Connect with us

Kerala

കുണ്ടറ കസ്റ്റഡി മർദന ആരോപണം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ്

പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കൊല്ലം റൂറൽ എസ് പി ഷാജി സുഗുണൻ അറിയിച്ചു

Published

|

Last Updated

കൊല്ലം| കുണ്ടറ കസ്റ്റഡി മര്‍ദ്ദനത്തിന് പിന്നാലെ യുവാവ് മരിച്ചെന്ന ആരോപണത്തില്‍ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ്. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ്പിക്കാണ് അന്വേഷണ ചുമതല. വിഷയത്തിൽ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കൊല്ലം റൂറൽ എസ് പി ഷാജി സുഗുണൻ അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷമേ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഹൃദയത്തിന് ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹെപ്പറ്റൈറ്റിസ് ബി ബാധയെ തുടർന്ന് സിയാദ് ചികിത്സയിലായിരുന്നുവെന്നും എസ് പി വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കുണ്ടറ കസ്റ്റഡി മർദനാരോപണത്തിൽ പോലീസ് കസ്റ്റഡിയിൽ സിയാദിന് മർദനമേറ്റിട്ടില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മർദനത്തിന്റെ തെളിവുകൾ കണ്ടെത്താനായില്ലെന്നും, ജീപ്പിൽവെച്ച് മർദിച്ചെന്നത് ആരോപണം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സിയാദ് മരിക്കുന്നതുവരെ മർദനവുമായി ബന്ധപ്പെട്ട് പോലീസിന് ഔദ്യോഗിക പരാതി ലഭിച്ചിരുന്നില്ലെന്നും ആശുപത്രിയിൽ നിന്നുമുള്ള വിവരങ്ങളിലും ഇത്തരമൊരു പരാമർശമില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എന്നാൽ, സിയാദിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച നടപടിക്രമങ്ങളിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നിർബന്ധ നടപടികൾ പൂർത്തിയാക്കാതെയാണ് വിട്ടയച്ചതെന്നും ഇത് നടപടിക്രമ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Content Highlights:
The Home Department transferred the investigation into the alleged custody death of a youth in Kundara to the District Crime Branch. Kollam Rural SP stated that strict action will follow if negligence is proven. A Special Branch report noted procedural lapses in releasing the detainee.

Latest