ്പിക്കാനൊരുങ്ങുന്നു.
മറ്റൊരു സ്മാർട്ട്‌ഫോണിലേക്കോ വ്യാപാരികളുടെ പോയിന്റ് ഓഫ് സെയിൽ (Point of Sale) ടർമിനലുകളിലേക്കോ ഇന്റർനെറ്റ് ഇല്ലാതെ തന്നെ തുക കൈമാറാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഷോർട്ട് റേഞ്ച് വയർലെസ് സാങ്കേതികവിദ്യയായ നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (Near Field Communication – NFC Technology) അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. ബ്ലൂടൂത്തിനേക്കാൾ വേഗത്തിലും സുരക്ഷിതമായും പ്രവർത്തിക്കുന്ന എൻ എഫ് സി ഉപയോഗിച്ചുള്ള ഈ ഓഫ്‌ലൈൻ ഇടപാടുകളുടെ പരിധി ഒറ്റത്തവണത്തേക്ക് 2,000 രൂപയായിരിക്കും.

ഈ സംവിധാനം ഉപയോഗിക്കുന്നതിനായി ഉപഭോക്താക്കൾ ആദ്യം ഓൺലൈൻ വഴി യു പി ഐ ലൈറ്റ് (UPI Lite) എന്ന ഡിജിറ്റൽ വാലറ്റ് സംവിധാനത്തിലേക്ക് പണം നിക്ഷേപിക്കണം. തുടർന്ന് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത സ്ഥലങ്ങളിലും യു പി ഐ പിൻ ടൈപ്പ് ചെയ്യാതെ തന്നെ വാലറ്റിലെ തുക ഉപയോഗിച്ച് പേയ്‌മെന്റ് പൂർത്തിയാക്കാം. ഇതിനായി ഉപകരണ നിർമ്മാതാക്കൾക്ക് ആവശ്യമായ സാക്ഷ്യപത്രം എൻ പി സി ഐ നൽകും.
നിലവിലുള്ള ഓഫ്‌ലൈൻ പേയ്‌മെന്റ് രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ സാങ്കേതികവിദ്യ. നിലവിൽ *99# എന്ന യു എസ് എസ് ഡി കോഡ് വഴിയും യു പി ഐ 123പേ എന്ന വോയ്‌സ് കോൾ വഴിയും ഇന്റർനെറ്റ് ഇല്ലാതെ പണമടയ്ക്കാം. എന്നാൽ ഇതിന് മൊബൈൽ നെറ്റ്‌വർക്കോ ജി എസ് എം (GSM) സിഗ്നലോ ആവശ്യമാണ്. പുതിയ എൻ എഫ് സി ഫീച്ചറിന് യാതൊരു വിധ മൊബൈൽ സിഗ്നലോ നെറ്റ്‌വർക്കോ ആവശ്യമില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്.
*99# സേവനം സാധാരണ ഫീച്ചർ ഫോണുകളിലും ലഭ്യമാണ്. 13 ഭാഷകളിലും 83 ബാങ്കുകളിലും ലഭ്യമായ ഈ സേവനത്തിലൂടെ പരമാവധി 5,000 രൂപ വരെ അയക്കാം. ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്കായി 12 ഭാഷകളിൽ ലഭ്യമാക്കിയിട്ടുള്ള യു പി ഐ 123പേ വഴി പ്രതിദിനം 1,00,000 രൂപ വരെ ഇടപാട് നടത്താം. എന്നാൽ ഈ രണ്ട് രീതികളെക്കാളും വേഗതയേറിയതും നെറ്റ്‌വർക്ക് രഹിതവുമായ അനുഭവമാണ് എൻ എഫ് സി അധിഷ്ഠിത യു പി ഐ ഓഫ്‌ലൈൻ പേയ്‌മെന്റ് നൽകുന്നത്.
Content Highlights: NPCI is launching an offline UPI payment feature. It works without internet using NFC technology. The transaction limit is Rs 2,000.





