Kerala
നാളെ സി പി എം ജില്ലാ കമ്മിറ്റി ചേരും; എ പത്മകുമാറിനെതിരേയുള്ള നടപടി ലഘൂകരിച്ച് മുഖംരക്ഷിക്കാന്‍ സി പി എം ശ്രമം
ആത്മകഥ തയാറാകുന്നുവെന്നും അതില്‍ നേതാക്കള്‍ക്കെതിരേ പരാമര്‍ശമുണ്ടാകുമെന്ന സൂചന കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു
പത്തനംതിട്ട | മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരേയുള്ള നടപടി ലഘൂകരിച്ച് മുഖംരക്ഷിക്കാന്‍ സി പി എം ശ്രമം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റാരോപിതനായി റിമാന്‍ഡില്‍ കഴിഞ്ഞ എ പത്മകുമാറിനെതിരേയുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ നാളെ സി പി എം ജില്ലാ കമ്മിറ്റി ചേരാനിരിക്കേ പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായം തുടരുന്നു.
നടപടി ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. പാര്‍ട്ടി അംഗത്വം പുതുക്കാതെ പത്മകുമാറിനെ സ്വാഭാവികമായി പുറത്തു കളയാനായിരുന്നു നേതൃത്വം ആലോചിച്ചിരുന്നത്. എന്നാല്‍ സി പി എം നേതൃത്വം പത്മകുമാറിനെതിരേ നടപടിയെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പു പരാജയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതിയിലും പത്മകുമാര്‍ വിഷയം കടന്നുവന്നിരുന്നു. പരാജയ കാരണങ്ങളിലൊന്ന് പത്മകുമാറിനെതിരേ നടപടി എടുക്കാതിരുന്നതാണെന്നതായിരുന്നു വിലയിരുത്തല്‍.
കേസില്‍ കുടുങ്ങുമ്പോള്‍ പത്മകുമാര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. പത്മകുമാറിനെതിരേ കടുത്ത നടപടിയെടുത്താല്‍ അത് അദ്ദേഹത്തെ ചൊടിപ്പിക്കുമെന്ന ആശങ്ക ചില നേതാക്കള്‍ക്കുണ്ട്. അദ്ദേഹത്തിന്റേതായി ആത്മകഥ തയാറാകുന്നുവെന്നും അതില്‍ നേതാക്കള്‍ക്കെതിരേ പരാമര്‍ശമുണ്ടാകുമെന്ന സൂചന കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. പാര്‍ട്ടി അംഗത്വം താന്‍ പുതുക്കിയിട്ടില്ലെന്നും പത്മകുമാര്‍ ചില മാധ്യമങ്ങളോടു പ്രതികരിക്കുകയും ചെയ്തു.
ദൈവതുല്യനായി കരുതുന്നയാള്‍ എന്ന പേരില്‍ കേസിന്റെ സമയത്ത് അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ സി പി എമ്മിലെ ചില ഉന്നതരെ ലക്ഷ്യംവച്ചുള്ളതായിരുന്നുവെന്ന് പറയുന്നു. ഇക്കാര്യങ്ങളടക്കം പത്മകുമാര്‍ വെളിപ്പെടുത്തുമെന്ന ആശങ്ക ഒരുവിഭാഗം നേതാക്കള്‍ക്കുണ്ട്്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കോന്നി മുന്‍ എം എല്‍ എയുമായ പത്മകുമാര്‍ നവംബര്‍ 20നാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായത്. കട്ടിളപ്പാളിക്കേസിലായിരുന്നു അറസ്റ്റ്. ഡിസംബര്‍ രണ്ടിന് ദ്വാരപാലക പാളി കേസിലും അറസ്റ്റ് രേഖപ്പെടുത്തി.
ശബരിമലയില്‍ നിന്നും സ്വര്‍ണം കവരുന്നതിന് ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തുവെന്നും കൂട്ടുനിന്നതിലൂടെ കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. നിലവില്‍ ജാമ്യത്തിലാണ് പത്മകുമാര്‍. മൂന്നര മാസത്തോളം ജയിലില്‍ കഴിഞ്ഞശേഷമാണ് പത്മകുമാര്‍ ജാമ്യത്തിലിറങ്ങിയത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പത്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മാത്രമായിരുന്നു നിര്‍ദേശം. കേസില്‍ അന്തിമ വിധി വന്നിട്ടാകാം നടപടി എന്നുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇതിനിടെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന്റെ കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടറി പത്മകുമാറിനു കത്തു നല്‍കിയിരുന്നു. കേസില്‍ താന്‍ ബലിയാടായെന്നും പാര്‍ട്ടി അച്ചടക്ക നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. തൃപ്തികരമായ വിശദീകരണം നല്‍കാത്ത സാഹചര്യത്തില്‍ പത്മകുമാറിനെതിരെ നടപടി വേണമെന്ന ആവശ്യത്തിലായിരുന്നു ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷവും. എന്നാല്‍ പത്മകുമാറിനെ ചൊടിപ്പിക്കേണ്ടെന്ന നിലപാടിനാണ് അന്നും ഭൂരിപക്ഷം ലഭിച്ചത്. ഇത്തവണയും നടപടി സസ്‌പെന്‍ഷന്‍ മാത്രമായി ചുരുക്കാനും സമ്മര്‍ദമുണ്ട്.







