Connect with us

Kerala

റോഡുകളില്‍ വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യ; പഠനം നടത്താന്‍ പൊതുമരാമത്ത് വകുപ്പ്

ഇപ്പോള്‍ ഉപയോഗിക്കുന്ന ടാര്‍, ബിറ്റുമിന്‍ മിശ്രിതത്തെക്കാള്‍ ഈടുനില്‍ക്കുമെന്നതാണ് പ്രത്യേക സിമന്റ് മിശ്രിതം ഉപയോഗിച്ച് കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന വൈറ്റ് ടോപ്പിംഗിന്റെ പ്രത്യേകത.

Published

|

Last Updated

കണ്ണൂര്‍ | റോഡ് നിര്‍മാണത്തിലെ ആധുനിക സാങ്കേതിക വിദ്യയായ വൈറ്റ് ടോപ്പിംഗ്, പ്രധാന പി ഡബ്ല്യു ഡി റോഡുകളില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ പൊതുമരാമത്ത് വകുപ്പ്. വൈറ്റ് ടോപ്പിംഗിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള വിശദമായ പഠനത്തിനാണ് വകുപ്പ് ഒരുങ്ങുന്നത്. മഴക്കാലത്തുള്‍പ്പെടെയുണ്ടാകുന്ന റോഡ് തകര്‍ച്ചയും മറ്റും കണക്കിലെടുത്താണ് വൈറ്റ് ടോപ്പിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട ആലോചന ഉയര്‍ന്നുവന്നത്. ഇപ്പോള്‍ ഉപയോഗിക്കുന്ന ടാര്‍, ബിറ്റുമിന്‍ മിശ്രിതത്തെക്കാള്‍ ഈടുനില്‍ക്കുമെന്നതാണ് പ്രത്യേക സിമന്റ് മിശ്രിതം ഉപയോഗിച്ച് കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന വൈറ്റ് ടോപ്പിംഗിന്റെ പ്രത്യേകത.

സമീപവര്‍ഷങ്ങളിലൊന്നും വീതി കൂട്ടാന്‍ സാധ്യതയില്ലാത്ത റോഡുകളിലാകും വൈറ്റ് ടോപ്പിംഗ് പരിഗണിച്ചേക്കുക. ആലപ്പുഴ ജില്ലയില്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.20 കിലോമീറ്റര്‍ നീളത്തില്‍, 24.50 കോടിരൂപ ചെലവില്‍ നേരത്തെ വൈറ്റ് ടോപ്പിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. വൈറ്റ് ടോപ്പ് ചെയ്ത റോഡിന്റെ ആയുസ്സ് 25 മുതല്‍ 30 വര്‍ഷം വരെയാണെന്നാണ് പറയുന്നത്. സ്ഥിരമായി വെള്ളക്കെട്ടും ഒഴുക്കും ഉള്ള സ്ഥലങ്ങളിലും ഇതിലൂടെ റോഡ് കേടുകൂടാതെ നിലനില്‍ക്കും. ഇളം നിറമായതിനാല്‍ വാഹനയാത്രികര്‍ക്ക് കൂടുതല്‍ കാഴ്ച ലഭിക്കും. അറ്റകുറ്റപ്പണികള്‍ വളരെ കുറച്ചു മാത്രം മതിയെന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെലവ് കുറവാണ്. അപകടങ്ങള്‍ കുറയും, വാഹനങ്ങളുടെ ഇന്ധനക്ഷമത കൂടും എന്നിവയൊക്കെ മേന്മയായി പറയുന്നുണ്ട്.

അതേസമയം, സാധാരണ ടാറിംഗിനെക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുമെങ്കിലും നിര്‍മാണ ചെലവ് കൂടുതലാണ്. ബെംഗളൂരു നഗരത്തില്‍ 9,000 കോടി രൂപ മുടക്കി 900 കിലോമീറ്റര്‍ നഗരറോഡുകള്‍ വൈറ്റ് ടോപ്പിംഗ് നടത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് പഠിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ ഔദ്യോഗിക സംഘം ബെഗളൂരുവില്‍ സന്ദര്‍ശനം നടത്തുന്ന കാര്യവും ആലോചനയിലുണ്ട്.

Content Highlights:
Kerala PWD is studying white topping technology for road construction across the state. This technique overlays existing asphalt with concrete to significantly improve pavement durability. The department aims to assess feasibility, cost efficiency, and long-term road performance.

 

Latest