Connect with us

From the print

സി ജെ പിക്ക് പിന്നാലെ ഇ ജെ പി; ലക്ഷ്യം നൂറ് ശതമാനം പെട്രോള്‍

സാമൂഹിക മാധ്യമങ്ങളില്‍ കൂട്ടായ്മ.

Published

|

Last Updated

ന്യൂഡല്‍ഹി | കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സി ജെ പി) സമര വിജയത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഇ20 പെട്രോള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പുതിയ കൂട്ടായ്മ. കേന്ദ്ര സര്‍ക്കാറിന്റെ ഇ 20 പെട്രോളിനെ എതിര്‍ക്കുന്ന സംഘം എഥനോള്‍ കലര്‍ത്താത്ത ശുദ്ധമായ പെട്രോളാണ് തങ്ങളുടെ ആവശ്യമായി മുന്നോട്ടുവെക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും ഉപഭോക്തൃ അവകാശത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ‘ഇ20 ജനതാ പാര്‍ട്ടി’ പറയുന്നു. ഇ20 ജനതാ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്ക് നിരവധി പേര്‍ പിന്തുണയുമായി എത്തുന്നുണ്ട്.

ഓരോ സംസ്ഥാനത്തിന്റെ പേരിലും സ്ഥലങ്ങളുടെ പേരിലും ഇ20 ജനതാ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വാഹനങ്ങളുടെ ഇന്ധനക്ഷമത കുറക്കുകയും യന്ത്രഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ കൂട്ടായ്മ. ഇ20 പെട്രോളിനെ എതിര്‍ക്കുന്നില്ലെന്നും അടിച്ചേല്‍പ്പിക്കല്‍ അനുവദിക്കില്ലെന്നുമാണ് കൂട്ടായ്മയുടെ നിലപാട്. വാഹന ഉടമകള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയും വിധം എഥനോള്‍ ചേര്‍ക്കാത്ത പെട്രോള്‍ കൂടി റീട്ടെയില്‍ പമ്പുകളില്‍ ലഭ്യമാക്കണമെന്നാണ് പ്രധാന ആവശ്യം.

നൂറ് ശതമാനം ശുദ്ധമായ പെട്രോള്‍ വാങ്ങാനുള്ള അവകാശത്തിന് പോരാടുന്നു എന്നാണ് ഇ20 ജനതാ പാര്‍ട്ടി എക്സ് ബയോയില്‍ എഴുതിയിരിക്കുന്നത്. തങ്ങളുടെ വാഹനങ്ങളുടെ ഇന്ധന ടാങ്കുകളില്‍ എന്താണ് ഒഴിക്കേണ്ടതെന്ന് ഉപഭോക്താക്കള്‍ തീരുമാനിക്കട്ടെയെന്നാണ് ഇ ജെ പിയുടെ നിലപാട്.

പെട്രോളുകളില്‍ കൃത്യമായ എഥനോള്‍ ഉള്ളടക്കം സൂചിപ്പിക്കുന്ന വ്യക്തവും സുതാര്യവുമായ ഇന്ധന ലേബലിംഗ് നടപ്പാക്കുക, വ്യത്യസ്ത ഇന്ധന മിശ്രിതങ്ങളുടെ ചെലവ്, നേട്ടങ്ങള്‍, ആഘാതം എന്നിവ താരതമ്യം ചെയ്യുന്ന ആക്സസ് ചെയ്യാവുന്ന ഡാറ്റ പ്രസിദ്ധീകരിക്കുക, മൈലേജ്, എന്‍ജിന്‍ പ്രകടനം, പരിപാലന ചെലവുകള്‍ എന്നിവയെക്കുറിച്ചുള്ള സ്വതന്ത്ര ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

എഥനോള്‍ കലര്‍ത്തുന്ന പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്നത്. ‘ഒരു ആവശ്യം. ഒരു അവകാശം’ എന്ന മുദ്രാവാക്യത്തില്‍ പൊതുജന അവബോധം വളര്‍ത്താനും ഊര്‍ജ നയത്തില്‍ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കാനും കൂട്ടായ്മ പദ്ധതിയിടുന്നുണ്ട്.

Content Highlights:
India is advancing its renewable biofuel initiative by moving towards EJP following CJP implementations. The strategic move aims to gradually achieve a hundred percent ethanol blending target. This transition will significantly reduce dependence on imported crude oil while promoting eco-friendly energy.

 

Latest