Connect with us

FIFA WORLD CUP 2026

കാനറിപ്പടയിറക്കം; ബ്രസീൽ- മൊറോക്കോ മത്സരം നാളെ പുലർച്ചെ 3.30ന്

നാളെ പുലർച്ചെ 3.30ന് ന്യൂജഴ്‌സിയിലെ പ്രശസ്തമായ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് മത്സരം.

Published

|

Last Updated

ന്യൂജേഴ്‌സി | ഏറ്റവും കുടുതൽ ലോകകിരീടങ്ങളിൽ മുത്തമിട്ട ബ്രസീൽ 2026 ലോകകപ്പിൽ അരങ്ങേറുന്നു. ആഫ്രിക്കൻ കരുത്തരായ മൊറോക്കോയാണ് മഞ്ഞപ്പടയുടെ എതിരാളി. നാളെ പുലർച്ചെ 3.30ന് ന്യൂജഴ്‌സിയിലെ പ്രശസ്തമായ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് മത്സരം.

കാർലോ ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീൽ തങ്ങളുടെ ആറാം ലോക കിരീടമാണ് ലക്ഷ്യമിടുന്നത്. 2002ന് ശേഷം കഴിഞ്ഞ 24 വർഷമായി കിരീടം നേടാൻ ടീമിന് കഴിഞ്ഞിട്ടില്ല. ഈ ക്ഷീണം അമേരിക്കൻ മണ്ണിൽ തീർക്കാനാണ് കാനറികൾ ലക്ഷ്യമിടുന്നത്. ഫിഫ ലോക റാങ്കിംഗിൽ ആറാം സ്ഥാനത്താണ് ടീം. ലോകകപ്പ് സന്നാഹ മത്സരത്തിൽ പാനമയെ 6-2നും കരുത്തരായ ഈജിപ്തിനെ 2-1നും തോൽപ്പിച്ച ആത്മവിശ്വാസം ടീമിനുണ്ട്.

വിനീഷ്യസ് ജൂനിയറും റഫീഞ്ഞയുമാണ് ആക്രമണ നിരയുടെ പ്രധാന പ്രതീക്ഷകൾ. എന്നാൽ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ നെയ്മർ പരുക്കിനെ തുടർന്ന് ആദ്യ മത്സരത്തിൽ കളിക്കാൻ സാധ്യത തീരെ കുറവാണ്. ഈജിപ്തിനെതിരെയുള്ള സൗഹൃദ മത്സരത്തിനിടെ പരുക്കേറ്റ റൈറ്റ് ബാക്ക് വെസ്്‌ലിയെ ടീമിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. മിഡ്ഫീൽഡർ എഡേഴ്‌സൺ ആണ് പകരക്കാരൻ. പരിശീലനത്തിനിടെ താരത്തെ റൈറ്റ് ബാക്ക് പൊസിഷനിൽ പരീക്ഷിച്ചതായാണ് സൂചന. പ്രീമിയർ ലീഗ് താരങ്ങളായ അലിസൺ ബെക്കർ, ഗബ്രിയേൽ മഗൽഹേസ്, ബ്രൂണോ ഗിമാരസ് എന്നിവരും കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെൻട്രൽ സ്ട്രൈക്കറായി മാത്യൂസ് കുൻഹ, എൻഡ്രിക്, ഇഗോർ തിയാഗോ എന്നിവരിൽ ആരെയാണ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തേണ്ടതെന്ന കാര്യത്തിൽ ആഞ്ചലോട്ടി അന്തിമ തീരുമാനമെടുക്കും.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ രാജ്യമാണ് ബ്രസീൽ. കളിച്ച 114 മത്സരങ്ങളിൽ 74ലും വിജയിച്ചു. 1930ൽ ഈ ആഗോള കായികമാമാങ്കം ആരംഭിച്ചതുമുതൽ ഇതിന്റെ എല്ലാ പതിപ്പുകളിലും മാറ്റുരച്ച ഏക ടീമും ബ്രസീലാണ്.

കഴിഞ്ഞ ഖത്വർ ലോകകപ്പിൽ സെമി ഫൈനലിലെത്തി ചരിത്രം കുറിച്ച മൊറോക്കോ, നിലവിലെ ആഫ്രിക്കൻ കപ്പ് ഓഫ് നാഷൻസ് ചാമ്പ്യന്മാർ കൂടിയാണ്. ഫിഫ റാങ്കിംഗിൽ എട്ടാം സ്ഥാനത്തുള്ള മൊറോക്കോ തങ്ങളുടെ ആദ്യ മത്സരത്തിൽ അട്ടിമറി വിജയം നേടാൻ കഠിനമായി ശ്രമിക്കും. ഏതാനും മാസങ്ങൾക്കു മുന്പാണ് വാലിദ് റെഗ്രാഗുയിയുടെ പിൻഗാമിയായി മുഹമ്മദ് ഔഹാബിയെ അവർ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചത്. അർജന്റീനയെ പരാജയപ്പെടുത്തി ഫിഫ അണ്ടർ 20 ലോകകപ്പ് കിരീടം നേടിയ ശേഷമാണ് ഔഹാബി ചുമതലയേറ്റത്. പ്രമുഖ താരം അബ്ദേ എസ്സൽസൂലിയും പ്രതിരോധ താരം നാഇഫ് അഗേഡും ലോകകപ്പിൽ നിന്ന് പുറത്തായത് ടീമിന് കനത്ത തിരിച്ചടിയാണ്.

ലോകകപ്പ് ചരിത്രത്തിൽ ഇതിനു മുമ്പ് ഒരു തവണ മാത്രമാണ് ഇരുടീമുകളും നേർക്കുനേർ വന്നിട്ടുള്ളത്. 1998ലായിരുന്നു അത്. അന്ന് ബ്രസീൽ 3-0ന് ജയിച്ചു. 2023ൽ നടന്ന സൗഹൃദ മത്സരത്തിൽ മൊറോക്കോ 2-1ന് ബ്രസീലിനെ തോൽപ്പിച്ചിരുന്നു.

Latest