articles
ഓൺലൈൻ ചൂതാട്ടങ്ങൾക്ക് ഇനി നിയമപരിരക്ഷയില്ല
മദ്രാസ്, കര്‍ണാടക ഹൈക്കോടതികളുടെ വിധികള്‍ പൂര്‍ണമായും റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി, ഡിജിറ്റല്‍ ചൂതാട്ടങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിലെ ഒരു നാഴികക്കല്ലാണ്. പണം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് ലോബികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ വിധി. സാങ്കേതിക വിദ്യയുടെ പേരില്‍ നടക്കുന്ന സാമ്പത്തിക ചൂഷണങ്ങളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ക്കുള്ള പരമാധികാരത്തെ ഈ വിധി ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു.
ഇസ്മാഈല്‍ ആല്‍പറമ്പ
ഗെയിമുകളുടെ മറവില്‍ നടക്കുന്ന ഓണ്‍ലൈന്‍ വാതുവെപ്പുകളും ചൂതാട്ടങ്ങളും നിരോധിച്ചുകൊണ്ട് തമിഴ്നാട്, കര്‍ണാടക സര്‍ക്കാറുകള്‍ പാസാക്കിയ നിയമങ്ങള്‍ക്ക് ഭരണഘടനാപരമായ പൂര്‍ണ സാധുതയുണ്ടെന്ന് സുപ്രീം കോടതി ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പ്രഖ്യാപിച്ചിരിക്കുന്നു. കളികളിലെ നൈപുണിയോ വൈദഗ്ധ്യമോ വാതുവെപ്പുകള്‍ക്കുള്ള നിയമപരമായ ന്യായീകരണമായി മാറുന്നില്ലെന്ന സുപ്രധാന നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്.
ഭരണഘടന പ്രകാരം വാതുവെപ്പും ചൂതാട്ടവും നിയന്ത്രിക്കാനോ പൂര്‍ണമായി നിരോധിക്കാനോ സംസ്ഥാന നിയമനിര്‍മാണ സഭകള്‍ക്ക് പൂര്‍ണ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യന്‍ നിയമ വ്യവസ്ഥ കളികളെ രണ്ടായി വീക്ഷിക്കുന്നു. കേവല ഭാഗ്യപരീക്ഷണ കളികളെന്നും (ഇവക്ക് നിയമപരമായ സംരക്ഷണമില്ലാത്തവയാണ്) വൈദഗ്ധ്യം ആവശ്യമുള്ള കളികളെന്നും. വൈദഗ്ധ്യത്തില്‍ അധിഷ്ഠിതമായ കളികള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം ലഭിക്കും.
നിയമം എന്ത് പറയുന്നു
“വൈദഗ്ധ്യം ആവശ്യമുള്ള കളികള്‍’ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ ചൂതാട്ടം വരുന്നില്ല എന്നിരിക്കെ, അത്തരം കളികളുടെ മേല്‍ പണം വെച്ച് കളിക്കുന്നത് നിയമം മൂലം നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് പറയുന്നത് തികച്ചും അടിസ്ഥാനരഹിതമാണ് എന്ന് കോടതി നിരീക്ഷിച്ചു. പണം നഷ്ടപ്പെടാനോ ലഭിക്കാനോ ഉള്ള സാധ്യതകളെ മുന്‍നിര്‍ത്തിക്കൊണ്ട്, തികച്ചും അനിശ്ചിതമായ ഒരു ഫലത്തിന്മേല്‍ പണം പന്തയം വെക്കുമ്പോള്‍, ആ കളിയുടെ അടിസ്ഥാന സ്വഭാവം അപ്രസക്തമാകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. വാതുവെപ്പും ചൂതാട്ടവും അടിസ്ഥാനപരമായി മനുഷ്യന്റെ സാമ്പത്തിക ആര്‍ത്തികളെ ചൂഷണം ചെയ്യുന്നവയാണ്. അതിനാല്‍ തന്നെ, ഒരു കളി പ്രത്യേക കഴിവില്‍ അധിഷ്ഠിതമാണോ അതോ ഭാഗ്യപരീക്ഷണമാണോ എന്നതിലുപരി, അവിടെ പണം പന്തയം വെക്കപ്പെടുന്നുണ്ടോ എന്നതാണ് പരിശോധിക്കപ്പെടേണ്ടത് എന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വാണിജ്യ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും
ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ കോടതിയില്‍ പ്രധാനമായും ഉയര്‍ത്തിയ വാദം ഭരണഘടനയുടെ 19(1)(ജി) അനുഛേദം ഉറപ്പുനല്‍കുന്ന വാണിജ്യ- വ്യാപാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതായിരുന്നു. തങ്ങളുടെ ബിസിനസ്സ് പൂര്‍ണമായും നിരോധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കമ്പനി വാദിച്ചു. എന്നാല്‍ സുപ്രീം കോടതി ഈ വാദത്തെ തുടക്കത്തില്‍ തന്നെ എതിര്‍ത്തു. വാതുവെപ്പും ചൂതാട്ടവും ഉള്‍പ്പെടുന്ന വ്യാപാരങ്ങള്‍ നിയമത്തിന്റെ ദൃഷ്ടിയില്‍ “വ്യാപാരത്തിന് അര്‍ഹമല്ലാത്തവ’ എന്ന ഗണത്തിലാണ് ഉള്‍പ്പെടുന്നത് എന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്ക് ഭരണഘടനയുടെ 19ാം അനുഛേദം നല്‍കുന്ന സംരക്ഷണത്തിനോ അവകാശങ്ങള്‍ക്കോ അര്‍ഹതയില്ല. മൗലികാവകാശങ്ങളുടെ ലംഘനം എന്ന പ്രശ്‌നം ഇവിടെ ഉത്ഭവിക്കുന്നതേയില്ല എന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതി നിലപാടുകളിലെ അസ്ഥിരത
നേരത്തേ മദ്രാസ് ഹൈക്കോടതിയും കര്‍ണാടക ഹൈക്കോടതിയും അവിടങ്ങളിലെ സംസ്ഥാന സര്‍ക്കാറുകള്‍ കൊണ്ടുവന്ന നിയമ ഭേദഗതികളെ റദ്ദാക്കിയിരുന്നു. റമ്മി, പോക്കര്‍ തുടങ്ങിയ കളികള്‍ വൈദഗ്ധ്യം ആവശ്യമുള്ളവയാണെന്നും, അതിനാല്‍ അവയെ “വാതുവെപ്പും ചൂതാട്ടവും’ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു ഹൈക്കോടതികളുടെ കണ്ടെത്തല്‍. എന്നാല്‍ സുപ്രീം കോടതി ഈ വ്യാഖ്യാനത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഹൈക്കോടതികളുടെ വ്യാഖ്യാനം അങ്ങേയറ്റം സങ്കുചിതമാണെന്നും ഇത് ഭരണഘടനയെ തിരുത്തിയെഴുതുന്നതിന് തുല്യമാണെന്നും സുപ്രീം കോടതി വിലയിരുത്തി. ഭരണഘടനയുടെ വാക്കുകളെ അവയുടെ പൂര്‍ണമായ അര്‍ഥത്തില്‍ മനസ്സിലാക്കുന്നതിന് പകരം, സംസ്ഥാന സര്‍ക്കാറുകളെ പൂര്‍ണമായും നിസ്സഹായരാക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഹൈക്കോടതികള്‍ നല്‍കിയതെന്ന് പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടി.
സാമൂഹിക സുരക്ഷക്ക് ഭീഷണി
ഡിജിറ്റല്‍ യുഗത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തികളില്‍ മാത്രം ഒതുങ്ങുന്നില്ല. അത് കുടുംബങ്ങളെ തകര്‍ക്കുകയും സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയെ ഉലയ്ക്കുകയും ചെയ്യുന്നു. തമിഴ്നാട് സര്‍ക്കാര്‍ ഈ കേസില്‍ പ്രധാനമായും ആശ്രയിച്ചത് ജസ്റ്റിസ് കെ ചന്ദ്രു കമ്മിറ്റിയുടെ റിപോര്‍ട്ടിനെയാണ്. ഓണ്‍ലൈന്‍ ഗെയിമിംഗ് ഉണ്ടാക്കുന്ന മാരകമായ ആസക്തി, സാമ്പത്തിക തകര്‍ച്ച, അതുമൂലമുണ്ടാകുന്ന ആത്മഹത്യകള്‍ തുടങ്ങിയവയുടെ ഭയാനകമായ കണക്കുകള്‍ ഈ റിപോര്‍ട്ട് തുറന്നുകാട്ടിയിരുന്നു. ഈ വസ്തുതകളെ മുഖവിലക്കെടുത്ത സുപ്രീം കോടതി, സമൂഹത്തിന്റെ പൊതുനന്മയെയും ക്ഷേമത്തെയും ഗുരുതരമായി ബാധിക്കുന്ന ഒരു വിപത്തിനെതിരെ നിയമം നിര്‍മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്ന് ശരിവെച്ചു. വാതുവെപ്പുകള്‍ സമൂഹത്തിന് ഭീഷണിയായി മാറുമ്പോള്‍, കാഴ്ചക്കാരായി നില്‍ക്കാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയില്ല എന്ന വിലയിരുത്തലാണ് കോടതി നടത്തിയത്
പൂര്‍ണ നിരോധനം അനുവദനീയമോ?
ഓണ്‍ലൈന്‍ ചൂതാട്ടങ്ങളെ പൂര്‍ണമായും നിരോധിക്കുന്നത് കടുത്ത നടപടിയാണെന്നും ഏകപക്ഷീയമാണെന്നും ഗെയിമിംഗ് കമ്പനികള്‍ വാദിച്ചിരുന്നു. എന്നാല്‍ 19ാം അനുഛേദത്തിന്റെ സംരക്ഷണം ലഭിക്കാത്ത ഒരു പ്രവര്‍ത്തനത്തെ പൂര്‍ണമായി നിരോധിക്കുന്നത് പ്രശ്‌നമില്ല എന്ന് കോടതി വ്യക്തമാക്കി. നൈപുണി അധിഷ്ഠിതമായ കളികള്‍ക്ക് ഭരണഘടനാ സംരക്ഷണമുണ്ടെങ്കിലും, നിയമസഭകള്‍ പ്രത്യേകമായി ഇളവുകള്‍ നല്‍കാത്തിടത്തോളം കാലം, അത്തരം കളികളിലെ വാതുവെപ്പുകള്‍ക്ക് യാതൊരു നിയമപരിരക്ഷയും ലഭിക്കില്ല. സര്‍ക്കാറുകള്‍ കൊണ്ടുവന്ന നിയമങ്ങള്‍ അവ ലക്ഷ്യമാക്കിയ തിന്മകളെ ഉന്മൂലനം ചെയ്യാന്‍ പര്യാപ്തമാണെന്നും അതിനുള്ള വ്യക്തമായ നിയമനിര്‍മാണ അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും കോടതി വിലയിരുത്തി. മദ്രാസ്, കര്‍ണാടക ഹൈക്കോടതികളുടെ വിധികള്‍ പൂര്‍ണമായും റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഈ വിധി, ഡിജിറ്റല്‍ ചൂതാട്ടങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിലെ ഒരു നാഴികക്കല്ലാണ്. പണം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് ലോബികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ വിധി. സാങ്കേതികവിദ്യയുടെ പേരില്‍ നടക്കുന്ന സാമ്പത്തിക ചൂഷണങ്ങളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ക്കുള്ള പരമാധികാരത്തെ ഈ വിധി ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നു.







