Kerala
പാണ്ഡിത്യത്തിന്റെ വിനയവും സൗമ്യമായ പെരുമാറ്റവും കാത്തുസൂക്ഷിച്ച പണ്ഡിതന്‍; ആലിക്കുട്ടി മുസ്‌ലിയാരെ അനുസ്മരിച്ച് കാന്തപുരം ഉസ്താദ്
ധാരാളം മതപണ്ഡിതരെ വാര്‍ത്തെടുക്കുകയും സമൂഹത്തിന്റെ നന്മക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത മുതിര്‍ന്ന ഒരു പണ്ഡിതനെയാണ് ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിലൂടെ നഷ്ടമാവുന്നത്.
കോഴിക്കോട് | പാണ്ഡിത്യത്തിന്റെ വിനയവും സൗമ്യമായ പെരുമാറ്റവും പുഞ്ചിരിയോടെയുള്ള സംസാരവുമാണ് പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരെ സവിശേഷമാക്കുന്നതെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരിച്ചു. വ്യത്യസ്ത സംഘടനകളില്‍ പ്രവര്‍ത്തിക്കുമ്പോഴും വ്യക്തിപരമായ അടുപ്പവും പക്വമായ ഇടപെടലും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും ഉസ്താദ് ഫേസ്ബുക്കില്‍ കുറിച്ചു.
സംഘടനാ ഭിന്നത രൂക്ഷമായ ഘട്ടങ്ങളില്‍ പോലും നല്ല രൂപത്തിലല്ലാതെ അദ്ദേഹം സംസാരിച്ചിട്ടില്ല. എപ്പോള്‍, എവിടെ വെച്ചുകണ്ടാലും സലാം പറഞ്ഞ് ബന്ധം പുതുക്കുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നത് ഞങ്ങള്‍ക്കിടയിലെ പതിവായിരുന്നു. സമസ്ത ഐക്യത്തിനായി പലപ്പോഴും ഒരുമിച്ചിരുന്ന് സംസാരിച്ചിട്ടുണ്ട്. സുന്നി പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരുമയും സഹകരണവും സാധ്യമാക്കുന്നതില്‍ അദ്ദേഹത്തിന്റെ നിലപാടിനും വീക്ഷണങ്ങള്‍ക്കും വലിയ പങ്കുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും കാന്തപുരം കുറിച്ചു.
ആരോഗ്യകരമായ പ്രയാസം നേരിട്ട വേളയില്‍ തന്റെ മകനോടും മരുമകനോടും അദ്ദേഹം സുഖാന്വേഷണങ്ങള്‍ നടത്തുകയും പ്രാര്‍ഥിക്കുകയുമുണ്ടായത് ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ താനും അന്വേഷിക്കാറുണ്ടായിരുന്നു. ധാരാളം മതപണ്ഡിതരെ വാര്‍ത്തെടുക്കുകയും സമൂഹത്തിന്റെ നന്മക്ക് വേണ്ടി നിലകൊള്ളുകയും ചെയ്ത മുതിര്‍ന്ന ഒരു പണ്ഡിതനെയാണ് ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിലൂടെ നഷ്ടമാവുന്നത്. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ശിഷ്യരുടെയും സ്‌നേഹജനങ്ങളുടെയും വേദനയില്‍ പങ്കുചേരുന്നു. എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും അല്ലാഹു പരലോക ജീവിതം സന്തോഷകരമാക്കട്ടെയെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
Content Highlights:
Kanthapuram AP Aboobacker Musliyar expressed deep condolences over the passing of Prof K Alikutty Musliyar. He highlighted his humble nature, warm behavior, and efforts toward Samastha unity. Kanthapuram prayed for his family and urged everyone to pray for the departed scholar.



