Connect with us

From the print

ഒന്നേ ഒന്ന്

കാനഡ- ബോസ്‌നിയ ആൻഡ് ഹെർസഗോവിന മത്സരം സമനില (1-1)

Published

|

Last Updated

ടൊറന്റോ | ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിലെ ആദ്യ പോയിന്റ് സ്വന്തമാക്കി കാനഡ. ഗ്രൂപ്പ് ബി ആദ്യ മത്സരത്തിൽ ബോസ്‌നിയ ആൻഡ് ഹെർസഗോവിനക്കെതിരായ സമനിലയാണ് സഹ ആതിഥേയരായ കാനഡക്ക് പോയിന്റ്നേടിക്കൊടുത്തത്. ഇരു ടീമുകളും ഓരോ ഗോൾവീതം നേടി പിരിയുകയായിരുന്നു. പകരക്കാരനായി ഇറങ്ങിയ സ്ട്രൈക്കർ സൈൽ ലാറിൻ നേടിയ ഗോളാണ് കാനഡക്ക് രക്ഷയായത്.

പരുക്കിൽ നിന്ന് മുക്തനാകാത്തതിനാൽ ക്യാപ്റ്റൻ അൽഫോൻസോ ഡേവിസ് ഇല്ലാതെയാണ് കാനഡ ഇറങ്ങിയത്. 21ാം മിനുട്ടിൽ കോർണറിൽ നിന്നുള്ള പന്ത് ഹെഡ്ഡ് ചെയ്ത് വലയിലെത്തിച്ച് ജോവോ ലൂക്കിച് ബോസ്‌നിയയെ മുന്നിലെത്തിച്ചു. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ശക്തമായി തിരിച്ചുവന്ന കാനഡക്ക് 53ാം മിനുട്ടിൽ റിച്ചി ലര്യേയിലൂടെ സമനില കണ്ടെത്താൻ സുവർണാവസരം ലഭിച്ചു. എന്നാൽ ബോസ്‌നിയൻ പ്രതിരോധതാരം സീദ് കൊളാസിനാക് ആ ഷോട്ട് ക്രോസ്സ്ബാറിലേക്ക് തട്ടിമാറ്റി രക്ഷപ്പെടുത്തി. മറുഭാഗത്ത്, എർമെദിൻ ഡെമിറോവിചിന്റെ മുന്നേറ്റം കനേഡിയൻ ഗോൾകീപ്പർ മാക്‌സിം ക്രെപ്പോ സമർഥമായി തടഞ്ഞു.
കാനഡ നിരന്തരം ആക്രമിച്ചു കളിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ തിരിച്ചടിയായി. ബോസ്‌നിയൻ പ്രതിരോധനിര കാനഡയുടെ ക്രോസ്സുകളെല്ലാം കൃത്യമായി തടഞ്ഞു. ഇതോടെ ബോസ്‌നിയ വിജയം സ്വപ്‌നം കണ്ടു തുടങ്ങി. എന്നാൽ, 76ാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ലാറിനിലൂടെ കാനഡ സമനില പിടിച്ചു. മൈതാനത്തെത്തി വെറും രണ്ട് മിനുട്ടിനുള്ളിൽ, പ്രോമിസ് ഡേവിഡിൽ നിന്ന് പന്ത് സ്വീകരിച്ച് ലാറിൻ തൊടുത്ത ഷോട്ട് ഡിഫൻഡറുടെ ശരീരത്തിൽ തട്ടി ബോസ്‌നിയൻ വലയിലെത്തി. സ്‌കോർ:1-1. സമനില നേടിയതോടെ കാനഡ ആക്രമണം കടുപ്പിച്ചു. ബോസ്‌നിയ കടുത്ത പ്രതിരോധവും തീർത്തു. ഇൻജുറി ടൈമിലെ അവസാന മിനുട്ടിൽ കാനഡക്ക് വിജയമുറപ്പിക്കാൻ ഒരു അവസരം കൂടി ലഭിച്ചു. ലര്യേ നൽകിയ പാസ്സിൽ നിന്ന് ലാറിൻ ബോക്‌സിനു നടുവിൽ വെച്ച് ഷോട്ടുതിർത്തെങ്കിലും ബോസ്‌നിയൻ പ്രതിരോധ താരം താരിക് മുഹാരെമോവിച് തടഞ്ഞു. ഇതോടെ ഇരുടീമുകളും പോയിന്റ്പങ്കിട്ട് പിരിഞ്ഞു.
കാനഡയുടെ മൂന്നാം ലോകകപ്പാണിത്. 1986ലെ മെക്‌സിക്കോ ലോകകപ്പിലും 2022 ഖത്വർ ലോകകപ്പിലുമായി കളിച്ച ആറ് മത്സരങ്ങളിലും ടീം പരാജയപ്പെടുകയായിരുന്നു.

Latest