FIFA WORLD CUP 2026
കൊറിയൻ ചെക്ക്: ദക്ഷിണ കൊറിയക്ക് വിജയത്തുടക്കം; ചെക്ക് റിപബ്ലിക്കിനെ 2-1ന് തോൽപ്പിച്ചു
ദക്ഷിണ കൊറിയക്ക് വിജയത്തുടക്കം • ചെക്ക് റിപബ്ലിക്കിനെ 2-1ന് തോൽപ്പിച്ചു
സപ്പോപാൻ (മെക്‌സിക്കോ) | ലോകകപ്പിൽ വിജയത്തുടക്കമിട്ട് ദക്ഷിണ കൊറിയ. ഗ്രൂപ്പ് എ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെക്ക് റിപബ്ലിക്കിനെ തോൽപ്പിച്ചു. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമായിരുന്നു കൊറിയക്കാരുടെ തിരിച്ചുവരവ്. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും. ഹ്വാംഗ് ഇൻ ബിയോം (67), ഓ ഹിയോൺ ഗ്യു (80) എന്നിവരാണ് കൊറിയക്കായി ലക്ഷ്യം കണ്ടത്. ക്യാപ്റ്റൻ ലാഡിസ്്ലാവ് ക്രെജ്‌സിയാണ് (59) ചെക്ക് റിപ്പബ്ലിക്കിന്റെ ഗോളിനുടമ.
മത്സരത്തിന്റെ തുടക്കത്തിൽ ദക്ഷിണ കൊറിയൻ ക്യാപ്റ്റൻ സൺ ഹ്യൂംഗ് മിന്നിന് ചില അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. കളിയുടെ ഒഴുക്കിനു വിപരീതമായി ലാഡിസ്്ലാവ് ക്രെജ്ചി ചെക്കിന് ലീഡ് സമ്മാനിച്ചു. ഈ ലീഡിന് അധികം ആയുസ്സുണ്ടായിരുന്നില്ല. എട്ട് മിനുട്ടുകൾക്കു ശേഷം ഹ്വാംഗ് ഇൻ ബിയോം ചെക് ഗോൾകീപ്പർക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് കൊറിയയെ ഒപ്പമെത്തിച്ചു.
77ാം മിനുട്ടിൽ ഫ്രീ കിക്കിൽ നിന്നുള്ള ഹെഡ്ഡറിലൂടെ ചെക്ക് താരം തോമസ് സൂചെക് വലകുലുക്കിയെങ്കിലും ഓഫ് സൈഡ് കൊടിയുയർന്നു. തൊട്ടുപിന്നാലെ കൊറിയ വിജയ ഗോൾ നേടി. ഇത്തവണ ഹ്വാംഗ് ഇൻ ബിയോം നൽകിയ മികച്ചൊരു പാസ്സ് സ്വീകരിച്ച് ഓ ഹിയോൺ ഗ്യു ബോക്‌സിനുള്ളിൽ നിന്ന് പന്ത് വലയിലേക്ക് തൊടുത്തുവിടുകയായിരുന്നു.
വെള്ളിയാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ദക്ഷിണ കൊറിയ മെക്‌സിക്കോയെ നേരിടും. ഈ മാസം 18ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ്. ചെക്ക് റിപബ്ലിക്കിന്റെ അടുത്ത മത്സരം.







