Connect with us

Articles

ഇനി കീറിമുറിക്കാതിരിക്കാം

മരിച്ചവരോടുള്ള ആദരവും ജീവനുള്ളവരുടെ നീതിയും അവകാശവും ഒരുപോലെ സംരക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണ് വിര്‍ച്വല്‍ ഓട്ടോപ്സി. മൃതദേഹത്തെ മുറിവേല്‍പ്പിക്കാതെ മരണകാരണം കണ്ടെത്താന്‍ കഴിയുന്ന ഈ സാങ്കേതികവിദ്യ, ഫോറന്‍സിക് ശാസ്ത്രത്തിന്റെ ഭാവിയെ മാറ്റിമറിച്ചേക്കും. കേരളം ഈ രംഗത്ത് മുന്നോട്ട് പോകുമ്പോള്‍, അത് ഒരു സാങ്കേതിക നവീകരണം മാത്രമല്ല; മരണാനന്തര നടപടികളില്‍ കൂടുതല്‍ മാനുഷികത കൊണ്ടുവരാനുള്ള സാമൂഹിക മുന്നേറ്റം കൂടിയായിരിക്കും.

Published

|

Last Updated

മരണത്തിന്റെ നിഗൂഢതകള്‍ തേടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു വ്യക്തി എങ്ങനെ മരിച്ചു, മരണത്തിന് പിന്നിലെ സാഹചര്യങ്ങള്‍ എന്തായിരുന്നു, കുറ്റകൃത്യമാണോ അപകടമാണോ എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പോസ്റ്റ്‌മോര്‍ട്ടം. എന്നാല്‍ ഇതുവരെ ആ അന്വേഷണത്തിന് മൃതദേഹം കീറിമുറിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ അതിന് ബദലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചു വരുന്ന വിര്‍ച്വല്‍ ഓട്ടോപ്സി കേരളത്തിലും നടപ്പാക്കാനുള്ള നീക്കങ്ങള്‍ ശ്രദ്ധ നേടുകയാണ്.

മരിച്ചയാളുടെ ശരീരത്തില്‍ മുറിവേല്‍പ്പിക്കാതെ, അത്യാധുനിക സി ടി സ്‌കാന്‍, എം ആര്‍ ഐ, ത്രിമാന ഇമേജിംഗ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മരണകാരണം കണ്ടെത്തുന്ന സംവിധാനമാണിത്. ഫോറന്‍സിക് മെഡിസിന്‍ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന ഈ സാങ്കേതികവിദ്യ നമ്മള്‍ കാലങ്ങളായി ആശിച്ചതാണെന്നതില്‍ സംശയമില്ല. എന്നാല്‍, കുറ്റകൃത്യങ്ങളും ദുരൂഹ മരണങ്ങളും മുമ്പുള്ളതിനേക്കാള്‍ ഉപരി പല രീതിയിലും തരത്തിലും വ്യാപിക്കുന്ന കാലത്ത് ഡിജിറ്റലൈസ് പോസ്റ്റ്മോര്‍ട്ടം എല്ലാ കേസുകളിലും സാധ്യമല്ലെങ്കിലും 60 ശതമാനം പോസ്റ്റ്മോര്‍ട്ടങ്ങളെങ്കിലും ഇങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.

മോര്‍ച്ചറി എന്ന ലോകം
മോര്‍ച്ചറിയെന്ന പദപ്രയോഗം തന്നെ നമ്മുടെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. പ്രിയപ്പെട്ടവരുടെ മൃതദേഹം മോര്‍ച്ചറിക്കുള്ളിലേക്ക് നല്‍കി പുറത്ത് കാത്തിരിക്കേണ്ടി വന്ന അനുഭവമുള്ളവരാണ് പലരും. ദുഃഖഭാരം താങ്ങി വിറങ്ങലിച്ച മനസ്സുമായി മോര്‍ച്ചറി വരാന്തയില്‍ ചെലവഴിച്ച ആ മണിക്കൂറുകള്‍ ഒരു ദുഃസ്വപ്നമായി മാത്രമേ ഓര്‍ക്കാനാകുകയുള്ളൂ. പോസ്റ്റ്മോര്‍ട്ടം നടപടികളുടെ ഭാഗമായി അവിടെ മൃതദേഹം എന്ത് ചെയ്യുന്നുവെന്നതിനെക്കുറിച്ച് വലിയ തോതില്‍ ചിന്തിക്കാതിരിക്കുകയെന്നതാണ് നമ്മുടെ മുമ്പില്‍ ആകെയുള്ള പോംവഴി.

250ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പോസ്റ്റ്മോര്‍ട്ടം രീതിയില്‍ കാലോചിത മാറ്റം വേണ്ടേ? ഇന്റര്‍നെറ്റിനെയും മറികടന്ന് എ ഐ പിറവിയെടുത്ത ഈ ഘട്ടത്തിലെങ്കിലും ഇത് സാധ്യമാണോ? ഈ വഴിക്ക് ചിന്തിച്ച ചില രാജ്യങ്ങള്‍ മൃതദേഹം കീറിമുറിക്കാതെയുള്ള പോസ്റ്റ്മോര്‍ട്ടം അഥവാ വിര്‍ച്വല്‍ ഓട്ടോപ്സിയെന്ന ആശയം സ്വീകരിച്ചു കഴിഞ്ഞു. നമ്മുടെ രാജ്യത്ത് ഡല്‍ഹി എയിംസ് അടക്കം ചുരുക്കം ചില സ്ഥാപനങ്ങളില്‍ മാത്രമാണ് നിലവില്‍ ഈ സംവിധാനമുള്ളത്.

പോസ്റ്റ്മോര്‍ട്ടം വന്ന വഴി
ലോകത്ത് ബി സി 44 മുതല്‍ തന്നെ പോസ്റ്റ്മോര്‍ട്ടം നിലവിലുണ്ടെങ്കിലും ഇന്ന് കാണുന്ന തരത്തിരുള്ള പോസ്റ്റ്മോര്‍ട്ടം 1700കളിലാണ് നിലവില്‍ വന്നത്. ജിയോവാനി ബറ്റീസ മൊര്‍ഗാഗ്‌നി (1682 1771) എന്ന ഇറ്റാലിയന്‍ അനാട്ടമിസ്റ്റ് ആണ് ഈ ശാസ്ത്ര ശാഖയുടെ പിതാവ്. The Seats and Causes of Diseases Investigated by Anatomy എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകമാണ് ഇതുസംബന്ധിച്ച് എഴുതപ്പെട്ട ആദ്യത്തെ പ്രാമാണിക ഗ്രന്ഥം. ഒരു മരണത്തിന്റെ കാര്യകാരണങ്ങള്‍ കണ്ടെത്തുകയെന്നത് തന്നെയാണ് പോസ്റ്റ്മോര്‍ട്ടത്തിന്റെ ഉദ്ദേശ്യം.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍ അതിന് സഹായകമാകുന്ന കാര്യങ്ങള്‍ കണ്ടെത്താനും പോസ്റ്റ്മോര്‍ട്ടം വഴി സാധിക്കാറുണ്ട്. അസ്ഥി പരിശോധനയിലൂടെ വയസ്, ഉയരം എന്നിവ കണ്ടെത്താം. മുമ്പ് നടത്തിയ ശസ്ത്രക്രിയകളെ സംബന്ധിച്ച ബാഹ്യ- ആന്തരിക സൂചനകളും കിട്ടും. സാമ്പിള്‍ പരിശോധനകളിലും മറ്റും പുതു സാങ്കേതികത ഉപയോഗിക്കുന്നുണ്ടെങ്കിലും മൃതദേഹം തുറന്നുള്ള പരിശോധനാ രീതിയില്‍ പുതിയ കാലത്തും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഉളിയും ചുറ്റികയും ഉപയോഗിച്ച് തലയോട്ടി പൊട്ടിക്കുന്നതിന് പകരം ‘ഓട്ടോപ്സി സോ’ എന്ന ഉപകരണം ഉപയോഗിക്കുന്നുവെന്നത് മാത്രമാണ് ഇതിലെ പുതുമ.

പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പുതിയ മുഖം
സ്‌കാനറുകളിലൂടെ ലഭിക്കുന്ന ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ വിശകലനം ചെയ്ത് ആന്തരിക പരുക്കുകള്‍, രക്തസ്രാവം, അസ്ഥി ഒടിവുകള്‍, ശരീരത്തില്‍ കുടുങ്ങിക്കിടക്കുന്ന വെടിയുണ്ടകള്‍ തുടങ്ങിയവ കണ്ടെത്താന്‍ സാധിക്കും. പലപ്പോഴും കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത സൂക്ഷ്മമായ വിവരങ്ങള്‍ വരെ ഡിജിറ്റല്‍ ഇമേജുകളില്‍ വ്യക്തമായി ലഭിക്കുന്നു.

പോസ്റ്റ്മോര്‍ട്ടത്തിനായി ഒരു മൃതശരീരം മോര്‍ച്ചറിയില്‍ എത്തിച്ചുകഴിഞ്ഞാല്‍ ഫോറന്‍സിക് സര്‍ജന്‍ പ്രാഥമികമായ ഒരു ബാഹ്യ ശരീര പരിശോധന നടത്തിയ ശേഷം ആ മൃതദേഹം ഡിജിറ്റല്‍ സാങ്കേതികവിദ്യ വഴിയുള്ള വിവിധ സ്‌കാനിംഗുകള്‍ക്ക് വിധേയമാക്കുകയാണ് വിര്‍ച്വല്‍ ഓട്ടോപ്സിയില്‍ ചെയ്യുന്നത്. ഇതില്‍ ശരീരത്തിന്റെ വിവിധവും നിശ്ചിതവുമായ കോണുകളില്‍ നിന്നുള്ള ഫോട്ടോഗ്രാഫി, അതിനുശേഷം ആന്തരിക ഘടനയുടെ വിശദമായ സ്‌കാനിംഗ് എന്നിവ ഉള്‍പ്പെടും. ഒരു നിശ്ചിത ശതമാനം കേസുകളില്‍ ഇത്തരം പരിശോധനകള്‍ കൊണ്ട് തന്നെ മരണ കാരണത്തെപ്പറ്റി അപഗ്രഥിക്കാനും ഒപ്പം ആവശ്യമായ സാമ്പിളുകള്‍ ഒരുപരിധിവരെ ശേഖരിക്കാനും കഴിയും.

നമ്മുടെ നാട്ടിലെ ഏകദേശം 60 ശതമാനത്തോളം കേസുകളിലും വിര്‍ച്വല്‍ ഓട്ടോപ്സി മാത്രം ഉപയോഗിച്ച് മരണകാരണം കണ്ടെത്താനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉദാഹരണമായി റോഡപകട മരണങ്ങള്‍, അസ്വാഭാവിക സാഹചര്യങ്ങള്‍ കൊണ്ട് മാത്രം പോസ്റ്റ്മോര്‍ട്ടത്തിന് ശിപാര്‍ശ ചെയ്യപ്പെടുന്ന ചിലതരം സ്വാഭാവിക മരണങ്ങള്‍, ദൃക്‌സാക്ഷികള്‍ ഉള്ള മറ്റുതരം അപകട മരണങ്ങള്‍ എന്നിങ്ങനെയുള്ള മരണങ്ങള്‍ക്ക് മൃതദേഹം കീറിമുറിക്കാതെ കഴിയും.

കുറ്റാന്വേഷണത്തിന് കൂടുതല്‍ കരുത്ത്
ഫോറന്‍സിക് ശാസ്ത്രത്തില്‍ തെളിവുകളുടെ സംരക്ഷണം നിര്‍ണായകമാണ്. വിര്‍ച്വല്‍ ഓട്ടോപ്സിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഡിജിറ്റല്‍ രേഖകളാണ്. പരിശോധനയില്‍ ലഭിക്കുന്ന ചിത്രങ്ങളും വിവരങ്ങളും വര്‍ഷങ്ങളോളം സുരക്ഷിതമായി സൂക്ഷിക്കാനാകും. കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ഈ വിവരങ്ങള്‍ വീണ്ടും പരിശോധിക്കാനും മറ്റ് വിദഗ്ധരുടെ അഭിപ്രായം തേടാനും കഴിയും. അന്വേഷണത്തിലെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും തെറ്റായ നിഗമനങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായകമാകും.

ശാസ്ത്രവും മാനവികതയും കൈകോര്‍ക്കുമ്പോള്‍
ആധുനിക സാങ്കേതിക വിദ്യയുടെ ലക്ഷ്യം മനുഷ്യജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ്. മരിച്ചവരോടുള്ള ആദരവും ജീവനുള്ളവരുടെ നീതിയും അവകാശവും ഒരുപോലെ സംരക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണ് വിര്‍ച്വല്‍ ഓട്ടോപ്സി. മൃതദേഹത്തെ മുറിവേല്‍പ്പിക്കാതെ മരണകാരണം കണ്ടെത്താന്‍ കഴിയുന്ന ഈ സാങ്കേതികവിദ്യ, ഫോറന്‍സിക് ശാസ്ത്രത്തിന്റെ ഭാവിയെ മാറ്റിമറിച്ചേക്കും. കേരളം ഈ രംഗത്ത് മുന്നോട്ട് പോകുമ്പോള്‍, അത് ഒരു സാങ്കേതിക നവീകരണം മാത്രമല്ല; മരണാനന്തര നടപടികളില്‍ കൂടുതല്‍ മാനുഷികത കൊണ്ടുവരാനുള്ള ഒരു സാമൂഹിക മുന്നേറ്റം കൂടിയായിരിക്കും.

ഒരു കുടുംബത്തിന് ഏറ്റവും വേദനാജനകമായ നിമിഷങ്ങളിലൊന്നാണ് പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത മരണം. അതിനിടയില്‍ മൃതദേഹം കീറിമുറിക്കുന്ന നടപടികളെ കുറിച്ചുള്ള ആശങ്കകളും അവരെ അലട്ടാറുണ്ട്. വിവിധ മതവിഭാഗങ്ങള്‍ക്കും മൃതദേഹത്തിന്റെ പവിത്രതയുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളുണ്ട്. പരമാവധി കേസുകളിലെങ്കിലും വിര്‍ച്വല്‍ ഓട്ടോപ്സി സ്വീകരിക്കുക വഴി മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കാനും സാധിക്കും. മരണാനന്തര നടപടികളില്‍ കൂടുതല്‍ മാനുഷിക സമീപനം ഉറപ്പാക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഫണ്ട് കണ്ടെത്താന്‍ പൊതുജന സഹകരണമാകാം
കീറിമുറിക്കാതെയുള്ള പോസ്റ്റ്മോര്‍ട്ടത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ സജീവ ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരിടത്ത് പദ്ധതി സ്ഥാപിക്കാന്‍ 30 കോടിയോളം രൂപ ചെലവ് വരുമെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി മുരളീധരന്‍ അഭിപ്രായപ്പെട്ടത്. ഈ ചെലവ് സര്‍ക്കാറിന് സ്വയം കണ്ടെത്താന്‍ കഴിയില്ലെങ്കില്‍ സ്വകാര്യ സംരംഭങ്ങളുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചും സന്നദ്ധ സംഘടനകളുടെ ക്രൗഡ് ഫണ്ടിംഗ് മുഖേനെയും സാധ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടിയന്തര ഘട്ടങ്ങളില്‍ ആഴ്ചകള്‍ കൊണ്ട് മാത്രം കോടികള്‍ ശേഖരിക്കുന്ന മലയാളികളുടെ കൂട്ടായ്മക്ക് ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാറിനെ സഹായിക്കാന്‍ കഴിയും.

‘വിര്‍ച്വല്‍ ഓട്ടോപ്സി സംസ്ഥാനത്ത് സാധ്യമാക്കുകയാണെങ്കില്‍ അത് പോലീസിനും നീതിന്യായ വ്യവസ്ഥക്കും അതിനേക്കാളുമുപരി പൊതുജനങ്ങള്‍ക്കും വളരെയേറെ സ്വീകാര്യവും സഹായകരവും ആയിരിക്കുമെന്ന് നിസ്സംശയം പറയാവുന്നതാണ്. പ്രാരംഭഘട്ടത്തില്‍ വലിയ ചെലവ് വരുമെങ്കിലും കാലഘട്ടത്തിന്റെ ആവശ്യമാണത്. കേരളത്തില്‍ നിലവിലുള്ള വിവിധ മെഡിക്കല്‍ കോളജുകളില്‍ അനുയോജ്യമായ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത ശേഷം വിര്‍ച്വല്‍ ഓട്ടോപ്സി എന്ന ഈ സംരംഭം തുടങ്ങുന്നതിന് സര്‍ക്കാര്‍ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു’ എന്നാണ് വിര്‍ച്വല്‍ ഓട്ടോപ്സിയെ കുറിച്ച് തൃശൂര്‍ മെഡി. കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഉന്മേഷ് എ കെ പറയുന്നത്.