Connect with us

Articles

കേരളം ഇനിയും 'ചുട്ട്' പൊള്ളാതിരിക്കാന്‍

കേരളത്തിന്റെ കാലാവസ്ഥാ ഭൂപടം ആശങ്കാജനകമായ രീതിയില്‍ മാറിക്കൊണ്ടിരിക്കുന്നുവെന്ന ഗൗരവമേറിയ മുന്നറിയിപ്പാണ് സമീപകാലത്തെ കടുത്ത ചൂടും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യങ്ങളും. പസഫിക് സമുദ്രത്തിലെ താപനില വര്‍ധിപ്പിക്കുന്ന 'എല്‍ നിനോ' പ്രതിഭാസം ഇല്ലാതിരുന്നിട്ടും 2026ന്റെ തുടക്കത്തില്‍ കേരളത്തില്‍ അനുഭവപ്പെടുന്ന കടുത്ത ചൂട് ഗൗരവമായി കാണേണ്ടതുണ്ട്.

Published

|

Last Updated

സമൃദ്ധമായ മഴയും പച്ചപ്പും ഒരുകാലത്ത് കേരളത്തിന്റെ അടയാളമായിരുന്നു. എന്നാല്‍ ഇന്ന് ആ സവിശേഷതകള്‍ അതിവേഗം ഇല്ലാതാകുകയാണ്. കേരളത്തിന്റെ കാലാവസ്ഥാ ഭൂപടം ആശങ്കാജനകമായ രീതിയില്‍ മാറിക്കൊണ്ടിരിക്കുന്നുവെന്ന ഗൗരവമേറിയ മുന്നറിയിപ്പാണ് സമീപകാലത്തെ കടുത്ത ചൂടും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യങ്ങളും. ലോകം അതിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലാണ് ലോകം കണ്ട ഏറ്റവും ചൂടുകൂടിയ 11 വര്‍ഷങ്ങള്‍ കടന്നുപോയത്. 2024ല്‍ ആഗോളതലത്തില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയപ്പോള്‍, 2025 ചരിത്രത്തിലെ മൂന്നാമത്തെ കടുത്ത ചൂടുള്ള വര്‍ഷമായി മാറി. പസഫിക് സമുദ്രത്തിലെ താപനില വര്‍ധിപ്പിക്കുന്ന ‘എല്‍ നിനോ’ പ്രതിഭാസം ഇല്ലാതിരുന്നിട്ടും 2026ന്റെ തുടക്കത്തില്‍ കേരളത്തില്‍ അനുഭവപ്പെടുന്ന കടുത്ത ചൂട് ഗൗരവമായി കാണേണ്ടതുണ്ട്. പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് സ്ഥിരമായി ഉയരുന്നത് വെറുമൊരു വേനല്‍ക്കാല പ്രതിഭാസമല്ല, മറിച്ച് ചൂട് ഒരു വലിയ സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ്.

കേരളത്തിലെ ഈ അസാധാരണ താപനില വര്‍ധനവിന് പിന്നില്‍ ആഗോളവും പ്രാദേശികവുമായ കാരണങ്ങളുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ പുറന്തള്ളലും സമുദ്ര താപനവുമാണ് ആഗോള കാരണങ്ങളെങ്കില്‍, നമ്മുടെ ‘മൈക്രോ ക്ലൈമറ്റില്‍’ വരുത്തുന്ന മാറ്റങ്ങളാണ് പ്രാദേശികമായ കാരണങ്ങള്‍. വനപ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് തോട്ടങ്ങളാക്കി മാറ്റുന്നത് അന്തരീക്ഷത്തിലെ തണുപ്പിക്കല്‍ പ്രക്രിയയെ തടയുന്നു. മരങ്ങള്‍ നീരാവി പുറത്തുവിട്ട് അന്തരീക്ഷത്തെ തണുപ്പിക്കുന്ന പ്രക്രിയ മരങ്ങള്‍ ഇല്ലാതാകുന്നതോടെ നിലയ്ക്കുന്നു. ഇതോടെ ഭൂമി ചൂടിനെ വന്‍തോതില്‍ ആഗിരണം ചെയ്യുകയും അത് നേരിട്ട് അന്തരീക്ഷത്തിലേക്ക് പുറത്തുവിടുകയും ചെയ്യുന്നു. ഭൂമിശാസ്ത്രപരമായ ഘടകങ്ങളും ഈ പ്രതിസന്ധിയെ സങ്കീര്‍ണമാക്കുന്നുണ്ട്. പാലക്കാട് വഴി പ്രവേശിക്കുന്ന വരണ്ട ചൂടുകാറ്റ് മലബാര്‍ മേഖലയെ പൊള്ളിക്കുമ്പോള്‍, നഗരങ്ങളിലെ അശാസ്ത്രീയമായ കോണ്‍ക്രീറ്റ് നിര്‍മാണങ്ങള്‍ ഈ ചൂടിനെ പുറത്തുപോകാതെ തടഞ്ഞുനിര്‍ത്തുന്നു. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ്(സി എസ് ഇ) നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, കാടുകളും ജലാശയങ്ങളും കുറഞ്ഞ നഗരപ്രദേശങ്ങളില്‍ ‘അര്‍ബന്‍ ഹീറ്റ് ഐലന്‍ഡ്’ പ്രതിഭാസം മൂലം സമീപത്തെ ഗ്രാമപ്രദേശങ്ങളേക്കാള്‍ നാല് മുതല്‍ ആറ് ഡിഗ്രി വരെ അധിക ചൂട് അനുഭവപ്പെടാം എന്നാണ്.

ഇത് കേവലം അസ്വസ്ഥതയുടെ പ്രശ്നമല്ല, മറിച്ച് അതിജീവനത്തിന്റേതാണ്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ‘ഹീറ്റ് അറ്റ് വര്‍ക്ക്’ റിപോര്‍ട്ട് പ്രകാരം ലോകത്തെ തൊഴില്‍ ശക്തിയുടെ 70 ശതമാനത്തിലധികം പേരും ഇന്ന് അമിത ചൂടിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നു. ഇന്ത്യയില്‍ വെയിലത്ത് പണിയെടുക്കുന്ന 38 കോടിയോളം വരുന്ന അസംഘടിത തൊഴിലാളികളാണ് ഈ കാലാവസ്ഥാ ദുരന്തത്തിന്റെ പ്രധാന ഇരകള്‍. താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ നില്‍ക്കുമ്പോള്‍ കഠിനമായ ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടുന്നത് മനുഷ്യശരീരത്തിന് താങ്ങാനാകില്ല. വിയര്‍പ്പ് ബാഷ്പീകരിക്കപ്പെടാത്ത ഉയര്‍ന്ന ആര്‍ദ്രതയുള്ള അന്തരീക്ഷം ശരീരതാപനില അപകടകരമായി വര്‍ധിപ്പിക്കുകയും ഹീറ്റ് സ്ട്രോക്ക്, വൃക്കരോഗങ്ങള്‍ എന്നിവക്ക് കാരണമാകുകയും ചെയ്യുന്നു. ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ റിപോര്‍ട്ട് (2024) പ്രകാരം, ഇന്ത്യയില്‍ ചൂട് കാരണം നഷ്ടമായ തൊഴില്‍മണിക്കൂറുകള്‍ ഏതാണ്ട് 16 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടത്തിന് തുല്യമാണ്. ഇത് ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ 5.4 ശതമാനത്തോളം വരും. ഹരിതകര്‍മ സേനാംഗങ്ങളെപ്പോലെ വീടുകള്‍ തോറും നടന്ന് ജോലി ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഈ കണക്കുകള്‍ക്കും അപ്പുറമാണ്. കാര്‍ഷിക മേഖലയില്‍ ചൂട് വര്‍ധിക്കുന്നത് വിളനാശത്തിനും കാര്‍ഷിക ഉത്പാദനത്തില്‍ ഗണ്യമായ കുറവിനും കാരണമാകുന്നു. ഇത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നു.

മാറുന്ന ഈ സാഹചര്യത്തില്‍, കേരളത്തിന്റെ പൗരാണികമായ നിര്‍മാണ വിദ്യയെക്കുറിച്ച് നാം പുനര്‍ചിന്തനം നടത്തേണ്ടതുണ്ട്. കാറ്റും വെളിച്ചവും സുഖമമായി കടന്നുപോകുന്ന വീടുകള്‍ക്ക് പകരം, ചൂട് വലിച്ചെടുക്കുന്ന കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ വര്‍ധിച്ചിരിക്കുന്നു. എയര്‍ കണ്ടീഷനറുകളുടെ അമിത ഉപയോഗം വീടിനകത്തെ ചൂട് കുറയ്ക്കുന്നുണ്ടെങ്കിലും പുറത്തെ അന്തരീക്ഷത്തിലേക്ക് കൂടുതല്‍ താപം പുറന്തള്ളിക്കൊണ്ട് പ്രതിസന്ധിയെ രൂക്ഷമാക്കുന്നു. നഗരങ്ങളില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന് പകരം ഫുട്പാത്തുകള്‍ പോലും ഇന്റര്‍ലോക്ക് ടൈലുകള്‍ പാകി ഭൂമിയുടെ ശ്വസനം തടസ്സപ്പെടുത്തുകയാണ് നാം ചെയ്യുന്നത്. ജലാശയങ്ങള്‍ നികത്തി കെട്ടിടങ്ങള്‍ ഉയരുമ്പോള്‍ പ്രകൃതിദത്തമായ തണുപ്പിക്കല്‍ സംവിധാനങ്ങളാണ് നഷ്ടപ്പെടുന്നത്. ഈ വിപത്തിനെ പ്രതിരോധിക്കാന്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാവുന്നതാണ്. 2010ലെ രൂക്ഷമായ താപതരംഗത്തെത്തുടര്‍ന്ന്, 2013ല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു ‘ഹീറ്റ് ആക്്ഷന്‍ പ്ലാന്‍’ നടപ്പാക്കിയത് അഹമ്മദാബാദിലാണ്. കേരളത്തിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇത്തരം പ്രാദേശിക പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. നഗരങ്ങളില്‍ കോണ്‍ക്രീറ്റ് നിര്‍മാണങ്ങള്‍ക്ക് പകരം ‘കൂള്‍ റൂഫിംഗ്’ രീതികളും തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന ഹരിത ഇടങ്ങളും ഉറപ്പാക്കണം. കടുത്ത ചൂടുള്ള സമയങ്ങളില്‍ പുറംജോലികള്‍ ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത വിശ്രമം അനുവദിക്കുന്ന രീതിയില്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയും തൊഴിലാളികള്‍ക്ക് ശുദ്ധജലവും തണലുള്ള വിശ്രമകേന്ദ്രങ്ങളും ലഭ്യമാക്കുകയും വേണം. കാലാവസ്ഥാ വ്യതിയാനം മൂലം ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങാകാന്‍ ‘ഹീറ്റ് ഇന്‍ഷ്വറന്‍സ്’ പോലുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ നിന്ന് ആരംഭിക്കണം. വീടുകളുടെ മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ടെറസ് ഗാര്‍ഡനുകള്‍ ഉപയോഗപ്പെടുത്തി ചൂട് കുറയ്ക്കാനുള്ള ശ്രമങ്ങളുണ്ടാകേണ്ടതുണ്ട്. തോടുകളുടെയും കുളങ്ങളുടെയും പുനരുജ്ജീവനത്തിലൂടെ ജലലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശികമായി അന്തരീക്ഷ താപനില കുറയ്ക്കാനും സാധിക്കും. വായുസഞ്ചാരമുള്ള നിര്‍മാണ രീതികള്‍ അവലംബിച്ചും നമ്മള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ കേരളത്തിന്റെ ഭാവി അപകടത്തിലാകും. 2010ല്‍ ഗുജറാത്തിനുണ്ടായ തിരിച്ചറിവ് 2026ല്‍ കേരളത്തിന് പാഠമാകണം. ശാസ്ത്രീയമായ പ്രതിരോധമാണ് നമ്മുടെ മുന്നിലുള്ള വഴി. പരിസ്ഥിതിസൗഹൃദമായ ഒരു പുതിയ ജീവിതരീതിയിലേക്ക് നമ്മള്‍ മാറിയേ മതിയാകൂ. ഇല്ലെങ്കില്‍ കേരളത്തിന് വീണ്ടും ‘ചുട്ട്’ പൊള്ളും.