From the print
ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സി ജെ പി; സമരം പടരും
ജന്തര്‍ മന്തറിലേക്ക് എത്തുന്നത് ആയിരങ്ങള്‍. സുരക്ഷ ശക്തമാക്കി.
ന്യൂഡല്‍ഹി | കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) ജന്തര്‍ മന്തറില്‍ തുടരുന്ന പ്രക്ഷോഭം കനക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സി ജെ പി, ഇന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡല്‍ഹിയിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.
ചര്‍ച്ചക്ക് തയ്യാറാണെന്നും എന്നാല്‍, ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യം അംഗീകരിക്കാനാകില്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് കനത്ത മുന്നറിയിപ്പ് നല്‍കാനാണ് രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ തയ്യാറായതെന്ന് സി ജെ പി വ്യക്തമാക്കി. എല്ലാ വഴികളും കെട്ടിയടച്ചിട്ടും ജന്തര്‍ മന്തറിലെ പ്രതിഷേധ കേന്ദ്രത്തിലേക്ക് രാവും പകലുമില്ലാതെ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇതോടെ പ്രതിഷേധം ജന്തര്‍ മന്തറിന് ഉള്‍ക്കൊള്ളാനാകാതെ വന്നിട്ടുണ്ട്.
അടിച്ചമര്‍ത്താന്‍ കേന്ദ്ര സേന
പ്രതിഷേധത്തെ അടിച്ചടമര്‍ത്താനുള്ള നീക്കങ്ങള്‍ ഭരണകൂടവും ശക്തമാക്കി. ജന്തര്‍ മന്തറില്‍ ഇന്നലെ 30 കമ്പനി അധിക കേന്ദ്രസേനയെ വിന്യസിച്ചു. നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം ജനക്കൂട്ടം എത്തുന്നതോടെയാണ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേന്ദ്ര സേനയെ വിമാന മാര്‍ഗം എത്തിച്ചത്. 18 കമ്പനി സി ആര്‍ പി എഫ്, ആറ് കമ്പനി ആര്‍ എ എഫ്, മൂന്ന് കമ്പനി ബി എസ് എഫ്, രണ്ട് കമ്പനി എസ് എസ് ബി, ഒരു കമ്പനി ഐ ടി ബി പി എന്നിവയെയാണ് അധികം വിന്യസിച്ചത്. ഇതുള്‍പ്പെടെ പ്രതിഷേധം നേരിടാന്‍ ആകെ 45 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരാണ് ഡല്‍ഹിയിലുള്ളത്. പ്രതിഷേധ സ്ഥലത്തേക്ക് ആളുകള്‍ എത്തുന്നത് തടയാന്‍ 16 മെട്രോ സ്റ്റേഷനുകള്‍ ഇന്നലെയും അടച്ചിട്ടു. ജന്തര്‍മന്തര്‍, പാര്‍ലിമെന്റ്്‌മേഖല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദനം ഇന്നലെയും തുടര്‍ന്നു.
പിന്തുണച്ച് സെലിബ്രിറ്റികള്‍
വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരം ആലിയ ഭട്ട്, മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തി.
Content Highlights:
CJP has called for a nationwide protest today as agitation over NEET irregularities intensifies. Protesters at Jantar Mantar demand the resignation of the Union Education Minister. The movement is expected to spread across the country as negotiations stall




