Connect with us

From the print

ജർമനിക്ക് ജയിക്കണം; കസറാൻ കുറസാവോ

മുൻ ലോകകപ്പുകളിലെ നിരാശകൾ മറികടന്ന് മികച്ചൊരു തുടക്കം ലക്ഷ്യമിട്ടാണ് ജർമനി ഇറങ്ങുന്നതെങ്കിൽ, വലിയൊരു അട്ടിമറിയാണ് കുറസാവോ സ്വപ്നം കാണുന്നത്.

Published

|

Last Updated

ഹൂസ്റ്റൺ | മുൻ ചാമ്പ്യന്മാരായ ജർമനി 2026 ലോകകപ്പ് ഫുട്‌ബോളിൽ ഇന്ന് അരങ്ങേറ്റം കുറിക്കും. കരീബിയൻ ദ്വീപ് രാഷ്ട്രമായ കുറസാവോയാണ് എതിരാളി. രാത്രി 10.30നാണ് കിക്കോഫ്. മുൻ ലോകകപ്പുകളിലെ നിരാശകൾ മറികടന്ന് മികച്ചൊരു തുടക്കം ലക്ഷ്യമിട്ടാണ് ജർമനി ഇറങ്ങുന്നതെങ്കിൽ, വലിയൊരു അട്ടിമറിയാണ് കുറസാവോ സ്വപ്നം കാണുന്നത്.
2018, 2022 ലോകകപ്പുകളിൽ ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു. എന്നാൽ നിലവിൽ പരിശീലകൻ യൂലിയൻ നാഗൽസ്മാന്റെ കീഴിൽ ടീം മികച്ച ഫോമിലാണ്. നാല് തവണ ലോകകിരീടം ചൂടിയിട്ടുള്ള ജർമനിക്ക് അവസാനം കളിച്ച ഒന്പത് മത്സരങ്ങളിലും ജയിക്കാൻ കഴിഞ്ഞു.

ജർമനിക്കെതിരെ ലോകകപ്പിലെ തങ്ങളുടെ അരങ്ങേറ്റ മത്സരം കളിക്കുമ്പോൾ കുറസാവോയെന്ന കൊച്ചു രാജ്യത്തിന് സമ്മർദങ്ങളൊന്നുമില്ല. കഴിഞ്ഞ നവംബറിൽ നടന്ന യോഗ്യതാ റൗണ്ടിൽ തങ്ങളുടെ ഗ്രൂപ്പിൽ ഒന്നാമതെത്തിയാണ് ടീം ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്. വെറും ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കുറസാവോ, ഭൂവിസ്തൃതിയിലും ജനസംഖ്യയിലും ലോകകപ്പ് ഫൈനൽ റൗണ്ട് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ്.

ഫിഫ റാങ്കിംഗിൽ 82ാം സ്ഥാനത്തുള്ള കുറസാവോയെ പരിശീലിപ്പിക്കുന്നത് 78കാരനായ ഡിക്ക് അഡ്വക്കറ്റാണ്. മേയിൽ നടന്ന സൗഹൃദ മത്സരത്തിൽ ടീം സ്കോട്ട്്ലാൻഡിനോട് 4-1ന് തോറ്റെങ്കിലും തൊട്ടടുത്ത മത്സരത്തിൽ അരൂബയെ 4-0ന് പരാജയപ്പെടുത്തിയിരുന്നു.
മറ്റ് മത്സരങ്ങളിൽ രാവിലെ 9.30ന് ആസ്ത്രേലിയ തുർക്കിയയെയും രാത്രി രാത്രി 1.30ന് നെതർലാൻഡ്സ് ജപ്പാനെയും നേരിടും. നാളെ പുലർച്ചെ 4.30ന് ഐവറി കോസ്റ്റ് ഇക്വഡോറുമായി ഏറ്റുമുട്ടും.

Latest