Kerala
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു
ഇന്ന് രാവിലെ ജോലിക്ക് പോകാൻ തിടുക്കത്തിൽ ഷൂ ധരിക്കുന്നതിനിടെയാണ് സംഭവം.
കോഴിക്കോട് | ഷൂ ധരിക്കുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശിയായ അനഖ എന്ന യുവതിക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ ജോലിക്ക് പോകാൻ തിടുക്കത്തിൽ ഷൂ ധരിക്കുന്നതിനിടെയാണ് സംഭവം. ഷൂവിനുള്ളിൽ പാമ്പ് ഉള്ള കാര്യം അറിയാതെ ധരിച്ച യുവതി, പാമ്പ് കടിച്ച ഉടൻ തന്നെ ഷൂ ഊരി മാറ്റുകയായിരുന്നു.
സംഭവത്തിന് പിന്നാലെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. പ്രാഥമിക ചികിത്സകൾ നൽകിയ യുവതിക്ക് നിലവിൽ ആന്റി വെനം നൽകേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
സംഭവസ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഷൂവിനുള്ളിൽ ഉണ്ടായിരുന്നത് മൂർഖൻ പാമ്പാണെന്ന് വ്യക്തമായിട്ടുണ്ട്.







