Connect with us

Ongoing News

ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് കെയ്ന്‍ വില്യംസണ്‍; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂസിലന്‍ഡ് ടീം ഇംഗ്ലണ്ടില്‍ നടത്തുന്ന ടെസ്റ്റ് പര്യടനത്തിനിടെയാണ് 35കാരനായ വില്യംസണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

Published

|

Last Updated

ലണ്ടന്‍ | ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ബാറ്റിങ് ഇതിഹാസത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ന്യൂസിലന്‍ഡ് മുന്‍ നായകന്‍ കെയ്ന്‍ വില്യംസണാണ് അപ്രതീക്ഷിതമായ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഉടനടി പ്രാബല്യത്തില്‍ വരുന്ന വിധത്തില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെന്ന് താരം അറിയിച്ചു. വില്യംസണിന്റെ പൊടുന്നനെയുള്ള തീരുമാനം സഹതാരങ്ങളെ പോലും അമ്പരപ്പിക്കുന്നതായി.

ന്യൂസിലന്‍ഡ് ടീം ഇംഗ്ലണ്ടില്‍ നടത്തുന്ന ടെസ്റ്റ് പരമ്പരക്കിടെയാണ് 35കാരനായ വില്യംസണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ അങ്കത്തില്‍ ന്യൂസിലന്‍ഡ് പരാജയപ്പെട്ടിരുന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ വില്യംസണ്‍ കളിക്കില്ല. ഇതോടെ ലോര്‍ഡ്‌സ് മൈതാനത്ത് നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് താരത്തിന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമായി മാറി.

ന്യൂസിലന്‍ഡ് താരമെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് വില്യംസണിന് സ്വന്തമാണ്. 110 ടെസ്റ്റുകളില്‍ നിന്ന് 9,515 റണ്‍സാണ് വില്യംസണ്‍ വാരിക്കൂട്ടിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 10,000 റണ്‍സ് എന്ന ചരിത്ര നേട്ടത്തിന് വെറും 485 റണ്‍സ് മാത്രം അകലെയാണ് താരം കളി അവസാനിപ്പിക്കുന്നത്. 175 ഏകദിനങ്ങളില്‍ നിന്ന് 7,257 റണ്‍സും 90 ടി20 മത്സരങ്ങളില്‍ നിന്ന് 2,575 റണ്‍സും അടിച്ചെടുത്തു. ടെസ്റ്റില്‍ 33ഉം ഏകദിനത്തില്‍ 15ഉം ശതകങ്ങള്‍ താരം സ്വന്തം പേരില്‍ കുറിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 378 മത്സരങ്ങളില്‍ നിന്ന് 19,347 റണ്‍സ് നേടി. ന്യൂസിലന്‍ഡിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍സ് സ്‌കോറര്‍ എന്ന നേട്ടവുമായാണ് വില്യംസണ്‍ കളമൊഴിയുന്നത്.

നായകനെന്ന നിലയില്‍ ന്യൂസിലന്‍ഡിനെ ഏകദിന ലോകകപ്പ് ഫൈനനിലെത്തിച്ച വില്യംസണ്‍ 2021ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി. ഇന്ത്യയെ ഫൈനലില്‍ പരാജയപ്പെടുത്തിയായിരുന്നു കിവീസിന് ആദ്യ ഐ സി സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം വില്യംസണ്‍ ടീമിന് നേടിക്കൊടുത്തത്. 2019 ലെ ഏകദിന ലോകകപ്പിലും 2021 ലെ ടി20 ലോകകപ്പിലും ന്യൂസീലന്‍ഡിനെ ഫൈനലില്‍ എത്തിച്ചു. 2019 ലോകകപ്പില്‍ ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. 2015 ഏകദിന ലോകകപ്പിലും, 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും റണ്ണേഴ്‌സ് അപ്പായ ന്യൂസീലന്‍ഡ് ടീമിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളുടെ വിശ്വസ്തനായ ബാറ്ററായിരുന്ന വില്യംസണ്‍.

 

 

 

Latest