Connect with us

Kerala

പാലക്കാട്ടെ 23 കുട്ടികളുടെ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കുട്ടികളുടെ അസ്വാഭാവിക മരണങ്ങൾക്ക് പിന്നിൽ ചില സാമൂഹിക കാരണങ്ങൾ ഉണ്ടായേക്കാമെന്ന് നിരീക്ഷിച്ച കോടതി, കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയെ (കെ എൽ എസ് എ) ഈ കേസിൽ അധിക എതിർകക്ഷിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | പാലക്കാട് ജില്ലയിൽ 13 വർഷത്തിനിടെ 23 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവങ്ങളിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കൊല്ലങ്കോട് പൊലീസ് എടുത്ത 12 കാരിയുടെ ദുരൂഹ മരണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് മറ്റു കേസുകളിലും അന്വേഷണം നടത്താൻ സി ബി ഐയോട് കോടതി നിർദേശിച്ചത്. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പാലക്കാട് ജില്ലയിലെ കുട്ടികളുടെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതി നടപടി. ഈ കേസുകളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാൻ 2026 ഫെബ്രുവരി 19-ന് കോടതി സി ബി ഐയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഏജൻസി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. എന്നാൽ, കൊല്ലങ്കോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 12 കാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ ക്രൈംബ്രാഞ്ച് സ്റ്റാറ്റസ് റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി, അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് കേസ് സി ബി ഐക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു.

കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 21/2010 കേസിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള എല്ലാ രേഖകളും ഉടനടി സി ബി ഐക്ക് കൈമാറാൻ ക്രൈംബ്രാഞ്ചിനോട് കോടതി നിർദ്ദേശിച്ചു. കൂടാതെ, പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ ഐ പി എസ് സാക്ഷ്യപ്പെടുത്തിയതും സംസ്ഥാന സർക്കാർ സമർപ്പിച്ചതുമായ പ്രസ്താവനയിലുള്ള 23 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസുകളിൽ സി ബി ഐ മറുപടി നൽകേണ്ടതുണ്ട്. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപായി സംസ്ഥാന പോലീസ് ഭരണകൂടത്തിൽ നിന്നും പാലക്കാട് ജില്ലാ പോലീസ് മേധാവിയിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടാൻ സി ബി ഐക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.

കുട്ടികളുടെ അസ്വാഭാവിക മരണങ്ങൾക്ക് പിന്നിൽ ചില സാമൂഹിക കാരണങ്ങൾ ഉണ്ടായേക്കാമെന്ന് നിരീക്ഷിച്ച കോടതി, കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയെ (കെ എൽ എസ് എ) ഈ കേസിൽ അധിക എതിർകക്ഷിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം കുട്ടികളുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിനായി കെ എൽ എസ് എ സമർപ്പിച്ച സത്യവാങ്മൂലത്തിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കോടതി ഉത്തരവിട്ടു. കുട്ടികളുടെ അവകാശങ്ങൾ, സംരക്ഷണ നിയമങ്ങൾ എന്നിവയെക്കുറിച്ചുള്ള നിയമബോധവൽക്കരണ പരിപാടികൾ, ചൈൽഡ് വെൽഫെയർ-നിയമപാലന ഏജൻസികളുടെ ഏകോപനം, പാരാ ലീഗൽ വോളന്റിയർമാരുടെ പങ്ക് ശക്തിപ്പെടുത്തൽ, സ്കൂളുകളിലും ദുർബല വിഭാഗങ്ങൾക്കിടയിലും ഉള്ള പ്രവർത്തനങ്ങൾ, കൗൺസിലിംഗ്, ചൈൽഡ് ഹെൽപ്പ് ലൈനുകളുടെ പ്രചാരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എല്ലാ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളും ഈ നടപടികൾ നടപ്പിലാക്കി കെ എൽ എസ് എ ചെയർമാന് പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു. കേസ് കൂടുതൽ പരിഗണനയ്ക്കായി ആഗസ്റ്റ് ആറിലേക്ക് മാറ്റി.

ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി ജി ഹരിന്ദ്രനാഥ്, പി വി ജീവേഷ്, സി ആർ നീലകണ്ഠൻ നമ്പൂതിരി എന്നിവരും എതിർകക്ഷികൾക്കായി മൈത്രേയി സച്ചിദാനന്ദ ഹെഗ്ഡെ, ഡി ജി പി തൗഫീഖ്, സ്പെഷ്യൽ ജി പി പി നാരായണൻ, സീനിയർ ജി പി സജ്ജു എസ്, ദീപിക കെ ശശി, നവനീത് ഗോപൻ എന്നിവരും ഹാജരായി.

Content Highlights

The Kerala High Court directed the CBI to probe the unnatural deaths of 23 children in Palakkad over 13 years due to irregularities in the Crime Branch probe. A Division Bench led by Chief Justice Soumen Sen also ordered KeLSA to implement strict child safety and awareness measures statewide.

Latest