Career Education
ഉയർന്ന ജോലിയും പഠനവുമാണോ ലക്ഷ്യം: ഗേറ്റിനെ അറിയാം
ഇന്ത്യയിലെമ്പാടുമുള്ള ബിരുദാനന്തര എൻജിനീയറിംഗ് പ്രവേശന പ്രക്രിയയിൽ നിർണായകമായ പങ്ക് വഹിക്കുന്ന ഈ ദേശീയ പ്രവേശന പരീക്ഷയുടെ പ്രസക്തിയും ഇപ്പോൾ ഏറെ വർധിക്കുകയും ചെയ്തിരിക്കുന്നു.
ഗേറ്റ് ഒരു പ്രവേശന പരീക്ഷ മാത്രമല്ല. നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ അവരുടെ ജോലികളിലേക്കുള്ള നിയമനത്തിനായി ഗേറ്റ് സ്‌കോർ ഇപ്പോൾ പ്രാധാന്യത്തോടെ പരിഗണിക്കുന്നുണ്ട്. അതോടെ ഇന്ത്യയിലെമ്പാടുമുള്ള ബിരുദാനന്തര എൻജിനീയറിംഗ് പ്രവേശന പ്രക്രിയയിൽ നിർണായകമായ പങ്ക് വഹിക്കുന്ന ഈ ദേശീയ പ്രവേശന പരീക്ഷയുടെ പ്രസക്തിയും ഇപ്പോൾ ഏറെ വർധിക്കുകയും ചെയ്തിരിക്കുന്നു.
പ്രവേശനം ഏതൊക്കെ സ്ഥാപനങ്ങളിൽ
രാജ്യത്തെ ശ്രേഷ്ഠ ശാസ്ത്ര സാങ്കേതിക ഉപരിപഠന കേന്ദ്രങ്ങളായ 23 ഐ ഐ ടി കൾ, 31 എൻ ഐ ടികൾ, 26 ഐ ഐ ഐ ടികൾ എന്നിവിടങ്ങളിലെ എൻജിനീയറിംഗ് പി ജി പ്രവേശനം ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിംഗ്) സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്. അതോടൊപ്പം നിരവധി മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ജാമിയ്യ മില്ലിയ ഇസ്‌ലാമിയ ഡൽഹി, ഒസ്മാനിയ യൂനിവേഴ്‌സിറ്റി ഹൈദരാബാദ്, അണ്ണാ യൂനിവേഴ്‌സിറ്റി, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബിറ്റ്‌സ് പിലാനി തുടങ്ങിയവയും അവരുടെ വിദ്യാർഥി പ്രവേശനത്തിന് ഗേറ്റ് സ്‌കോറിനെ ആശ്രയിക്കുന്നു. ചില വിദേശ സർവകലാശാലകളും ഇതേ വഴി തുടരുന്നുണ്ട്.
അപേക്ഷ, യോഗ്യത
ടെക്‌നോളജി, എൻജിനീയറിംഗ്, ആർക്കിടെക്ചർ, സയൻസ്, ഹ്യുമാനിറ്റീസ് തുടങ്ങിയ മേഖലകളിലെ ബിരുദധാരികൾക്ക് ഈ പരീക്ഷക്ക് അപേക്ഷിക്കാം. അവസാന വർഷക്കാർക്കും അവസരമുണ്ട്. പരീക്ഷ എഴുതുന്നതിലെ അവസരങ്ങൾക്ക് പരിധിയില്ല. പ്രായം ബാധകമല്ല എന്ന പ്രത്യേകതയും ഉണ്ട്. ഒരു പരീക്ഷയിൽ ലഭിക്കുന്ന ഗേറ്റ് സ്‌കോറിന് മൂന്ന് വർഷത്തെ സാധുതയുണ്ട്.
വിഷയങ്ങൾ ഏതൊക്കെ
മുപ്പത് വിഷയങ്ങളിലാണ് ഇപ്പോൾ പരീക്ഷ നടക്കുന്നത്. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്/ ലൈഫ് സയൻസസ് /സിവിൽ എൻജിനീയറിംഗ്/ മെക്കാനിക്കൽ എൻജിനീയറിംഗ്/ കെമിക്കൽ എൻജിനീയറിംഗ്/ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി/ഇലക്ടിക്കൽ എൻജിനീയറിംഗ്/ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്/മൈനിംഗ് എൻജിനീയറിംഗ്/മെറ്റലർജിക്കൽ എൻജിനീയറിംഗ്/എയ്‌റോസ്‌പേസ് എൻജിനീയറിംഗ്/ പെട്രോളിയം എൻജിനീയറിംഗ്/ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ്/ അഗ്രികൾച്ചറൽ എൻജിനീയറിംഗ്/ബയോ മെഡിക്കൽ എൻജിനീയറിംഗ്/ബയോ ടെക്‌നോളജി/ ഫിസിക്‌സ്/ കെമിസ്ട്രി/ മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻജിനീയറിംഗ്/ ഇക്കോളജി ആൻഡ് ഇവലൂഷൻ/ജിയോ മാറ്റിക്‌സ് എൻജിനീയറിംഗ്/ജിയോളജി ആൻഡ് ജിയോ ഫിസിക്‌സ്/ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ്/നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനീയറിംഗ്്/ പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിംഗ്/എൻജിനീയറിംഗ് സയൻസസ്/റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ എന്നിവയാണ് വിഷയങ്ങൾ. ഇതിൽ അവസാന വിഷയം ഈ വർഷം പുതിയതായി ഉൾപ്പെടുത്തിയതാണ്.
പരീക്ഷാ ഘടന
പരീക്ഷ കമ്പ്യൂട്ടറധിഷ്ഠിത രീതിയിൽ മൂന്ന് മണിക്കൂറാണ് നടക്കുക. 100 മാർക്ക്. ജനറൽ ആപ്റ്റിറ്റ്യൂഡ്, അപേക്ഷകൻ തിരഞ്ഞെടുത്ത വിഷയത്തിൽ ന്യൂമറിക്കൽ ആൻസർ ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട് എന്നീ വിഭാഗങ്ങളിലായി ചോദ്യങ്ങൾ ഉണ്ടാകും. മൾട്ടിപ്പിൾ ചോയ്സ് വിഭാഗത്തിൽ തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്ക് ഉണ്ട്.
ഇത്തവണത്തെ പരീക്ഷ
ഇത്തവണത്തെ പരീക്ഷ 2027 ഫെബ്രുവരി ആറ്, ഏഴ്, 13, 14, 20, 21 തീയതികളിലാണ് നടക്കുക. അപേക്ഷകൾ ആഗസ്ത് 14 മുതൽ നൽകാം. സെപ്തംബർ 21 വരെ അപേക്ഷ നൽകാൻ അവസരമുണ്ട്. അപേക്ഷാ ഫീസ് 2,000 രൂപ. പെൺകുട്ടികൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 1,000 രൂപ.
പരീക്ഷാ കേന്ദ്രങ്ങൾ
വിവിധ മേഖലകളായി തിരിച്ചാണ് പരീക്ഷാ സെന്റർ ക്രമീകരിച്ചിട്ടുള്ളത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ബെംഗളൂരു സോണിൽ സംസ്ഥാനത്ത് കാസർകോട്, പയ്യന്നൂർ, കണ്ണൂർ, വടകര, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, അങ്കമാലി, പത്തനംതിട്ട എന്നിവിടങ്ങളിലും ഐ ഐ ടി മദ്രാസ് മേഖലയിൽ ആലുവ, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി, കോതമംഗലം, മൂവാറ്റുപുഴ, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിദ്യാർഥിക്ക് ഒരു മേഖലയിൽ ആറ് കേന്ദ്രങ്ങൾ മുൻഗണന പ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്.
മറ്റ് വിവരങ്ങൾ
ഒരു വിദ്യാർഥിക്ക് ഒരു വർഷം രണ്ട് പരീക്ഷ എഴുതാൻ അവസരമുണ്ട്. ഇങ്ങനെ എഴുതുന്നവർ ഇതിനുള്ള കോമ്പിനേഷനുകളിൽ നിന്ന് വിഷയങ്ങൾ തിരഞ്ഞെടുക്കണം. ഇത് സംബന്ധിച്ച വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഈ വർഷത്തെ പരീക്ഷാ നടത്തിപ്പ് ചുമതല ഐ ഐ ടി മദ്രാസിനാണ്. വിവരങ്ങൾക്ക് www.gate2027.iitm.ac.in.
ജോലിയിലേക്കുള്ള
പ്രവേശന കവാടം
നിരവധി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ അവരുടെ ടെക്‌നിക്കൽ/എക്‌സിക്യൂട്ടീവ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകരുടെ ഗേറ്റ് സ്‌കോർ പരിഗണിച്ച് നിയമനം നൽകുന്നുണ്ട്.
എഴുത്ത് പരീക്ഷ പോലും ഒഴിവാക്കി കൊണ്ടാണ് ഇത്തരം സ്ഥാപനങ്ങൾ ഗേറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത് എന്നതും ഇവിടെ ശ്രദ്ധേയമാണ്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ, ബി എസ് എൻ എൽ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, കോൾ ഇന്ത്യ ലിമിറ്റഡ്, നെയ്‌വേലി ലിഗ് നെറ്റ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇലക്ട്രോണിക്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ദാമോദർ വാലി കോർപറേഷൻ, എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ്, ന്യൂക്ലിയർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, നാഷനൽ അലൂമിനിയം കമ്പനി ലിമിറ്റഡ്, പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ, നാഷനൽ മിനറൽ ഡെവലപ്‌മെന്റ് കോർപറേഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉദ്യോഗാർഥികളെ ഗേറ്റ് സ്‌കോർ പരിഗണിച്ച് ഉയർന്ന ജോലികളിൽ നിയമിക്കുന്നുണ്ട്. ഇവർക്കുള്ള തുടർ പ്രമോഷൻ സാധ്യതകളും വലുതാണ്.
Content Highlights:
IIT Madras announced the GATE 2027 exam schedule, with applications opening on August 14. GATE scores enable PG admissions at prestigious IITs, NITs, and foreign universities, while also serving as a gateway to high-paying jobs in public sector undertakings without additional written exams.




