Connect with us

National

വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി, വിദ്യാര്‍ഥി ആത്മഹത്യകള്‍ വര്‍ധിക്കുന്നു; ലോക്സഭയില്‍ രൂക്ഷവിമര്‍ശനവുമായി കെ സി വേണുഗോപാല്‍ എംപി

നിരന്തരം ഉണ്ടാകുന്ന പേപ്പര്‍ ചോര്‍ച്ചകള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമ്പൂര്‍ണ്ണ പരാജയത്തെയാണ് കാണിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് വര്‍ധിച്ചുവരുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ക്കും, ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും, വിദ്യാഭ്യാസ മേഖലയിലെ കടുത്ത പ്രതിസന്ധിക്കുമെതിരെ ലോക്സഭയില്‍ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറിയും എം പിയുമായ കെ സി വേണുഗോപാല്‍

ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചുള്ള നിയമനിര്‍മ്മാണ ചര്‍ച്ചയില്‍ സംസാരിക്കവെ, രാജ്യത്തെ യുവജനങ്ങളുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന ഭരണകൂട നയങ്ങള്‍ക്കെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് എന്‍.സി.ആര്‍.ബി കണക്കുകള്‍ ചൂണ്ടിക്കാട്ടി കെസി വേണുഗോപാല്‍ ലോക്സഭയെ ധരിപ്പിച്ചു. 2014-ല്‍ 8,668 ആയിരുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ 14,488 ആയി ഉയര്‍ന്നു. ഇതില്‍ 21 ശതമാനവും പരീക്ഷാ പരാജയം മൂലമാണ് സംഭവിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ അങ്കിത സങ്ക്ലെയുടെയും തമിഴ്നാട്ടിലെ അനിതയുടെയും ദാരുണമായ വിയോഗങ്ങള്‍ ചൂണ്ടിക്കാട്ടി, ഇതൊരു വിദ്യാഭ്യാസ പ്രതിസന്ധി മാത്രമല്ലെന്നും രാജ്യത്തിന്റെ പ്രതീക്ഷകളുടെ വലിയ പ്രതിസന്ധിയാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ മാനസിക പിന്തുണ തേടി മനോദര്‍പ്പണ്‍ ഹെല്‍പ് ലൈനിലേക്ക് വിളിച്ചവരുടെ എണ്ണം 3.32 ലക്ഷം കവിഞ്ഞതും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

രാജ്യത്ത് ഒരു ലക്ഷത്തോളം സര്‍ക്കാര്‍ സ്‌കൂളുകളാണ് പൂട്ടിയത്. അതേസമയത്ത് കോച്ചിംഗ് സെന്ററുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും മക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപ ഫീസ് നല്‍കി കോച്ചിംഗ് നേടാന്‍ കഴിയില്ലെന്നും, ഇത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം അപ്രാപ്യമാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെയും നീറ്റ് പരീക്ഷാ സംവിധാനത്തിന്റെയും തുടര്‍ച്ചയായ പരാജയങ്ങളും ചോദ്യപേപ്പര്‍ ചോര്‍ച്ചകളും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലായി നിരന്തരം ഉണ്ടാകുന്ന പേപ്പര്‍ ചോര്‍ച്ചകള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമ്പൂര്‍ണ്ണ പരാജയത്തെയാണ് കാണിക്കുന്നത്.

നീതി തേടി ഡല്‍ഹിയില്‍ സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കും നേരെ നടന്ന ലാത്തിച്ചാര്‍ജും പൊലീസ് അതിക്രമങ്ങളും അങ്ങേയറ്റം അപലപനീയമാണ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചെങ്കിലും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതികരിക്കാന്‍ പോലും തയ്യാറായില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കൊണ്ടുവന്ന പേരിനു മാത്രമുള്ള നിയമങ്ങള്‍ കൊണ്ട് മാത്രം ഈ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ലാത്തിക്കൊണ്ട് ജനങ്ങളുടെ വിശ്വാസ്യത പിടിച്ചെടുക്കാനോ, പൊലീസ് ബാരിക്കേഡുകള്‍ കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാനോ കഴിയില്ലായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിദ്യാഭ്യാസം ഏതാനും ചിലരുടെ ആഡംബരമല്ല, മറിച്ച് രാജ്യത്തെ ഓരോ കുട്ടിയുടെയും മൗലികാവകാശമാണെന്നും, വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും നീതി ലഭിക്കുന്നത് വരെ കോണ്‍ഗ്രസ് പാര്‍ട്ടി പോരാട്ടം തുടരുമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

Content Highlights: In Lok Sabha, AICC General Secretary KC Venugopal heavily criticized the government over rising student suicides and frequent paper leaks. Citing NCRB data, he highlighted systemic failures in NTA and NEET exams. He affirmed that Congress will keep fighting until students get justice.

 

---- facebook comment plugin here -----

Latest