Kerala
കൊച്ചിയില്‍ 'ആസാദി യാത്ര'; കേസെടുത്തതില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് വേടന്‍
അവസരവാദികളായ ചില രാഷ്ട്രീയക്കാര്‍ മുതലെടുപ്പിന് ശ്രമിക്കുന്നു.
കൊച്ചി | കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ സമരം വിജയിച്ചതില്‍ ആഹ്ലാദ പ്രകടനവുമായി റാപ്പര്‍ വേടന്‍. ഇന്ത്യന്‍ പതാകയും ഭരണഘടനയുമേന്തിയാണ് കൊച്ചിയില്‍ വേടന്‍ ‘ആസാദി യാത്ര’ സംഘടിപ്പിച്ചത്. ഡല്‍ഹി വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസം എറണാകുളം പനമ്പള്ളി നഗറില്‍ വേടന്‍ പങ്കെടുത്ത ‘ആസാദി: പാട്ടും പ്രതിഷേധവും’ പരിപാടിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പോലീസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് ആസാദി യാത്ര സംഘടിപ്പിച്ചത്. തനിക്കെതിരെ കേസെടുത്തതില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് വേടന്‍ പ്രതികരിച്ചു.
‘പ്രതിഷേധ പരിപാടി നടത്തിയപ്പോള്‍ പോലീസ് കേസ് എടുക്കുന്ന സാഹചര്യമുണ്ടായി. അത് കോമണ്‍ ആയിട്ടുള്ള കാര്യമാണ്. നമ്മള്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകൂടി. അപ്പോള്‍ പോലീസ് സ്വമേധയാ കേസെടുത്തതാണെന്നും വേടന്‍ പറഞ്ഞു. അവസരവാദികളായ ചില രാഷ്ട്രീയക്കാര്‍ ഇതിനെ മുതലെടുക്കാന്‍ ശ്രമിക്കുന്നു എന്ന കാര്യം നമുക്ക് എല്ലാവര്‍ക്കും അറിയാം. പക്ഷേ അങ്ങനെയല്ല. ഇത് പൂര്‍ണമായും വിദ്യാര്‍ഥികളുടെ മാത്രം സമരമാണ്. വിദ്യാര്‍ഥികളുടെ മാത്രം ധൈര്യം കൊണ്ടാണ് ഈ സമരം വിജയിച്ചത്.
‘നമ്മുടെ വിദ്യാര്‍ഥികള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ഏറ്റവും വലിയ സ്‌കാമിനെതിരെ പോരാടി വിജയം കൈവരിച്ചിരിക്കുകയാണ്. അതിന്റെ സന്തോഷം ജനങ്ങളുടെ കൂടെ പങ്കിടാനാണ് സമാധാനപരമായിട്ടുള്ള ‘ആസാദി യാത്ര’. ഇത് വിദ്യാര്‍ഥികളുടെ വിജയമാണ്. ഇതൊരു പുത്തന്‍ രീതിയല്ല. ബാബാസാഹേബ് മുതല്‍ മഹാവീരന്‍ അയ്യങ്കാളിയും ശ്രീനാരായണ ഗുരുദേവനും എല്ലാം തുടങ്ങിവെച്ച കാര്യങ്ങള്‍ ഇപ്പോഴുള്ള യുവതലമുറ ഏറ്റെടുത്ത് ചെയ്യുന്നു എന്നേയുള്ളൂ. ഈ സമത്വത്തിന്റെ രാഷ്ട്രീയം ഇന്ത്യ എന്ന രാജ്യം ഉള്ളിടത്തോളം കാലം നിലനില്‍ക്കുമെന്നും വേടന്‍ പറഞ്ഞു. കൊച്ചി ഹൈക്കോടതി ജങ്ഷനില്‍ നിന്ന് ആരംഭിച്ച യാത്ര രാജേന്ദ്ര മൈതാനിയില്‍ അവസാനിച്ചു.
Content Highlights:
Rap singer Vedan reacted to the police case registered regarding the Azadi Yatra held in Kochi. He stated that there is no point in blaming anyone for the law enforcement action. The event and subsequent legal steps have drawn significant public attention across Kerala.



