Ongoing News
2027 ലെ ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ 4 മുതൽ നവംബർ 21 വരെ; ഭൂരിഭാഗം മത്സരങ്ങളും ദക്ഷിണാഫ്രിക്കയിൽ
അടുത്ത ലോകകപ്പിൽ ആകെ 54 മത്സരങ്ങളാണ് നടക്കുക
അഹമ്മദാബാദ് | 2027 ലെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ തീയതികൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ സി സി) അന്തിമമാക്കിയതായി റിപ്പോർട്ട്. സൗത്ത് ആഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് 2027 ഒക്ടോബർ 4 ന് ആരംഭിച്ച് നവംബർ 21 ന് ഫൈനലോടെ സമാപിക്കാനാണ് ഐ സി സി ബോർഡ് ആലോചിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ) 2026 ഫൈനലിനോടനുബന്ധിച്ച് അഹമ്മദാബാദിൽ ചേർന്ന ഐ സി സി ബോർഡ് യോഗത്തിലാണ് ഈ തീയതികൾ സംബന്ധിച്ച് ധാരണയായത്.
അടുത്ത ലോകകപ്പിൽ ആകെ 54 മത്സരങ്ങളാണ് നടക്കുക. ഇതിൽ ഭൂരിഭാഗം മത്സരങ്ങൾക്കും സൗത്ത് ആഫ്രിക്കയാണ് വേദിയാവുക. ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ആകെ മത്സരങ്ങളിൽ 41 എണ്ണം സൗത്ത് ആഫ്രിക്കയിലും, 8 മത്സരങ്ങൾ സിംബാബ്‌വെയിലും, 3 മത്സരങ്ങൾ നമീബിയയിലുമായിരിക്കും നടക്കുക.
2003 ലെ ലോകകപ്പിന് ശേഷം ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക പുരുഷ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ, 2007 ലെ കന്നി ടി20 ലോകകപ്പ്, 2009 ലെ ചാമ്പ്യൻസ് ട്രോഫി, 2023 ലെ വനിതാ ടി20 ലോകകപ്പ് എന്നിവയ്ക്ക് ഈ ആഫ്രിക്കൻ രാജ്യം നേരത്തെ വേദിയായിട്ടുണ്ട്.
പങ്കെടുക്കുന്ന ടീമുകൾ തമ്മിലുള്ള ഉഭയകക്ഷി അന്താരാഷ്ട്ര മത്സരങ്ങളെ നിയന്ത്രിക്കുന്ന 2027-2031 ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമിന്റെ (എഫ് ടി പി) ആദ്യ ഐ സി സി ഇവന്റായിരിക്കും ഈ ഏകദിന ലോകകപ്പ്. ഈ വർഷം അവസാനം ഹോങ്കോങ്ങിൽ നടക്കുന്ന ഐ സി സി യോഗങ്ങളിൽ വെച്ച് മത്സര കലണ്ടർ അന്തിമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights
The ICC has reportedly finalised the dates for the 2027 ODI World Cup in South Africa, Zimbabwe, and Namibia from October 4 to November 21. Out of 54 matches, South Africa will host 41, Zimbabwe 8, and Namibia 3. The decision was taken during the ICC meeting in Ahmedabad.







