Kerala
മയക്കുമരുന്നു കേസില്‍ അധ്യാപികമാരുടെ അറസ്റ്റ്; വിശദമായ അന്വേഷണത്തിന് പോലീസ്
പിടിയിലായ അധ്യാപികമാര്‍ ഉള്‍പ്പെട്ട സംഘം ആഡംഭര ജീവിതം വാഗ്ദാനം ചെയ്ത് ആരെയൊക്കെയാണ് വലയിലാക്കിയത് എന്ന കാര്യമാണ് അന്വേഷിക്കുന്നത്
വടകര | കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ രണ്ട് അധ്യാപികമാര്‍ പിടിയിലായതോടെ കൂടുതല്‍ അധ്യാപികമാര്‍ ഈ ചങ്ങലയില്‍ കണ്ണികളാണോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണത്തിനു പോലീസ്. വരുമാനത്തിനനുസരിച്ചല്ലാതെ ആഡംബര ജീവിതം നയിക്കുന്ന പലരും നിരീക്ഷണത്തിലാണ്. പരിമിതമായ വരുമാനക്കാരായ പലരും അടുത്ത കാലത്ത് സ്വന്തമായി കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സ്വന്തമാക്കിയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായ അധ്യാപികമാര്‍ ഉള്‍പ്പെട്ട സംഘം ആഡംഭര ജീവിതം വാഗ്ദാനം ചെയ്ത് ആരെയൊക്കെയാണ് വലയിലാക്കിയത് എന്ന കാര്യമാണ് അന്വേഷിക്കുന്നത്.
കേസിലെ പ്രതികളായ അധ്യാപികമാരായ മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പോലീസ് ഉടന്‍ കോടതിയെ സമീപിക്കും. തുടര്‍ന്ന് ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ മറ്റ് അധ്യാപകര്‍ക്കും പങ്കുണ്ടോയെന്ന കാര്യവും ഇതോടൊപ്പം പരിശോധിക്കുന്നുണ്ട്. ഇവരുമായി ലഹരി ഇടപാടുകള്‍ നടത്തിയിരുന്ന മറ്റ് ആളുകളെ കണ്ടെത്താനുള്ള നീക്കങ്ങളും പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കേസില്‍ അറസ്റ്റിലായ താത്കാലിക അധ്യാപികയായ കാവ്യയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇന്ന് പുറത്തുവരും. പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് കേന്ദ്രത്തിലെ സ്‌പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീര്‍ത്തനയെ ഇന്നലെ തന്നെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു.
Content Highlights:
Police in Vadakara have expanded their probe into a drug network involving school teachers following recent arrests. Investigators are tracking individuals maintaining luxury lifestyles inconsistent with their income. The education department has terminated the accused teachers from service.

