UAE
സിംഗപ്പൂര്‍ മാസ്റ്റേഴ്സ് അത്ലറ്റിക്സ്: പത്ത് മെഡലുകളുടെ തിളക്കത്തില്‍ രാംകുമാര്‍ നാഗരത്തിനം
ഷോട്ട് പുട്ട്, ഹൈ ജമ്പ്, ട്രിപ്പിള്‍ ജമ്പ്, പോള്‍ വോള്‍ട്ട്, ഹാമര്‍ ത്രോ, 800 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളിലാണ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയത്
ദുബൈ | സിംഗപ്പൂരില്‍ നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പത്ത് മെഡലുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ താരം രാംകുമാര്‍ നാഗരത്തിനം രാജ്യത്തിന് അഭിമാനമായി. എമിറേറ്റ്സ് ഗ്ലോബല്‍ അലുമിനിയം പ്രൊജക്ട് കണ്‍ട്രോള്‍ തലവനും തമിഴ്നാട് സ്വദേശിയുമായ രാംകുമാറാണ് അന്താരാഷ്ട്ര കായികവേദിയില്‍ ഉജ്ജ്വല വിജയം കൈവരിച്ചത്.
ഈ മാസം ആറ്, ഏഴ് തീയതികളില്‍ സിംഗപ്പൂരിലെ കല്ലാങ് പ്രാക്ടീസ് ട്രാക്കില്‍ വെച്ച് നടന്ന സിംഗപ്പൂര്‍ മാസ്റ്റേഴ്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അസോസിയേഷന്‍ അന്താരാഷ്ട്ര മാസ്റ്റേഴ്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിലാണ് ഈ അപൂര്‍വ നേട്ടം. ആറ് സ്വര്‍ണ്ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും അടക്കമാണ് പത്ത് മെഡലുകള്‍ ഇദ്ദേഹം സ്വന്തമാക്കിയത്.
ഷോട്ട് പുട്ട്, ഹൈ ജമ്പ്, ട്രിപ്പിള്‍ ജമ്പ്, പോള്‍ വോള്‍ട്ട്, ഹാമര്‍ ത്രോ, 800 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളിലാണ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയത്. ഡിസ്‌കസ് ത്രോ, ലോങ്ങ് ജമ്പ് എന്നിവയില്‍ വെള്ളിയും 1500 മീറ്റര്‍ ഓട്ടം, ജാവലിന്‍ ത്രോ എന്നിവയില്‍ വെങ്കല മെഡലുകളും സ്വന്തമാക്കി ട്രാക്കിലും ഫീല്‍ഡിലും ഒരുപോലെ രാംകുമാര്‍ മേധാവിത്വം പുലര്‍ത്തി.
ഉത്തരവാദിത്തമേറിയ കോര്‍പ്പറേറ്റ് ഉദ്യോഗത്തിനിടയിലും കായികക്ഷമത നിലനിര്‍ത്താനും അന്താരാഷ്ട്ര തലത്തില്‍ ഒരേസമയം ഒന്നിലധികം ഇനങ്ങളില്‍ മികവ് തെളിയിക്കാനും സാധിച്ച ഇദ്ദേഹത്തിന്റെ കഠിനാധ്വാനം യുവതലമുറയ്ക്കും കായികപ്രേമികള്‍ക്കും വലിയൊരു പ്രചോദനമാണ്. യു.എ.ഇയിലെയും നാട്ടിലെയും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രാംകുമാറിനെ അഭിനന്ദിച്ചു.







