National
കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ നാളെ മുതല്‍ വീണ്ടും സമരത്തിനിറങ്ങും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി സി ജെ പി
കേസുകളെക്കുറിച്ച് ചര്‍ച്ചകളില്‍ തീരുമാനിച്ചതുപോലെ എഴുതി തയ്യാറാക്കിയ ഒരു കരാര്‍ നാളെ തന്നെ ലഭ്യമാക്കണമെന്നും സിജെപി
ന്യൂഡല്‍ഹി | നീറ്റ് പേപ്പര്‍ ചോര്‍ച്ചക്കെതിരായ സമരങ്ങള്‍ക്കിടയില്‍ കസ്റ്റഡിയിലെടുത്ത സമരക്കാര്‍ക്കെതിരെ പോലീസ് നടപടി ഉണ്ടാകില്ലെന്ന കരാര്‍ ലംഘിക്കപ്പെട്ടതായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). കരാര്‍ പാലിച്ചില്ലെങ്കില്‍ നാളെ മുതല്‍ വീണ്ടും സമരത്തിന് ഇറങ്ങുമെന്നും സിജെപി കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി. ധര്‍മേന്ദ്ര പ്രധാന്റെ രാജിയെ തുടര്‍ന്നാണ് ഡല്‍ഹി ജന്തര്‍ മന്ദറിലെ 37 ദിവസത്തെ സമരം സി ജെ പി പിന്‍വലിച്ചത്.
സമരക്കാര്‍ക്കെതിരെയുള്ള പോലീസ് നടപടി പാടില്ലെന്ന ആവശ്യം സമരക്കാര്‍ മുന്നോട്ട് വെക്കുകയും കേന്ദ്രം ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കരാര്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് സിജെപി ആരോപിച്ചു.
‘ബിഹാറിലും ബംഗാളിലും നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നൂറുകണക്കിന് ആളുകളെ നിരീക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. സമരക്കാര്‍ക്ക് ലോജിസ്റ്റിക്‌സ് പിന്തുണ നല്‍കിയവരെ ഡല്‍ഹിയില്‍ കസ്റ്റഡിയിലെടുത്തതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്,’ സിജെപി വക്താവ് അശുതോഷ് റാങ്ക എക്‌സില്‍ കുറിച്ചു. സിജെപിയുമായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ സര്‍ക്കാര്‍ പ്രതിനിധികളായ ജെ പി നദ്ദയേയും ജിതേന്ദ്ര സിംഗിനും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പ്രക്ഷോഭകര്‍ക്കെതിരെ എടുത്ത എല്ലാ എഫ്ഐആറുകളും ഉടന്‍ പിന്‍വലിക്കണമെന്നും വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നും ഡല്‍ഹി പോലീസ് / കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ / ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ പോലീസ് എന്നിവര്‍ ഭാവിയില്‍ പുതിയ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ( കരാര്‍ പ്രകാരം) ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇത് പാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിന് ഞങ്ങള്‍ നിര്‍ബന്ധിതരാകും’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസുകളെക്കുറിച്ച് ചര്‍ച്ചകളില്‍ തീരുമാനിച്ചതുപോലെ എഴുതി തയ്യാറാക്കിയ ഒരു കരാര്‍ നാളെ തന്നെ ലഭ്യമാക്കണമെന്നും സിജെപി വക്താവ് ആവശ്യപ്പെട്ടു.
Content Highlights: The Cockroach Janata Party warned the central government of resuming protests over NEET paper leak issues. CJP spokesperson Ashutosh Ranka alleged that the government breached the agreement by detaining student protesters. The party demanded the immediate withdrawal of all FIRs against students.




