Connect with us

International

യെസ് യു എസ്

യു എസിന് വിജയത്തുടക്കം പരാഗ്വെയെ തോൽപ്പിച്ചത് 4-1ന്

Published

|

Last Updated

കാലിഫോർണിയ | മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷം സ്വന്തം മണ്ണിൽ നടന്ന ആദ്യ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ തകർപ്പൻ ജയം നേടി യു എസ്. പരാഗ്വയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് യു എസ് വിജയക്കൊടി പാറിച്ചത്. ഇതിനുമുമ്പ് ഒരു ലോകകപ്പ് മത്സരത്തിലും ടീം മൂന്നിൽ കൂടുതൽ ഗോളുകൾ നേടിയിട്ടില്ല. ഇരട്ട ഗോളുകൾ നേടിയ മൊണാക്കോ സ്ട്രൈക്കർ ഫൊളാരിൻ ബാലഗൺ ആണ് വിജയത്തിനു ചുക്കാൻ പിടിച്ചത്. 1930ൽ നടന്ന ആദ്യ ലോകകപ്പിനു ശേഷം ഒരു ലോകകപ്പിൽ യു എസ് താരത്തിന്റെ ആദ്യ ഇരട്ട ഗോളാണിത്. ജിയോവാനി റെയ്നയും ആതിഥേയർക്കായി ഗോൾ നേടി. ഡാമിയൻ ബോബാദില്ലയുടെ (ഏഴ്) സെൽഫ് ഗോളും യു എസിന്റെ തുണക്കെത്തി. 73ാം മിനുട്ടിൽ മൗറീഷ്യോ പരാഗ്വെയുടെ ആശ്വാസ ഗോൾ നേടി.

ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ കാണികളെ യു എസ് താരങ്ങൾ ആവേശം കൊള്ളിച്ചു. കളിയുടെ തുടക്കത്തിൽ തന്നെ ലഭിച്ച സെൽഫ് ഗോൾ യു എസിന്റെ കരുത്തുകൂട്ടി. പരാഗ്വേയുടെ ബോക്സിനുള്ളിൽ അമേരിക്കൻ താരങ്ങൾ ചെലുത്തിയ സമ്മർദമാണ് ഗോളിൽ കലാശിച്ചത്. ഏഴാം മിനുട്ടിൽ മിഡ്ഫീൽഡർ വെസ്റ്റൺ മക്കെന്നി നൽകിയ പാസ്സ് ബൊബാദില്ലയുടെ ദേഹത്ത് തട്ടി സെൽഫ് ഗോളാകുകയായിരുന്നു. ആത്മവിശ്വാസത്തോടെയുള്ള യു എസിന്റെ നിരന്തരമായ ആക്രമണത്തിൽ ഒന്നാം പകുതിയിൽ ഭൂരിഭാഗം സമയവും പരാഗ്വേ പ്രതിരോധത്തിലായി. പിന്നീട് കളം നിറഞ്ഞ ബാലഗൺ 31ാം മിനുട്ടിൽ ലീഡുയർത്തി. ക്രിസ്റ്റ്യൻ പുലിസിച് നൽകിയ ക്രോസ്സിൽ നിന്നായിരുന്നു ഗോൾ. ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ (45+1) താരം രണ്ടാം ഗോൾ നേടി ടീമിനെ 3-1ന് മുന്നിലെത്തിച്ചു. രണ്ട് പ്രതിരോധ നിരക്കാരെ വെട്ടിച്ച് ബാലഗൺ തൊടുത്ത ഷോട്ട് പരാഗ്വേ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന് യാതൊരു അവസരവും നൽകാതെ ഗോൾവലയുടെ മുകളിൽ വിശ്രമിച്ചു.

രണ്ടാം പകുതിയിൽ യു എസിന്റെ കളി അയഞ്ഞു. പരുക്കിന്റെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് പുലിസിചിന് പകരം മിഡ്ഫീൽഡർ സെബാസ്റ്റ്യൻ ബെർഹാൽറ്റർ കളത്തിലിറങ്ങി. 73ാം മിനുട്ടിൽ മിഡ്ഫീൽഡർ മൗറീഷ്യോ പരാഗ്വേയുടെ ഏക ഗോൾ നേടി. ഇൻജുറി ടൈമിൽ (90+1) മിഡ്ഫീൽഡർ റെയ്‌ന നേടിയ ഗോളിൽ യു എസ് ലീഡ് 4-1 ആയി ഉയർത്തി.
ബാലഗണിന്റെ കന്നി ലോകകപ്പ് മത്സരമായിരുന്നു ഇത്. ന്യൂയോർക്കിൽ നൈജീരിയൻ ദമ്പതികൾക്ക് ജനിച്ച താരം വളർന്നത് ലണ്ടനിലാണ്. മൂന്ന് രാജ്യങ്ങളുടെയും ദേശീയ ടീമുകൾക്കു വേണ്ടി കളിക്കാൻ യോഗ്യതയുണ്ടായിരുന്നിട്ടും ബാലഗൺ 2023ൽ യു എസ് ടീമിനൊപ്പം ചേരാൻ തീരുമാനിക്കുകയായിരുന്നു.

2022ലെ ഖത്വർ ലോകകപ്പിൽ കളിച്ച നാല് മത്സരങ്ങളിൽ യു എസ് ആകെ മൂന്ന് ഗോളുകൾ മാത്രമാണ് നേടിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ യു എസിന്റെ മുന്നേറ്റനിര എത്രത്തോളം മെച്ചപ്പെട്ടു എന്നതിന്റെ തെളിവാണ് പരാഗ്വെക്കെതിരായ മത്സരം.

Latest