National
ഡല്‍ഹി വിദ്യാര്‍ത്ഥി സമരം: പോലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം അനിവാര്യം; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങളോ ഡിജിറ്റല്‍ ഡാറ്റയോ യാതൊരു കാരണവശാലും പൊതുമധ്യത്തില്‍ പ്രസിദ്ധീകരിക്കാനോ പങ്കുവെക്കാനോ പാടില്ല.
ന്യൂഡല്‍ഹി| നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളിലും പോലീസിന്റെ അതിക്രമങ്ങളിലും സ്വതന്ത്ര അന്വേഷണം അനിവാര്യമെന്ന് സുപ്രീംകോടതി. ഡല്‍ഹി പോലീസിനെതിരായി ലഭിച്ച ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പോലീസ് നടപടികളില്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടത് ജനാധിപത്യത്തിന്റെ ഭാഗമെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിനായി വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കുമെന്ന സൂചനയും കോടതി നല്‍കി.
പ്രതിഷേധത്തില്‍ പങ്കെടുത്ത 18 വയസ്സില്‍ താഴെയുള്ള, കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത എല്ലാ കുട്ടികളെയും ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീംകോടതി വിവിധ സംസ്ഥാനങ്ങള്‍ക്ക് ഉത്തരവ് നല്‍കി. പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങളോ ഡിജിറ്റല്‍ ഡാറ്റയോ യാതൊരു കാരണവശാലും പൊതുമധ്യത്തില്‍ പ്രസിദ്ധീകരിക്കാനോ പങ്കുവെക്കാനോ പാടില്ല. കേസ് ഇനി ഓഗസ്റ്റ് മൂന്നിന് കോടതി പരിഗണിക്കും. കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ ഇക്കഴിഞ്ഞ ജൂലായ് 20നാണ് പോലീസ് നടപടി ഉണ്ടായത്. ഇക്കാര്യത്തിലാണ് പോലീസിന് എതിരായ പരാതികള്‍ എണ്ണിപ്പറഞ്ഞുള്ള കോടതിയുടെ പരാമര്‍ശം.
പ്രതിഷേധക്കാര്‍ക്കും പോലീസുകാര്‍ക്കും എതിരായ അതിക്രമം അന്വേഷിക്കേണ്ടതുണ്ട്. നിയമം കയ്യിലെടുക്കുന്നവരെ നിയമപരമായി കൈകാര്യം ചെയ്യണം. ഇതിന് മാര്‍ഗനിര്‍ദേശം തയ്യാറാക്കണമെന്നും കോടതി നിരീക്ഷിച്ചു. പെല്ലറ്റ് പ്രയോഗത്തില്‍ 19 വയസുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി, പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ഇലക്ട്രിക് ബാറ്റണ്‍ ഉപയോഗിച്ചു, പോലീസ് നടപടി കാരണം ഒരു യുവതി ഐസിയുവില്‍ കഴിയുന്നു.
മാധ്യമ പ്രവര്‍ത്തകന് നേരെയും അതിക്രമമുണ്ടായി, യൂണിഫോമിലല്ലാത്ത പോലീസ് അതിക്രമം ഉണ്ടാക്കിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രകോപനമില്ലാതെ യുവതിയെ പോലീസ് അടിച്ചുവെന്നും പരാതികള്‍ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പോലീസ് യൂണിഫോമോ ബാഡ്ജോ ഇല്ലാത്തവര്‍ പ്രതിഷേധക്കാരെ ആക്രമിച്ചുവെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയെ അറിയിച്ചു.
സിജെപി പ്രതിഷേധത്തിലെ പോലീസ് നടപടികളില്‍ ഡല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, കേരളം, ഉത്തര്‍പ്രദേശ്, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയക്കും. പോലീസ് മര്‍ദനങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി നല്‍കണം. പ്രതിഷേധക്കാരെ വിട്ടയക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
അതേസമയം, സമാധാനപരമായ സമരത്തിലേക്ക് അക്രമികള്‍ കടന്നുകൂടി 250ഓളം പോലീസുകാരെ പരുക്കേല്‍പ്പിച്ചതായി സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ആക്രമണം നടത്തിയത് വിദ്യാര്‍ഥികളാണോ അതോ അക്രമികളാണോ എന്ന് വ്യക്തമാകാനും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും നീതിയുക്തമായ ഒരു അന്വേഷണം അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
Content Highlights:
The Supreme Court stated an independent probe is necessary into police violence during NEET paper leak protests in Delhi. The court ordered the immediate release of minors with no criminal background. It indicated a retired judge-led SIT may be formed to investigate the July 20 incidents.




