Connect with us

Iran Israel US War

അമേരിക്കയുമായി കരാറിനരികിലെത്തിയതായി ഇറാന്‍

അന്തിമ തീര്‍പ്പായാല്‍ കരാറിന്റെ മുഴുവന്‍ ഉള്ളടക്കവും പൊതുസമൂഹത്തെ അറിയിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചി

Published

|

Last Updated

അബ്ബാസ് അരാഗ്ചി ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുന്നു

തെഹ്‌റാന്‍ | അമേരിക്കയുമായി ഇതാദ്യമായി ഒരു കരാറിനരികിലെത്തിയതായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അന്തിമ തീര്‍പ്പായാല്‍ കരാറിന്റെ മുഴുവന്‍ ഉള്ളടക്കവും പൊതുസമൂഹത്തെ അറിയിക്കുമെന്നും അരാഗ്ചി അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള ധാരണാപത്രത്തിന്റെ കരട് തയ്യാറായതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രതികരിച്ചു.

യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പാകിസ്താന്റെ നിര്‍ണായക ഇടപെടലുകളിലൂടെ ഇതാദ്യമായികരാറിനരികെയെത്തിയ എന്നാണ് അരാഗ്ചി എക്‌സില്‍ കുറിച്ചത്. കരാര്‍ അതിന്റെ അവസാനത്തോടടുത്തിരിക്കുകയാണ്. കേവലം അനുമാനങ്ങള്‍ വാര്‍ത്തയാക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിയന്‍ മാധ്യമങ്ങളില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതിന് പിന്നാലെയാണ് അരാഗ്ചിയുടെ മുന്നറിയിപ്പ്. അരാഗ്ചിയുടെ എക്‌സ് പോസ്റ്റ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെക്കുകയും ചെയ്തു.

ഇറാനും അമേരിക്കയും തമ്മിലുള്ള ധാരണാപത്രത്തിന്റെ കരട് തയ്യാറായതായി സൂചിപ്പിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, സമാധാന കരാറിന്റെ മിനുക്കുപണികള്‍ക്കായി ഇറാനും അമേരിക്കയും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിവരികയാണെന്നും സമാധാനത്തിലേക്ക് ഇരുരാജ്യങ്ങളും ഇത്രമാത്രം അടുത്ത് വന്നത് ഇതാദ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

വെടിനിര്‍ത്തല്‍ കരാറിലെ നിര്‍ണായക വിവരങ്ങള്‍ ഇറാന്‍ മാധ്യമങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ട്രംപ് ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. ഇറാന്റെ സുപ്രധാനമായ ഖാര്‍ഗ് ദ്വീപിന് നേരെ കഴിഞ്ഞ ദിവസം യുഎസ് നടത്തിയ ആക്രമണങ്ങള്‍ മേഖലയെ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് തള്ളിവിട്ടിരുന്നു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ വെടിനിര്‍ത്തല്‍ സാധ്യതകളും ചര്‍ച്ചകളും സജീവമായി തുടരുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

തങ്ങള്‍ മുന്നോട്ടുവെക്കുന്ന കരാറുകള്‍ അംഗീകരിക്കുകയല്ലാതെ ഇറാന്റെ മുന്നില്‍ മറ്റ് വഴികളൊന്നുമില്ലെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിലെ ഉറപ്പുകള്‍ പാലിച്ചാല്‍ ഇറാന് സാമ്പത്തിക നേട്ടം ലഭിക്കുമെന്നും കരാറില്‍ ഒപ്പുവെച്ചത് കൊണ്ട് മാത്രം ഫണ്ടുകള്‍ വിട്ടുകിട്ടില്ലെന്നും യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും പ്രതികരിച്ചു.

ഒമാന്‍ തീരത്തുവെച്ച് ഇന്ത്യന്‍ നാവികരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഇറാന്റെ മേല്‍ ട്രംപ് ആരോപിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് കടന്ന ഇന്ത്യന്‍ കപ്പലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാവില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

 

Latest