Kerala
ഒരു ദോഷവുമില്ലാത്ത മനുഷ്യരുണ്ടോ?; പിണറായിയേയും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശിക്കാറുണ്ടെന്ന് ഇ പി ജയരാജന്‍
പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്തിനാ പോടിക്കുന്നതെന്നായിരുന്നു ഇ പി ജയരാജന്റെ മറുപടി
തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശിക്കാറുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. എന്നാല്‍ അക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാറില്ലെന്നും പറയാനുള്ളത് പാര്‍ട്ടില്‍ പറയുമെന്നും ജയരാജന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ട പശ്ചാത്തലത്തിലാണ് മാധ്യമങ്ങളോട് ജയരാജന്റെ പ്രതികരണം. പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കുന്നതില്‍ പാര്‍ട്ടി സംവിധാനം പരാജയപ്പെട്ടതുള്‍പ്പടെ തോല്‍വിക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ടിലുണ്ട്
പിണറായിയെ വിമര്‍ശിക്കുന്നതിന് പാര്‍ട്ടിയിലുള്ളവര്‍ക്ക് ഭയമുണ്ടോയെന്ന ചോദ്യത്തിന്, പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്തിനാ പോടിക്കുന്നതെന്നായിരുന്നു ഇ പി ജയരാജന്റെ മറുപടി. എന്തെല്ലാം വിമര്‍ശിക്കാറുണ്ട്. അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറയാറില്ല. അത് സംഘടനാ കാര്യങ്ങളാണ്. പറയേണ്ട കാര്യം പാര്‍ട്ടിയില്‍ പറയും. പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ട്. സ്വയം വിമര്‍ശനം ഉണ്ട്. തെറ്റുതിരുത്തുല്‍ ഉണ്ട്. സ്വയം തിരുത്തല്‍ ഉണ്ട്. ഇതെല്ലം തിരുത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ഇപി ജയരാജന്‍ പറഞ്ഞു
മനുഷ്യരുടെ പാര്‍ട്ടിയല്ലേ. ഒരു ദോഷവുമില്ലാത്ത മനുഷ്യരുണ്ടോ?. മനുഷ്യര്‍ക്ക് അവരുടെതായ ദോഷങ്ങളും ഗുണങ്ങളുമുണ്ട്. ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി അംഗീകരിച്ച റിപ്പോര്‍ട്ടാണ് കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ചത്. അപ്രതീക്ഷിതമായ പരാജയമാണ് തിരഞ്ഞെടുപ്പിലുണ്ടായതെന്നും വീഴ്ച കണ്ടെത്തി തിരുത്തുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു
Content Highlights: EP Jayarajan clarified that CPM leaders criticize Pinarayi Vijayan within internal party forums. He addressed the CPM Central Committee report on the election defeat. He emphasized that the party identifies weaknesses and corrects them.


