Connect with us

Kerala

ട്രഷറി വകുപ്പിലെ സ്ഥലംമാറ്റ പട്ടികയും ചോര്‍ന്നു

സ്റ്റേ സമ്പാദിച്ച് ജീവനക്കാര്‍. ട്രഷറി വകുപ്പില്‍ ഒഴിവുള്ള സ്ഥലങ്ങളിലേക്ക് ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയാണ് ചോര്‍ന്നത്.

Published

|

Last Updated

കണ്ണൂര്‍ | ജില്ലാ ട്രഷറി വകുപ്പില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ തയാറാക്കിയ പട്ടികയും ചോര്‍ന്നു. തദ്ദേശ വകുപ്പിലെ സ്ഥലം മാറ്റം സംബന്ധിച്ച് മന്ത്രി നല്‍കിയ കുറിപ്പ് ചോര്‍ന്നതിന് പിന്നാലെയാണ് ട്രഷറി വകുപ്പില്‍ ഒഴിവുള്ള സ്ഥലങ്ങളിലേക്ക് ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയും പുറത്തായത്. ട്രഷറിയില്‍ ഏപ്രില്‍, മേയ് മാസങ്ങളിലെ വിരമിക്കല്‍ മൂലമുണ്ടായ ഒഴിവുകളിലേക്കുള്ള നിയമനം നടത്താനായി തയാറാക്കിയ പട്ടികയാണിത്. ജില്ലാ ട്രഷറി ഓഫീസര്‍, ട്രഷറി ഓഫീസര്‍, സീനിയര്‍ സൂപ്രണ്ട്, ജൂണിയര്‍ സൂപ്രണ്ട് തുടങ്ങിയവരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പട്ടിക.

ട്രഷറി ഡയറക്ടറുടെ ഇ-ഓഫീസ് സംവിധാനത്തില്‍ നിന്നാണ് ഫയല്‍ ചോര്‍ന്നത്. ഇ-ഓഫീസ് ഫയലിന്റെ സ്‌ക്രീന്‍ ഷോട്ട് ഒരു ഔദ്യോഗിക സര്‍വീസ് സംഘടന തങ്ങളുടെ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ സ്‌ക്രീന്‍ ഷോട്ട് രേഖയായി കാണിച്ച് പട്ടികയിലെ ചിലര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവിനെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയും ചെയ്തു. ഇതോടെ ഏപ്രില്‍, മേയ് മാസങ്ങളിലെ വിരമിക്കല്‍ മൂലമുണ്ടായ ഒഴിവുകളിലേക്കുള്ള നിയമനം അനിശ്ചിതത്വത്തിലായി.

ട്രഷറി ഡയറക്ടറുടെ അറിവോടെയാണ് പട്ടിക ചോര്‍ന്നതെന്നാണ് ഭരണകക്ഷി സര്‍വീസ് സംഘടനകള്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പിലാണ് ഇത്തരമൊരു ഗുരുതരാവസ്ഥ നേരിടുന്നത്. ട്രഷറി പോലെ അതീവ സുരക്ഷയോടുകൂടി പ്രവര്‍ത്തിക്കുന്ന വകുപ്പുകളില്‍ ഇന്റര്‍നെറ്റ് ഓഫീസ് സംവിധാനങ്ങള്‍ ഉള്ള ഫയലുകള്‍ ചോര്‍ത്തിയെടുക്കുകയും പുറത്തേക്ക് പോകുകയും ചെയ്യുന്നത് ഗുരുതരമായ സര്‍വീസ് ചട്ട ലംഘനമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ട്രഷറി ഇ-ഓഫീസ് വഴി നല്‍കുന്ന ട്രഷറി ധനവിനിയോഗ നിയന്ത്രണം അടക്കമുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം എന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ മാധ്യമങ്ങള്‍ അടക്കമുള്ള പുറത്തുള്ളവര്‍ക്ക് ഈ വിവരം കിട്ടിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. പഴയ സര്‍ക്കാരിന്റെ ഈ സര്‍ക്കുലര്‍ ഇപ്പോഴും നിലവിലുണ്ടെന്നരിക്കെയാണ് ഫയലുകള്‍ ചോരുന്നത്. അതേസമയം പട്ടികയുടെ ഉത്തവാദിത്തം ആര്‍ക്കാണെന്ന കാര്യത്തില്‍ വകുപ്പോ സര്‍ക്കാരോ അന്വേഷണം നടത്തുകയോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

Content Highlights:
The transfer list of the Treasury Department was leaked prior to official publication, causing significant administrative controversy. Affected employees approached the High Court challenging the procedural irregularities and secured a stay order. The legal challenge highlights ongoing service-rule disputes within government departments in Kerala.

 

Latest