Kerala
കോട്ടയത്ത് കുഞ്ഞുങ്ങളെ വില്‍ക്കുന്ന മാഫിയ സംഘം; അസം സ്വദേശിനിയുടെ പരാതിയില്‍ രണ്ടുപേര്‍ പിടിയില്‍
തമിഴ്‌നാട് സ്വദേശിയായ രാജാ, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്
കോട്ടയം| ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഗര്‍ഭിണികളെ എത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ വില്‍ക്കുന്ന മാഫിയ സംഘം കോട്ടയത്ത് പിടിയില്‍. ഗര്‍ഭിണിയായ അസം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട പോലീസ് രണ്ടു പേരെ പിടികൂടി. തമിഴ്‌നാട് സ്വദേശിയായ രാജാ, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പ്രസവത്തിന് സഹായങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഗര്‍ഭഛിദ്രം നടത്താന്‍ തയ്യാറാകാത്തതിനാലാണ് പരാതിക്കാരിയായ യുവതിക്ക് അസമിലെ ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നത്. രണ്ടാമതും ഗര്‍ഭിണിയായ യുവതിയോട് ഭര്‍തൃവീട്ടുകാര്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വീടുവിട്ടിറങ്ങിയ യുവതിയുമായി സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സംഘം പരിചയപ്പെട്ടത്. ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ എന്ന വ്യാജേനയാണ് യുവതിയെ സംഘം സമീപിച്ചത്. സംരക്ഷണം നല്‍കാമെന്ന വാഗ്ദാനം നല്‍കി യുവതിയെ സംഘം കോട്ടയത്തെ തീക്കോയിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
തീക്കോയിയിലെ ആളൊഴിഞ്ഞ ഒരു വീട്ടിലാണ് പ്രതികള്‍ യുവതിയെ താമസിപ്പിച്ചിരുന്നത്. പ്രസവം കഴിഞ്ഞാല്‍ കുഞ്ഞിനെ തങ്ങള്‍ക്ക് കൈമാറണമെന്ന് ഇവര്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കുഞ്ഞിനെ നല്‍കാന്‍ കഴിയില്ലെന്ന് യുവതി പറഞ്ഞതോടെ പ്രതികള്‍ മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഈ വീട്ടില്‍ തന്നെ മറ്റ് രണ്ട് ഗര്‍ഭിണികള്‍ കൂടി ഉണ്ടായിരുന്നതായി യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികളുടെ ഭീഷണിയും മര്‍ദനവും സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് യുവതി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട പോലീസാണ് പ്രതികളായ രാജയെയും അര്‍ജുനെയും കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Content Highlights:
Police in Kottayam busted a child trafficking racket exploiting pregnant women. Two suspects were arrested following a complaint by an pregnant Assam woman. The victims were lured with shelter promises to sell their newborns.



