Kerala
ആലുവയില്‍ 12കാരിയെ കാണാതായ സംഭവം; പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുട്ടിയുടെ കുടുംബം
ശനിയാഴ്ച രാത്രി 8.30ഓടെയാണ് കുട്ടിയെ കാണാതായത്.
എറണാകുളം| ആലുവയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 12 വയസുകാരിയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുട്ടിയുടെ കുടുംബം. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്ന് ഉറച്ച് വിശ്വസിക്കുന്നതായും അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ശനിയാഴ്ച രാത്രി 8.30ഓടെയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിയിൽ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
കാണാതാകുമ്പോൾ കുട്ടിയുടെ കൈവശം അമ്മയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ഫോൺ ആദ്യം സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും പിന്നീട് ഇടയ്ക്കിടെ ഓണായതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ആദ്യം കാസർകോട്, തുടർന്ന് മംഗളൂരു, പിന്നീട് മുംബൈ എന്നിവിടങ്ങളിൽ ഫോൺ സിഗ്നൽ ലഭിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
അതേസമയം, പോലീസ് കുട്ടിയുടെ അടുത്തെത്തിയെന്നാണ് അറിയിക്കുന്നതെങ്കിലും, ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. കുട്ടിയെ എത്രയും വേഗം സുരക്ഷിതമായി കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Content Highlights:
The family of a missing 12-year-old schoolgirl in Aluva has expressed dissatisfaction with the police investigation. The child disappeared after leaving home to collect a book. Police traced her mother’s mobile phone signals to Kasaragod, Mangaluru, and Mumbai as search efforts expand.



