Articles
കെടുകാര്യസ്ഥതയുടെ 'നിറവില്‍' എസ് എന്‍ യൂനിവേഴ്സിറ്റി
നടത്തിപ്പിലെ കെടുകാര്യസ്ഥത മൂലം എസ് എന്‍ യൂനിവേഴ്സിറ്റിയെ വിശ്വസിച്ച പതിനായിരക്കണക്കിന് കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. യു ജി നാല് സെമസ്റ്റര്‍ പരീക്ഷകഴിഞ്ഞിട്ടും ഒരു സെമസ്റ്ററിന്റെയും റിസല്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഇതുവരെ യൂനിവേഴ്സിറ്റിക്ക് കഴിഞ്ഞിട്ടില്ല. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി വെച്ചാണ് നിലവില്‍ സര്‍വകലാശാല മുന്നോട്ട് പോകുന്നത്.
കേരളത്തിലെ വിദൂര വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് 2020 ഒക്ടോബറില്‍ കൊല്ലം ആസ്ഥാനമായി ശ്രീനാരായണ ഗുരു ഓപണ്‍ യൂനിവേഴ്സിറ്റി സ്ഥാപിതമായത്. കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ (കേരള, കാലിക്കറ്റ്, എം ജി, കണ്ണൂര്‍) വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നിര്‍ത്തലാക്കി, അവയെല്ലാം ഈ ഒരൊറ്റ ഓപണ്‍ യൂനിവേഴ്സിറ്റിയുടെ കീഴിലാക്കുക എന്നതായിരുന്നു സര്‍ക്കാര്‍ നയം. തുടക്കത്തില്‍ നല്ലൊരു ആശയമായും സര്‍ക്കാര്‍ – എയ്ഡഡ് കോളജുകളില്‍ പ്രവേശനം നേടാന്‍ കഴിയാത്തവര്‍ക്കും സെല്‍ഫ് ഫിനാന്‍സ് കോളജുകളിലെ ഉയര്‍ന്ന ഫീസ് മൂലം പഠനം തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിക്കാത്ത പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വളരെ പ്രയോജനകരമായ ഒരു സംവിധാനമായും ഈ പദ്ധതിയെ എല്ലാവരും നോക്കിക്കണ്ടു.
യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യു ജി സി) ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ബ്യൂറോയുടെ (ഡി ഇ ബി) അംഗീകാരത്തോടെ ഹ്യുമാനിറ്റീസ്, കൊമേഴ്സ്, സയന്‍സ് സ്ട്രീമുകളില്‍ വിവിധ അണ്ടര്‍ ഗ്രാജുവേറ്റ് (യു ജി), പോസ്റ്റ് ഗ്രാജുവേറ്റ് (പി ജി) കോഴ്സുകള്‍ സര്‍വകലാശാല നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. ഈ കോഴ്‌സുകള്‍ നല്‍കുന്നുണ്ടെങ്കിലും നടത്തിപ്പിലെ കെടുകാര്യസ്ഥത മൂലം എസ് എന്‍ യൂനിവേഴ്സിറ്റിയെ വിശ്വസിച്ച പതിനായിരക്കണക്കിന് കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. യു ജി നാല് സെമസ്റ്റര്‍ പരീക്ഷകഴിഞ്ഞിട്ടും ഒരു സെമസ്റ്ററിന്റെയും റിസല്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഇത് വരെ യൂനിവേഴ്സിറ്റിക്ക് കഴിഞ്ഞിട്ടില്ല.
പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി വെച്ചാണ് നിലവില്‍ സര്‍വകലാശാല മുന്നോട്ട് പോകുന്നത്. ഇതിന്റെ പ്രധാന പ്രതിസന്ധികള്‍ താഴെ പറയുന്നവയാണ്.
അക്കാദമിക് കലന്‍ഡറിന്റെ അഭാവവും പരീക്ഷാ വൈകല്യങ്ങളും
ഏറ്റവും വലിയ പ്രതിസന്ധി കൃത്യസമയത്ത് പരീക്ഷകള്‍ നടത്താത്തതും ഫലപ്രഖ്യാപനം വൈകുന്നതുമാണ്. മൂന്ന് വര്‍ഷം കൊണ്ട് തീരേണ്ട ബിരുദ കോഴ്സുകള്‍ നാലോ അഞ്ചോ വര്‍ഷമെടുത്തിട്ടും തീരാത്ത അവസ്ഥയുണ്ട്. ഇത് വിദ്യാര്‍ഥികളുടെ കരിയറിനെയും ഉപരിപഠന സാധ്യതകളെയും ദോഷകരമായി ബാധിക്കുന്നു.
യു ജി സി അംഗീകാരവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍
തുടക്കകാലം മുതല്‍ക്കേ പല കോഴ്സുകള്‍ക്കും യു ജി സി അംഗീകാരം കൃത്യസമയത്ത് ലഭിക്കാതിരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. മറ്റ് സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസം നിര്‍ത്തലാക്കുകയും ചെയ്തതോടെ വിദ്യാര്‍ഥികള്‍ക്ക് മറ്റ് വഴികളില്ലാത്ത അവസ്ഥയായി.
സ്റ്റഡി മെറ്റീരിയലുകളുടെ ലഭ്യതക്കുറവ്
വിദൂര വിദ്യാഭ്യാസത്തിന്റെ ജീവനാഡി എന്ന് പറയുന്നത് കൃത്യസമയത്ത് ലഭിക്കുന്ന സ്റ്റഡി മെറ്റീരിയലുകളാണ്. എന്നാല്‍ സിലബസ് അനുസരിച്ചുള്ള പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സമയത്ത് ലഭ്യമാക്കാന്‍ സര്‍വകലാശാലക്ക് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പലര്‍ക്കും പരീക്ഷക്ക് തൊട്ടുമുമ്പാണ് പുസ്തകങ്ങള്‍ ലഭിക്കുന്നത്.
പ്രാദേശിക കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യക്കുറവ്
കേരളത്തിലുടനീളം റീജ്യനല്‍ സെന്ററുകളും ലേണര്‍ സപോര്‍ട്ട് സെന്ററുകളും ഉണ്ടെങ്കിലും, വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ തീര്‍ക്കാനോ അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാനോ ഉള്ള ജീവനക്കാരോ സൗകര്യങ്ങളോ പലയിടത്തുമില്ല. കോണ്‍ടാക്ട് ക്ലാസ്സുകള്‍ കൃത്യമായി നടക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
ഭരണപരമായ അനിശ്ചിതത്ത്വങ്ങള്‍
ഫണ്ടിന്റെ കുറവ്, സ്ഥിരം അധ്യാപകരുടെയും ജീവനക്കാരുടെയും ദൗര്‍ലഭ്യം, സര്‍വകലാശാല നിയമനങ്ങളിലെ തര്‍ക്കങ്ങള്‍ എന്നിവ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.
സര്‍ട്ടിഫിക്കറ്റുകളുടെ മൂല്യത്തെ കുറിച്ചുള്ള ആശങ്ക
ഓപണ്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തെ കുറിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. വിദേശ സര്‍വകലാശാലകളിലെ ഉയര്‍ന്ന പഠനങ്ങള്‍ക്ക് ഇവിടെ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കപ്പെടാത്ത അവസ്ഥയുണ്ട്. പല വിദേശ ജോലികള്‍ക്കും ഓപണ്‍ ഡിഗ്രി, പി ജി സര്‍ട്ടിഫിക്കറ്റുകള്‍ ആക്സപ്റ്റ് ചെയ്യാത്ത അവസ്ഥയും ഉണ്ട്.
ചുരുക്കത്തില്‍, മികച്ച ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിയതാണെങ്കിലും, കൃത്യമായ ആസൂത്രണമില്ലായ്മയും ഭരണപരമായ വീഴ്ചകളും കാരണം ശ്രീനാരായണ ഗുരു ഓപണ്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ കടുത്ത മാനസിക- അക്കാദമിക് പ്രതിസന്ധിയിലാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഈ പ്രതിസന്ധികളെ കുറിച്ച് പലപ്പോഴും അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നുവെങ്കിക്കും പരിഹരിക്കാമെന്ന മറുപടിയില്‍ എല്ലാം ഒതുങ്ങി. നിലവിലെ ദാരുണമായ ഈ അവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാറിന്റെയും സര്‍വകലാശാല അധികൃതരുടെയും ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ നശിക്കുന്നത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയും അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്.
യൂനിവേഴ്സിറ്റിയില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരണം. അക്കാദമിക് കലണ്ടര്‍ അടിസ്ഥാനമാക്കി കൃത്യസമയങ്ങളില്‍ പഠന മെറ്റീരിയലുകള്‍ ലഭ്യമാക്കണം. കൃത്യമായ ഓഫീസ് സംവിധാനം സജ്ജമാക്കണം. സെന്ററുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം. പരീക്ഷയും റിസല്‍ട്ടും കൃത്യസമയത്ത് തന്നെ നടക്കണം. അല്ലെങ്കില്‍ ഈ യൂനിവേഴ്സിറ്റി കൊണ്ട് ഒരു പ്രയോജനവുമില്ല. പഴയ കാലത്തെ പോലെ ഓരോ യൂനിവേഴ്‌സിറ്റിക്ക് കീഴിലും വിദ്യാര്‍ഥികള്‍ക്ക് പാരലല്‍ സിസ്റ്റത്തില്‍ റഗുലര്‍ യു ജി, പി ജി പരീക്ഷകള്‍ നടത്തിയാല്‍ യൂനിവേഴ്സിറ്റികളുടെ കലണ്ടര്‍ അടിസ്ഥാനത്തില്‍ അവ നടത്തിക്കൊണ്ട് പോകാന്‍ കഴിയും. റഗുലര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും. സര്‍ക്കാറും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആവശ്യപ്പെടുന്നു.







